Wednesday, December 23, 2009

കാട്ടിലെ തടി തേവരുടെ ആന


എയര്‍ ഇന്ത്യയെ പറ്റി ഇനി അധികമൊന്നും എഴുതണ്ടെന്ന് കരുതി ഇരിക്കുമ്പോളാണ് ദാ പിന്നേം ഒരു ന്യൂസ് വന്നേക്കുന്നത്. ഇനി മുതല്‍ മന്ത്രിമാര്‍ക്ക് അവരുടെ ബന്ധുക്കളെയും പിന്നെ കൂടെയുള്ളവരെയും സൌജന്യമായിട്ട് വിമാനയാത്ര ചെയ്യാം. ഇത് രാജ്യസഭയില്‍ വെച്ച് പാസാക്കിയെടുക്കാന്‍ നേരത്ത് ഒരുത്തനും ഒരക്ഷരം മിണ്ടിയില്ല. ബെസ്റ്റ്..ഈ കാര്യത്തിലെങ്കിലും ബൂര്‍ഷ്വാസി, വര്‍ഗീയ, ആന്റി ബൂര്‍ഷ്വാസി എന്നിങ്ങനെ പാര്‍ട്ടി വേര്‍തിരിവില്ലാതെ എല്ലാരും കൂടെ അങ്ങ് പാസാക്കിയെടുത്തു. കൊള്ളാം. എന്തായാലും ഈ കാര്യത്തിലെങ്കിലും ഒരു ഒത്തൊരുമ കാണിച്ചല്ലോ.

ജനങ്ങളുടെ കാശെടുത്ത് ഇങ്ങനെ എറിഞ്ഞ് കളയാന്‍ നമ്മുടെ നാട്ടില്‍ മാത്രമേ പറ്റൂ. ഇതില്‍ ഏറ്റവും നഷ്ട്ടം വരുന്നത് എയര്‍ ഇന്ത്യക്ക് തന്നെ. അതില്‍ ഒരു സംശയം ഇല്ല. എയര്‍ ഇന്ത്യ സര്‍വീസ് നടത്താത്ത സ്‌ഥലങ്ങളിലേക്ക് മറ്റുള്ള എയര്‍ലൈനുകളില്‍ യാത്ര ചെയ്യാം എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. ഇവന്മാര്‍കൊക്കെ യാത്ര ചെയ്യാന്‍ ബിസിനസ് ക്ലാസ് തന്നെ വേണം താനും.

എയര്‍ ഇന്ത്യയുടെ നഷ്ട്ടം കഴിഞ്ഞ കൊല്ലത്തേക്കാളും ഇരട്ടിയിലധികമായി. ഏതാണ്ട് 5000 കോടിയിലേറെ രൂപയാണ് ഈ കൊല്ലത്തെ നഷ്ട്ടം. കുറച്ച് കാലം മുമ്പ് NDTV യില്‍ വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം മിക്ക രാഷ്‌‌ട്രീയക്കാരും ഇത് ശരിക്കും മുതലെടുക്കുന്നു എന്നാണ്. എല്ലാവര്‍ക്കും സുഖ സുന്ദരമായി ഫസ്റ്റ് ക്ലാസില്‍ തന്നെ യാത്ര ചെയ്യണം. എന്നാലതിന് പൈസ കൊടുക്കാനും പറ്റില്ല. ഈ വകയില്‍ തന്നെ ഗവണ്മെന്റിനും എയര്‍ ഇന്ത്യക്കും ഒരു കൊല്ലം നഷ്ട്ടം വരുന്നത് കോടികളാണ്. ഈ കഴിഞ്ഞ സെ‌പ്റ്റം‌മ്പര്‍, ഒക്‍ടോബര്‍ മാസം മാത്രം അഞ്ഞൂറിലേറെ ഫ്രീ അപ്‌ഗ്രേഡുകള്‍ നടന്നിട്ടുണ്ടെന്ന് കണക്കുകള്‍ കാണിച്ച് NDTV റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് ഒരു ദിവസം ഏകദേശം പത്തിനടുത്ത് അപ്‌ഗ്രേഡുകള്‍ .

ചില ഉദാഹരങ്ങളും അവര്‍ നല്‍കുന്നുണ്ട്.

1) ബി ജെപി നേതാവ് രാജിവ് പ്രസാദ് റൂഡി ഒന്നു ന്യുയോര്‍ക്കില്‍ പോകാന്‍ എടുത്തത് എകോണമി ക്ലാസ് ടിക്കറ്റ്. പക്ഷേ പറന്നത് ഫസ്റ്റ് ക്ലാസില്‍ - എയര്‍ ഇന്ത്യക്ക് നഷ്ട്ടം - രണ്ടര ലക്ഷം രൂപ.

2) കേന്ദ്രമന്ത്രി കബില്‍ സിബല്‍ ഭാര്യയും ഒത്ത് ഫ്രാങ്ക്‍ഫര്‍ട്ടിലും പിന്നെ ന്യുയോര്‍ക്കിലും പോകാന്‍ ടിക്കറ്റ് എടുത്തത് ബിസിനസ് ക്ലാസില്‍. പക്ഷേ പറന്നത് ഫസ്റ്റ് ക്ലാസില്‍. - എയര്‍ ഇന്ത്യക്ക് നഷ്ട്ടം അഞ്ച് ലക്ഷം രൂപ.

3) മറ്റൊരു താപ്പാനയായ സുരേഷ് കല്‍മാഡി ലണ്ടന്‍ വരെ പോകാന്‍ എയര്‍ ഇന്ത്യക്ക് നഷ്ട്ടം വരുത്തി വെച്ചത് ഒരു ലക്ഷം രൂപ.

4) അഭിഷേക് മനു സാങ്ക്‍‌വി ഇത് പോലെ ഒന്നു യൂറോപ്പ് കറങ്ങി ന്യുയോര്‍ക്കില്‍ പോയി തിരിച്ച് വരാന്‍ എടുത്തത് എകോണമി ടിക്കറ്റ്. പക്ഷേ പറന്നത് മൊത്തം ഫസ്റ്റ് ക്ലാസ്. നഷ്ട്ടം ഏകദേശം നാല് -അഞ്ച് ലക്ഷം രൂപ.

5) ശശി തരൂര്‍ ന്യുയോര്‍ക്കിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തത് ബിസിനസ് ക്ലാസില്‍. പക്ഷേ പറന്നത് ഫസ്റ്റ് ക്ലാസില്‍. അണ പൈ അങ്ങേര്‍ അതിന് വേണ്ടി ചിലവാക്കിയിട്ടില്ല.

നാഷണല്‍ സെക്യൂരിറ്റി അ‌ഡ്‌വൈസര്‍ M.K. നാരായണന്‍, മണി ശങ്കര്‍ അയ്യര്‍, ടെലകോം മന്ത്രി എം.കെ രാജ തുടങ്ങിയ പല പ്രമുഖരും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോകാന്‍ ടിക്കറ്റ് എടുത്തത് എകോണമി ക്ലാസില്‍ അല്ലെങ്കില്‍ ബിസിനസ് ക്ലാസിലാണ്. പക്ഷേ എല്ലാവരും യാത്ര ചെയ്തത് ഫസ്റ്റ് ക്ലാസിലും.

ഇത്രയും പറഞ്ഞത് ഇത് ഈ നിയമം വരുന്നതിന് മുമ്പ്. ഇനി മുതല്‍ എന്താകുമോ എന്തോ? സാധാരണ പ്രവാസികളുടെ കാര്യത്തില്‍ ഇവന്മാര്‍ ഒരു കോപ്പും ചെയ്യാതെ അനങ്ങാ പാറ നയം തുടരും. ഇവന്മാര്‍ക്കൊക്കെ ചെയ്യുന്ന ഈ ഔദാര്യത്തിന്റെ പകുതി മതിയാകും എയര്‍ ഇന്ത്യ ഒന്നു മെച്ചപ്പെടാന്‍.

അപ്പൊ അടുത്ത കൊല്ലം കുറച്ച് കൂടെ നഷ്ട്ടത്തിലായിട്ട് കാണാം. കാട്ടിലെ തടി..തേവരുടെ ആന.. വലിയെടാ വലി..

ഇതിനെ പറ്റി Airliners India forum ല്‍ നടന്ന ഒരു ചര്‍ച്ച ദാ ഇവിടെയുണ്ട്.

Sunday, December 20, 2009

ലൌ ജിഹാദ്

ഞാന്‍ അവനില്‍ കണ്ടിരുന്നത്
എന്നെ തന്നെയായിരുന്നു...
അവന്റെ നോട്ടത്തില്‍ ഞാന്‍ കണ്ടത്
കാമാര്‍ത്തിയല്ല, മറിച്ച്
എന്നെ വലയം ചെയ്യുന്ന രക്ഷയായിരുന്നു..
അവനില്‍ നിന്നും കേട്ടത്
മന്ത്രങ്ങളായിരുന്നു. പക്ഷേ,
അത് സ്‌നേഹത്തിന്റെ തലോടലായിരുന്നു.
അവന്റെ താളുകളില്‍ ഞാന്‍ വായിച്ചത്
പ്രലോഭനങ്ങളല്ലായിരുന്നു, മറിച്ച്
ഒരു നല്ല നാളെയെ പറ്റിയുള്ള ആശകളും
സ്വപ്നങ്ങളുമായിരുന്നു.
അവന്റെ ജീവിതത്തിലേക്ക് എന്നെ ക്ഷണിച്ചത്
ജീവിതം വെറുമൊരു ഡേറ്റിങ്ങ് എന്ന് പറഞ്ഞല്ല
മറിച്ച്, എന്ത് തന്നെ ആയാലും എല്ലാം ഒന്നിച്ച്
എന്ന് പറഞ്ഞായിരുന്നു.
പക്ഷേ, വീട്ടുകാരും നാട്ടുകാരും
ഞങ്ങളില്‍ കണ്ടതും, കേട്ടതും
വായിച്ചതും പറഞ്ഞതും
ഒരേ ഒരു വാക്ക്..
“ലൌ ജിഹാദ്”

Thursday, December 3, 2009

ഐ.ഐ.ടി ഖത്തറിലും???

ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ IIT ഖത്തറില്‍ ഒരു ക്യാമ്പസ് തുറക്കാന്‍ ഒരുങ്ങുന്നു. ഖത്തര്‍ ഫൌണ്ടേഷനിലെ എജ്യുക്കേഷന്‍ സിറ്റിയില്‍ ആകും പുതിയ ക്യാമ്പസ് തുറക്കുക. വാര്‍ത്ത ദാണ്ടേ ഇവിടെ.

കാള പെറ്റൂന്ന് കേട്ടപ്പോള്‍ കയറ് എടുത്തു എന്ന് തോന്നണ്ട.. എനിക്ക് തോന്നിയ ചില സംശയങ്ങള്‍ മാത്രം. അപ്പോ എങ്ങിനാ ഇതിന്റെ പരിപാടികളൊക്കെ? IIT-ഇല്‍ ഒക്കെ അഡ്മിഷന്‍ കിട്ടാനൊക്കെ എന്‍‌ട്രന്‍സ് ഒക്കെ വേണ്ടേ?അതോ ഖത്തരികള്‍ക്ക് വേണ്ടി മാത്രമാണോ? ദേശീയ തലത്തിലെ പ്രവേശന പരീക്ഷ ഇതിനും ബാധകമാകുമോ??അതിനെ പറ്റി ഒന്നും പറഞ്ഞ് കണ്ടില്ല. ഇനി പൈസ ഉള്ളവന്‍ ഇവിടെ വന്ന് വേണേല്‍ പഠിച്ചോട്ടേ..അങ്ങിനെ പത്ത് കാശ് കിട്ടണേല്‍ ആയിക്കോട്ടെ എന്നാണോ??

എന്ത് തന്നെ ആയാലും നല്ലോരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ എടപാട് തീര്‍ക്കാന്‍ നോക്കരുത്. കഷ്ട്ടപ്പെട്ട് പഠിച്ച് ഒരു നിലയിലെത്താന്‍ നോക്കുന്ന പിള്ളാരുടെ നേരെ കൊഞ്ഞനം കുത്തലാകും അത്.

Wednesday, September 2, 2009

മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (Museum of Islamic Art)

കുറച്ച് കാലമായി എന്തെങ്കിലും ഒക്കെ പോസ്റ്റണമെന്ന് കരുതുന്നു. പക്ഷേ നമ്മടെ നിത്യ സഹചാരിയായ “മടി” കൂടെ ഉള്ളത് കൊണ്ട് ഒന്നും അങ്ങട് പോസ്റ്റാറില്ല. എന്താലും നീണ്ട ഒരു ഇടവേളക്ക് ശേഷം ഒരു കുഞ്ഞി പോസ്റ്റ്.

ഇന്ന് ഇവിടെ, ദോഹയിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് കാണാന്‍ പോയി. സമയകുറവ് കാരണം അധികം ഒന്നും കാണാന്‍ പറ്റിയില്ല. വിശദമായിട്ട് ഇനി ഒരിക്കല്‍ കൂടി അവിടെ ഒന്ന് പോകണം. എന്തായാലും പോയതല്ലേ. കുറച്ച് പടങ്ങള്‍ കൂടി എടുത്തു. അത് ദാണ്ടേ താഴെയുണ്ട് .

ഇതാണ് പറഞ്ഞ സംഭവം. ഇവിടെ കോര്‍ണിഷില്‍ ഒക്കെ പോയി ഇരിക്കുമ്പോ ഈ ഇത്തിരി കുഞ്ഞന്‍ സാധനത്തില്‍ എന്താ ഇത്ര വല്യ കാര്യം എന്നൊക്കെ കരുതിയിരുന്നു. പക്ഷേ ഈ മൊതലിന്റെ അടുത്ത് ചെന്നപ്പോഴാ അതിന്റെ വലുപ്പം മനസിലായത്.

ഇനി ഇതിന്റെ അകത്ത് കേറി ഞാന്‍ ക്ലിക്കിയ കുറച്ച് പോട്ടങ്ങള്‍ ... നോക്ക്...


ഇത് ഈജിപ്തില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച കുപ്പി.


ഇത് ഇന്ത്യയില്‍ പതിനേഴാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന പൊടിപ്പെട്ടി. ആനകൊമ്പ് കൊണ്ട് ഉണ്ടാക്കിയ സാധനം.


ഇത് പതിനാലാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച/ഉപയോഗിച്ചിരുന്ന കൂജ. തനി പിച്ചള കൊണ്ട് ഉണ്ടാക്കിയത്.


എട്ടാം നൂറ്റാണ്ടില്‍ ഇറാഖില്‍ (മെസപൊട്ടോമിയ‌‌) ഉപയോഗിച്ചിരുന്ന ഭരണി.


ഇത് ഈജിപ്തില്‍ പതിനാലാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന കൂറ്റന്‍ പിച്ചള പാത്രം. പടത്തില്‍ കാണുന്ന പോലെയൊന്നും അല്ലാ ട്ടോ.. ഒടുക്കത്തെ വലുപ്പമാ.


സിറിയയില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന ഭരണി.


ഇത് പതിനഞ്ചാം നൂറ്റാണ്ടില്‍ കിഴക്കന്‍ തുര്‍ക്കിയിലും പടിഞ്ഞാറേ ഇറാനിലും യുദ്ധഭൂമിയില്‍ ഉപയോഗിച്ചിരുന്ന മുഖച്ചട്ട.


ഇത് പതിനാറാം നൂറ്റാണ്ടില്‍ ഇറാനില്‍ ഉപയോഗിച്ചിരുന്ന വിളക്ക് കാല് ( മെഴുകുതിരി കാല്??). പിച്ചള കൊണ്ടാണ് സാധനം ഉണ്ടാക്കിയിരിക്കുന്നത്.
ഇവനാണ് അവിടുത്തെ വില പിടിച്ച താരങ്ങളില്‍ ഒന്ന്. സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച പ്രാപ്പിടിയന്‍. ഏതാണ്ട് പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത്. മാറ്റ് കൂട്ടാന്‍ വജ്രം ഉള്‍പ്പടെ ഒട്ട് മിക്ക രത്നങ്ങളും.


ഇത് പതിമൂന്നാം നൂറ്റാണ്ടി ഈജിപ്തിലെ പള്ളികളില്‍ ഉപയോഗിച്ചിരുന്ന വിളക്ക്.ഇത് വിശുദ്ധ ഖുര്‍‌ആനിലെ ഒരു പേജ്. ഇറാഖില്‍ വെച്ച് AD 1307 - 08 കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണിത്.


ഇത് ഒന്‍പതാം നൂറ്റാണ്ടില്‍ വടക്കേ ആഫ്രിക്കന്‍ മേഖലയില്‍ ഉപയോഗിച്ചിരുന്ന വിശുദ്ധ ഖുര്‍‌ആനിലെ ഒരു ഏട്.ഇത് അറബിയിലേക്ക് വിവര്‍ത്തനം നടത്തിയ രാമായണം. പതിനാറാം നൂറ്റാണ്ടിലാണ് വിവര്‍ത്തനം നടത്തപ്പെട്ടത് എന്ന് അനുമാനിക്കുന്നു.


ഇത് പതിനാറാം നൂറ്റാണ്ടിലോ - പതിനേഴാം നൂറ്റാണ്ടിലോ ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന കളിമണ്‍ ചുമര്‍.ഇറാനില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന വിശുദ്ധ ഖുര്‍‌ആന്‍.


ഇത് അടുത്ത മൊതല്.. പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന കത്തിയും ഉറയും. സ്റ്റീല്‍, സ്വര്‍ണ്ണം, വജ്രം, വൈഡ്യുര്യം ഇങ്ങിനെ കൂറേ സാധങ്ങള്‍ ഇവന്റെ മേലേയുണ്ട്.ഇത് ഈജിപ്തില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന പൈപ്പ്. സാധനം പിച്ചള കൊണ്ട് ഉണ്ടാക്കിയതാണ്.

തത്ക്കാലം ഇത്രയൊക്കയേ അങ്ങ് പടം എടുക്കാന്‍ പറ്റിയുള്ളു. സമയക്കുറവ് കാരണം ഇനിയൊരിക്കല്‍ ആകാം എന്ന് കരുതി. ദോഹയില്‍ ഉള്ളവര്‍ ഇവിടെ ഒരിക്കല്‍ എങ്കിലും പോകണം. പൈസയൊന്നും വേണ്ടാ ട്ട. ഫ്രീയാ. ഏതെങ്കിലും ഒരു വെള്ളിയാഴ്ച അങ്ങോട്ടേക്ക് വെച്ച് പിടിച്ചോ..

അപ്പോള്‍ എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍ ....