Monday, August 2, 2010

ഹിന്ദു “തീവ്രവാദികള്‍“

ഇത്രയും കാലത്തിനിടക്ക് ഹിന്ദുക്കളുടെ പല തീവ്രവാദ നടപടികള്‍ക്കും ഞാന്‍ നിന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ട്. അവയിലെ ചില അനുഭവങ്ങള്‍ ഇതാ..

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ മാതാശ്രീ, പിതാശ്രീയും ആയിട്ടുള്ള അസ്വാരസ്യങ്ങള്‍ മൂലം തറവാട്ടിലേക്ക് തിരിച്ച് വന്നത്. പിന്നെ ആ തറവാട് തന്നെ മാതാശ്രീക്ക്, മാതാശ്രീയുടെ മറ്റ് മൂന്ന് സഹോദരങ്ങള്‍ വിട്ട് കൊടുക്കുകയും ഞങ്ങള്‍ അവിടെ താമസം ആക്കുകയും ചെയ്തത്. അന്ന് മാതാശ്രീ ജോലി ചെയ്തിരുന്നത് കുറച്ച് അകലെയുള്ള സ്‌കൂളിലായിരുന്നു.അത് കൊണ്ട് വീട്ടില്‍ നിന്ന് നേരത്തെ പോകുകയും ഏകദേശം ഇരുട്ട് വീഴുമ്പോഴാകും മാതാശ്രീ തിരിച്ച് വീട്ടില്‍ എത്തുന്നതും. പെങ്ങള്‍ക്ക് അന്ന് സ്കൂളില്‍ ചേര്‍ക്കാനുള്ള പ്രായം ആയിട്ടില്ല. 3 വയസ് ആകുന്നതേയുള്ളു. ആ സമയത്ത് മാതാശ്രീക്ക് ധൈര്യമായിട്ട് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നത് തെക്കേതിലെ ചന്ദിരയമ്മ കാരണമായിരുന്നു. ചന്ദിരയമ്മയുടെ കൂടെയായിരുന്നു എന്റെ പെങ്ങള്‍ സ്‌കൂളില്‍ പോകുന്ന പ്രായം വരെ മാതാശ്രീ ജോലിക്ക് പോകുമ്പോള്‍ നിര്‍ത്തിയിരുന്നത്. അത് പോലെ, ഞാന്‍ സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ എന്നെയും കാത്ത് കവലയില്‍ വന്ന് നില്‍ക്കും. അന്ന് വീടിന്റെ ഭാഗത്തേക്ക് വഴിയൊന്നുമുണ്ടായിരുന്നില്ല. സ്‌കൂള്‍ ബസ് നിര്‍ത്തിയിരുന്നത് കവലയിലായിരുന്നു. ഞാന്‍ വരുന്നതും നോക്കി കവലയില്‍ അമ്മ കാത്ത് നില്‍ക്കും. എന്നെയും കൂട്ടി കൊണ്ട് പോയി എന്റെ കൈയ്യും മുഖവും ഒക്കെ കഴുകിച്ചതിന് ശേഷം ഭക്ഷണം തരും. മിക്കപ്പോഴും ചോറ് തന്നെയാകും. അന്ന് അവരുടെ വീട്ടില്‍ അതേ ഉണ്ടാകാറുള്ളു. ചോറും പിന്നെ അച്ചാറും പിന്നെ എന്തെങ്കിലും പച്ചക്കറിയും. അതിന്റെ രുചി ഇപ്പോഴും എന്റെ നാവിലുണ്ട്. ഇപ്പോഴും ഇങ്ങ് അകലെ ഇരിക്കുമ്പോഴും ആ അമ്മയുടെ കൈപ്പുണ്യം ഞാന്‍ അറിയാറുണ്ട്. പല ടിന്നുകളായി ആ അമ്മ കൊടുത്ത് വിടുന്ന അച്ചാറുകളും, ചമ്മന്തിപ്പൊടികളും ഒക്കെ ആയിട്ട്. ഞങ്ങള്‍ ആ അമ്മയുടെ പേരക്കിടാങ്ങളാണ്. അന്നും, ഇന്നും, എപ്പോഴും.

ഏകദേശം 12-13 വയസ് വരെ രണ്ട് മാസം കൂടുമ്പോഴെങ്കിലും എനിക്ക് എന്തെങ്കിലും അസുഖം വരുന്നത് പതിവായിരുന്നു. മിക്കപ്പോഴും അത് ഛര്‍ദ്ദിയുടെ രൂപത്തില്‍, അല്ലെങ്കില്‍ ആസ്‌തമയുടെ രൂപത്തില്‍. മിക്കപ്പോഴും നട്ടപാതിരാക്ക് ആയിരിക്കും ഇതൊക്കെ അങ്ങ് വലിഞ്ഞ് കേറി അറ്റം മുട്ടുന്നത്. എന്റെ മാതാശ്രീ പിന്നെ വടക്കേതിലെ അമ്മയുടെ അടുത്തേക്ക് ഒരു ഓട്ടമാണ് വിവരം പറയാന്‍. അപ്പോഴേക്കും ഭാനുഅമ്മയും മക്കളും ഓടിയെത്തും. ഭാനുഅമ്മയുടെ രണ്ട് മക്കളില്‍ ഏതെങ്കിലും ഒരാളാകും എന്നെ കോരിയെടുത്ത് ഓടുന്നത്. പിന്നെ ഹോസ്പിറ്റലില്‍ എന്റെ മാതാശ്രീക്ക് കൂട്ടായിട്ട്, എന്തിനും വന്ന് നിന്നിരുന്നത് ഭാനുവമ്മയും മക്കളുമായിരുന്നു. അപ്പോഴും എന്റെ പെങ്ങള്‍ ചന്ദിരയമ്മയുടെ അടുത്ത് സുരക്ഷിതമായിട്ട് ഉണ്ടാകും. ഇപ്പോഴും ഭാനുഅമ്മക്ക് ഞാന്‍ എല്ലാ വെള്ളിയാഴ്ചയും ഫോണ്‍ ചെയ്‌തോളണം. പുള്ളിക്കാരിയുടെ കണക്കില്‍ ഗള്‍ഫ്കാര്‍ വിളിക്കുന്നത് വെള്ളിയാഴ്ചയാണത്രേ. എല്ലാ ദിവസവും ഭാനുഅമ്മ രാവിലെ തന്നെ വീട്ടിലെത്തും.ദിവസവും മാതാശ്രീയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ചായ പുള്ളിക്കാരിക്ക് നിര്‍ബന്ധം.

കിഴക്കേലെ സുബ്രന്‍ അപ്പൂപ്പനും ഗൌരി അമ്മയും. വീട്ടിലെ ഒരു കാരണവരുടെ പോലെ മറ്റുള്ളവരുടെ മുന്നില്‍ നിന്ന് സംസാരിച്ചിരുന്നത് സുബ്രന്‍ അപ്പൂപ്പനായിരുന്നു. പറമ്പിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് അപ്പൂപ്പന്‍ ആയിരുന്നു. പറമ്പിലെ തെങ്ങ് കയറ്റത്തിന്റെ മേല്‍നോട്ടം, വളമീടിക്കല്‍, കിളക്കല്‍, പറമ്പില്‍ വെള്ളമടിക്കല്‍, വീട്ടിലേക്ക് വേണ്ടുന്ന സാധങ്ങള്‍ വാങ്ങി കൊണ്ട് വരുന്നത് എല്ലാം സുബ്രന്‍ അപ്പൂപ്പനായിരുന്നു. ഒന്നിനും പുള്ളിക്കാരന്‍ ഒരു കണക്ക് പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. ഒരിക്കല്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് “സ്വന്തം മക്കളുടെ കാര്യങ്ങള്‍ നോക്കുന്നതിന് ആരെങ്കിലും പൈസ് വാങ്ങിക്ക്വോ?” എന്നാല്‍ മാതാശ്രീ കൊടുക്കുന്ന പൈസക്ക് വളരെ കിറുകൃത്യമായി പുള്ളിക്കാരന്റെ കൈയ്യില്‍ കണക്കുണ്ടാകും. ഗൌരിയമ്മയും ഒട്ടും മോശമല്ല. മൂത്ത മകള്‍ എന്ന രീതിയിലാണ് സുബ്രന്‍ അപ്പൂപ്പനും ഗൌരി അമ്മയും മാതാശ്രീയോടുള്ള അടുപ്പം. ഞാന്‍ ഇങ്ങോട്ട് പോരുന്ന അന്ന സുബ്രന്‍ അപ്പൂപ്പന്‍ എന്നെ കെട്ടിപിടിച്ച് പറഞ്ഞ കാര്യം ഇപ്പോഴും ഓര്‍മ്മയുണ്ട്. “മോനെ ഇനി കാണാന്‍ പറ്റ്വോന്ന് അപ്പൂപ്പന് അറിയൂല്ല. എല്ലാ ഐശ്വര്യങ്ങളും എന്റെ കുട്ടിക്ക് ഇണ്ടാവും” അത് ശരിയായിരുന്നു. എന്റെ ആദ്യത്തെ വെക്കേഷന് ചെല്ലുമ്പോ അപ്പൂപ്പന്‍ ഉണ്ടായിരുന്നില്ല. അല്ലെങ്കിലും നല്ല മനുഷ്യരുടെ മരണം പെട്ടന്നായിരിക്കും. അപ്പൂപ്പന്റെയും അത് പോലെ തന്നെ ആയിരുന്നു. ആര്‍ക്കും ഒരു ബുദ്ധിമുട്ടും വരുത്താതെ പുള്ളിക്കാരന്‍ പോയി.

പെങ്ങളുടെ കല്യാണം കഴിഞ്ഞതിന് ശേഷം, മാതാശ്രീ നാട്ടില്‍ ഒറ്റക്ക്. പക്ഷേ എനിക്ക് നാട്ടില്‍ ഒറ്റക്ക് നിര്‍ത്തിപ്പോരാനുള്ള ധൈര്യമുണ്ടായത് ഈ മൂന്ന് അമ്മമാരും അവരുടെ മക്കളും ഉണ്ടല്ലോ എന്ന ഒറ്റ ധൈര്യത്തിലാണ്. ഞാന്‍ എപ്പോള്‍ വീട്ടില്‍ വിളിക്കുമ്പോഴും ഇവരില്‍ ആരെങ്കിലും അവിടെ കാണും. അതുറപ്പാണ്. എനിക്ക് മൂന്ന് വെല്യുമ്മമാരുണ്ട് എന്നെനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. അവര്‍ തീവ്രവാദികളാണ്. സ്‌നേഹവും സാഹോദര്യവും ഐക്യവും നിലനില്‍ക്കണമെന്ന് അവര്‍ തീവ്രമായി തന്നെ വാദിക്കുന്നു. ആ കൂട്ടത്തില്‍ ഞാനും.