Monday, July 5, 2010

സ്‌നേഹപൂര്‍വ്വം മന്‍‌മോഹന്‍ അണ്ണന്

ഡിയര്‍ മിസ്റ്റര്‍ മന്‍‌മോഹന്‍ സിംഗ്,

എന്നൊക്കെ വിളിച്ച് അണ്ണനെ അങ്ങ് അഡ്രസ് ചെയ്യണംന്ന് ഒക്കേണ്ട്.. പക്ഷേ എന്റെ നാവ് അങ്ങട് വഴങ്ങണില്ല. അണ്ണാ..നമ്മള് ഒരു സാധാരണക്കാരനാണ്..അണ്ണനും അങ്ങനെ തന്നെയായിരുന്നല്ലോ..അല്ലേ? അപ്പ ഇങ്ങനെയൊക്കെ മതി.. തല്‍ക്കാലം അങ്ങട് ക്ഷമിക്ക്. നമ്മക്ക് ഈ കത്തെഴുത്ത് പരിപാടി അത്രക്ക് വശമില്ല. ലാസ്റ്റ് കത്തെഴുതിയത് പത്താം ക്ലാസില്‍ പഠിക്കുമ്പളായിരുന്ന്. അതിന് ശേഷം പിന്നെ ഈ വക പരിപാടിക്ക് വേണ്ടി നുമ്മക്ക് സമയം കളയേണ്ട അവസരം വീട്ട്കാര് ഉണ്ടാക്കി തന്നിട്ടില്ല.പിന്നയൊക്കെ ഈമെയില്‍ അല്ലേ..അത് അണ്ണന്‍ തുറന്ന് നോക്കുവോ എന്ന് വല്യ ഒറപ്പൊന്നുമില്ല. അതോണ്ടാണ് ഇപ്പ ഇങ്ങനെയൊന്ന് കുത്തി കുറിക്കുന്നത്. ഇത്രേം പറയുമ്പ അണ്ണന് അതിന്റെ ഒരു ഇത് മനസിലായിക്കാണുമല്ലോ ല്ലേ..

അപ്പ പറഞ്ഞ് വന്നത് അണ്ണന്‍ ക്യാനഡന്നോ മറ്റോ നമ്മട ഒബാമ അണ്ണനെ കണ്ട് വരുന്ന വഴിക്ക് ഒരു ഡയലോഗ് അങ്ങട് കാച്ചീല്ലേ? ഈ പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധനവ് ഒരു കാരണവശാലും കുറക്കൂല്ലാന്ന്. അതും കഴിഞ്ഞ് ഇന്നലെ അണ്ണന്റെ ഗഡി പ്രണാബ് അണ്ണന്‍ ലത് ഉറപ്പിച്ച് പറയേം ചെയ്ത്. ലതിന്റെ ഗുട്ടന്‍സ് എനിക്ക് ഇപ്പഴും അങ്ങട് പിടികിട്ടീട്ടില്ലാ ട്ടാ.. അണ്ണന് അറിയാമല്ലോ. നുമ്മടെ വീട്ട്കാര് ഒക്കെ താമസിക്കണത് ലോ നമ്മടെ ഭാരതത്തിന്റെ ഒരു മൂലക്കുള്ള കേരളത്തിലാണെന്ന്.. അവ്ടെ നുമ്മളെ പോലെയുള്ള സാധാരണക്കാരന്റെ അടുപ്പ് പൊകയണമെങ്കില്‍ കണ്ട തമിഴന്റേയും കന്നടക്കാരന്റെയും തെലുങ്കന്റെയും ഒക്കെ കനിവ് വേണം അണ്ണാ.. അവരോട്ന്ന് ഒക്കെ വാങ്ങിച്ച് കൂട്ടണ അരി, പച്ചക്കറി, പാല്‍, പഴങ്ങള്‍, മാംസം എന്തിന് അടിയില്‍ ഇടുന്ന ജട്ടി വരെ ഇങ്ങ് കേരളത്തിലോട്ട് വരണമെങ്കില്‍ വെറ്തേ അവ്ടെന്ന് പറന്നൊന്നും വരൂല്ലാല്ലോ? ആകാശത്തുടെ ആയാലും കരയിലൂടെ ആയാലും ലത് ഇങ്ങോട്ട് കെട്ടിയെടുപ്പിക്കാന്‍ വാഹനം വേണം..ലതിന് ആ വാഹനത്തിന്റെ പള്ളയിലോട്ട് ഇപ്പ അണ്ണന്റെ സര്‍ക്കാറ് ഈയടുത്ത് വില കൂട്ടിയ ഡീസല്‍ എന്ന ഒരു സാധനം ഇടക്കിടെക്ക് നിറച്ച് കൊടുക്കണം. അപ്പ പറഞ്ഞ് വന്നത് ഡീസലിന്റെ വെല കൂടിയപ്പം പാണ്ടി ലോറി മൊയ്ലാളിമാര് ചാര്‍ജ്ജ് കൂട്ടി.. അപ്പ എന്ത് പറ്റി..മൊത്തം കച്ചോടക്കാരും സാധങ്ങള്‍ക്ക് അങ്ങട് വെലക്കൂട്ടി.. മൊത്തത്തീ പറഞ്ഞാല് കാര്യങ്ങളൊക്കെ കഷ്ട്ടമാണണ്ണാ..

അണ്ണനും പിന്നെ അണ്ണന്റെ കൂടെയുള്ള ഈ ഓയില്‍ മന്ത്രീം കൂടെ പറഞ്ഞ് പറഞ്ഞ് മനുഷ്യനെ വട്ടാക്കാന്‍ നോക്കണ കാര്യം, ക്രൂഡോയിലിന് വില കൂടി..പിടിച്ച് നിക്കാന്‍ പറ്റണില്ല. സബ്സിഡി ഒക്കെ കൊടുത്ത് സര്‍ക്കാര്‍ മുടിയും ന്ന് ഒക്കെ. അണ്ണാ.. ലതിന്റെ ഗുട്ടന്‍സ് എനിക്ക് അങ്ങട് ഇപ്പഴും കത്തണില്ല. അണ്ണാ ദാണ്ടെ താഴെ ക്രൂഡോയിലിന്റെ വെല നെലവാരം 2005 -2008 കൊല്ലങ്ങളിലെ വെലനിലവാരം എഴുതേണ്. ഒന്ന് നോക്ക് ട്ടാ..

ജൂണ്‍, 2005 - 60$/ബാരല്‍
ജൂലൈ,2006 - 77$/ബാരല്‍
ഡിസംബര്‍, 2006 - എകദേശം 63$/ബാരല്‍
സെപ്റ്റംബര്‍ 2007 - 80$/ബാരല്‍
ഒക്‍ടോബര്‍,2007 - 90$/ബാരല്‍
ജനുവരി 2, 2008 - 100$/ബാരല്‍
മാര്‍ച്ച് 12,2008 -110$/ബാരല്‍
മേയ് 9,2008 - 125$/ബാരല്‍
മേയ് 21,2008 - 130$/ബാരല്‍
ജൂണ്‍ 26,2008 - 140$/ബാരല്‍
ജൂലൈ 3,2008 -145$/ബാരല്‍
ജൂലൈ 11,2008 -147$/ബാരല്‍

ലോ മോളില് പറഞ്ഞത് 2005 മൊതലുള്ള ക്രൂഡോയിലിന്റെ വെല നിലവാരമാണ്..പക്ഷേ കണക്ക് അങ്ങട് ഒക്കണില്ലാല്ലോ അണ്ണാ.. ക്രൂഡോയിലിന്റെ വെല അനുസരിച്ച് അണ്ണന്‍ വിലക്കൂട്ടുംന്ന് പറഞ്ഞ്. ലോ 2007 ഒക്ടോബറില്‍ ബാരലിന് 90$ ഉണ്ടായിരുന്നപ്പം കേരളത്തില്‍ പെട്രോലിന് ലിറ്ററിന്‍ 48 ചില്ല്വാനം റുപ്യയും ഡീസലിന് 35 ചില്വാനം റുപ്യയും അല്ലേ അണ്ണാ ഉണ്ടായിരുന്നത്. ഇപ്പ ക്രൂഡോയിലിന് നുമ്മ ഈ കത്തെഴുതുമ്പം ഉള്ള വെല ബാരലിന് 72.64$. ഈ സമയത്ത് പെട്രോലിന്റെ വെല 54 ചില്വാനം റുപ്യയും ഡീസലിന്റെ വെല 41 ചില്വാനം റുപ്യയും. ഒരു ലോജിക്ക് ഇല്ലാല്ലോ അണ്ണാ. ആളുകളെ പറ്റിക്കുന്നതിന് ഒരു അതിരൊക്കെയില്ലേ?

ആ ക്രൂഡോയില്‍ വെല കത്തി നിക്കണ സമയത്ത് അണ്ണനും അണ്ണന്റെ മന്ത്രീം സബ്സിഡി കൊടുക്കണതിന്റെ അത്രേം വരുവോ അണ്ണാ ഇപ്പ കൊടുക്കേണ്ടി വരണത്? മനുഷ്യനെ വട്ടാക്കണതിലും ഒരു അതിരൊക്കെയില്ലേ അണ്ണാ? ആ പീക്ക് ടൈമില്‍ പോലും ഡീസലിനൊന്നും അണ്ണന്‍ ഇത്രേം വെല കൂട്ടിയില്ലല്ലോ.. ഓ ലത് മറന്നു.. അതിന്റെ പുറകെ ഇലക്ഷന്‍ വരുന്നുണ്ടായിരുന്നല്ലേ..അന്ന് അങ്ങിനെയങ്ങാനും ചെയ്തിരുന്നേ നാട്ട്കാര് പണി തരുംന്ന് ഓര്‍ത്തിട്ടല്ലേ അണ്ണന്‍ വളരെ സൈലന്റ് ആയി ഇരുന്നത്. ഇപ്പ അണ്ണന് “പണിയാന്‍“ ഇനീം ഇണ്ടല്ലാ ഇഷ്ട്ടം പോലെ സമയം. എനിക്കതല്ല അണ്ണാ സംശയം.. ഈ പെട്രോളിന്റെ വെലയിലുള്ള അണ്ണന്റെം അണ്ണന്റെ സര്‍ക്കാരിന്റെ അധികാരം എടുത്ത് മാറ്റി കൃത്യം ഒരാഴ്ച തെകച്ചില്ലാ..അതിന് മുമ്പേ ആ പാവപ്പെട്ട അംബാനി ചേട്ടന്റെ ഏതോ ഒരു പാടത്ത് എന്തോ എണ്ണശേഖരം കണ്ടെത്തീന്ന് പറയണത് ഒള്ളത് തന്നണ്ണാ? അതും ഇതായിട്ട് വല്ല ബന്ധോം ഉണ്ടോ അണ്ണാ?? നാട്ട്കാര് ഒരോന്നൊക്കെ പറഞ്ഞ് തുടങ്ങിയേ..അതോണ്ട് ചോദിക്കണതാ

അണ്ണാ.. ഇതിന്റെ കൂടെ എഴുതണംന്ന് വിചാരിച്ചതല്ല.. അണ്ണന്റെ വ്യോമയാന വകുപ്പ് ഞങ്ങള് പ്രവാസികള്‍ക്കിട്ട് ഡീസന്റായിട്ട് കുറച്ചൂസം മുമ്പ് ഒരു പാര വെച്ചു..അധികമൊന്നുമില്ല. ഇത്രേം കാലം ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന അണ്ണന്മാര്‍ കൊടുത്തിരുന്ന എന്തോ ഒരു സര്‍ച്ചാര്‍ജ്ജ് ഇനി എക്കോണമി ക്ലാസിലും യാത്ര ചെയ്തിരുന്നവരും കൊടുക്കണംന്ന്.. അത് ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് മാത്രമല്ല.. വിദേശ വിമാനകമ്പനികളും കൊടുക്കണമെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും? അണ്ണാ.. ഇത് എന്ത് ചതിയാണണ്ണാ? അണ്ണന് അറിയാമ്പാടില്ലേ ഞങ്ങ പ്രവാസികള് നാട്ടിലോട്ട് ഇഷ്ട്ടം പോലെ പൈസ അയക്കണത്? എകദേശം കേരളത്തിലെ ബജറ്റിന്റെ അത്രേം പൈസ വരും ഒരു കൊല്ലം അണ്ണന്‍ ആന്‍ഡ് പാര്‍ട്ടീസ് കളിയാക്കി വിളിക്കണ ബ്ലഡി മല്ലൂസ് നാട്ടിലോട്ട് വിടുന്നത്. അണ്ണാ..നമ്മടെ കാര്യമൊക്കെ വിട്. നമ്മക്ക് ഈ പൈസയൊക്കെ അഡ്ജസ്റ്റ് ചെയ്ത് വിടാം. പക്ഷേ ഇവ്ടെ 800 റിയാലിനും 1200 റിയാലിനും ഇടക്ക് ജോലി ചെയ്യുന്ന കുറേ ബ്ലഡി മല്ലൂസ് ഇവ്ടെണ്ട്. നാട്ടിലെത്തുന്ന പൈസയുടെ മുക്കാല്‍ പങ്ക് എങ്കിലും ഈ ബ്ലഡി മല്ലൂസും കൂടാതെ കുറേ കൂതറ ബിഹാറികളും മറ്റും അയക്കണ പൈസയാണണ്ണാ.. അവര്‍ സ്വന്തം കുടുംബത്തെ കാണാന്‍ രണ്ടും മൂന്നും കൊല്ലം എടുത്ത് വരുവാന്‍ വേണ്ടി സ്വരുകൂട്ടി വെക്കുന്ന പൈസയില്‍ തന്നെ കൈയ്യിട്ട് വാരണോ അണ്ണാ? അല്ലേലും കൈയ്യിട്ട് വാരുന്ന സ്വഭാവം അണ്ണന്റെ കൂട്ടത്തില്‍ കുറേയെണ്ണത്തിനുണ്ടല്ലോ..അല്ലേ..ഇവരെയൊക്കെ നേരെയാക്കാനൊരു വഴീണ്ട്.

ഇതാണ് ഈ കൂട്ടര്‍ക്കുള്ള മരുന്ന്. നാട്ടീന്ന് വരുന്ന എയര്‍‌ഇന്ത്യാ എക്സ്പ്രസ് (ലതില്‍ തന്നെ വരണം അണ്ണാ‌) വിമാനത്തില്‍ കേറ്റി ഇങ്ങോട്ട് ഈ സമയത്ത് (ഈ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍) കൊണ്ട് വന്നിട്ട് ഒരു കവറോളും ഇടീപ്പിച്ച് നേരെ ഇവ്ടെ വല്ല കണ്‍‌സ്ട്രക്ഷന്‍ സൈറ്റില്‍ വിടണം. എന്നിട്ട് വൈകീട്ട് ലേബര്‍ ബസുകളില്‍ ഏസിയിടാതെ എല്ലാത്തിനേം കേറ്റി തിരിച്ച് ലേബര്‍ ക്യാമ്പില്‍ കൊണ്ട് വിടണം. അണ്ണന്‍ ഇവിടുത്തെ ചില ലേബര്‍ ക്യാമ്പുകള്‍ കണ്ടിട്ടുണ്ടാ? നാട്ടിലെ ജയിലൊക്കെ എത്ര ഭേദമാ. എന്നിട്ട് അവസാനം, ഒരു രണ്ട് മാസം കഴിഞ്ഞ് തിരിച്ച് ഇതേ ചൂടത്ത് തന്നെ എയര്‍ഇന്ത്യാ എക്സ്‌പ്രസില്‍ തന്നെ ഒരു എട്ട് പത്ത് മണിക്കൂര്‍ ഫ്ലൈറ്റ് വൈകിപ്പിച്ച്, വിമാനത്തില്‍ ഏസിയിടാതെ അതില്‍ തന്നെ ഇരുത്തണം..എന്നിട്ടേ നാട്ടിലേക്ക് വിടാവൂ.. അതോടെ എല്ലാം പഠിച്ചോളും. വേണേല്‍ അണ്ണനും ഇതൊന്നു പരീക്ഷിക്കാം ട്ടാ.

അപ്പോ മോളില്‍ പറഞ്ഞ ആദ്യത്തെ കാര്യത്തിന് അണ്ണന്റെ ഒരു മറുപടി പ്രതീക്ഷിക്കുന്നു.. പ്രതീക്ഷ മാത്രേയുള്ളു. കൈയ്യും കെട്ടി വെച്ച് അണ്ണന്‍ മിണ്ടാതെ നടക്കൊള്ളൂന്ന് അറിയാം. എന്നാലും..വെറ്തേ..

അപ്പോ ഞാന്‍ നിര്‍ത്തേണ്‍..

സസ്നേഹം,
മെലോഡീ.

3 comments:

മെലോഡിയസ് said...

മന്‍‌മോഹന്‍ അണ്ണാ..പ്ലീസ് ഒരു മറുപടി വേണം :)

Anonymous said...

ആ ക്രൂഡോയില്‍ വെല കത്തി നിക്കണ സമയത്ത് അണ്ണനും അണ്ണന്റെ മന്ത്രീം സബ്സിഡി കൊടുക്കണതിന്റെ അത്രേം വരുവോ അണ്ണാ ഇപ്പ കൊടുക്കേണ്ടി വരണത്?

സത്യം! (കലക്കി ഗഡി)

ശങ്കുദാദ said...

Well done my boy Well done!!