Thursday, April 24, 2008

ചില പ്രവാസി വിശേഷങ്ങള്‍

അങ്ങിനെ നാട്ടീന്ന് പെട്ടിയും പെറുക്കിയെടുത്ത് ഇവിടെ വന്ന് ഒരു ജോലിയൊക്കെ ഒപ്പിച്ചതിന് ശേഷം നമ്മുടെ അടുത്ത ലക്ഷ്യമായിരുന്നു ഒരു നല്ലഒരു അക്കമഡേഷന്‍ തരപ്പെടുത്തുക എന്നുള്ളത്. നീ ഇവിടെ നിന്നോടാ..എന്തിനാ നീ പുറത്ത് ഒരു റൂം നോക്കുന്നത് എന്ന് നമ്മട ചേട്ടായി പറഞ്ഞെങ്കിലും നമ്മക്കത് അത്ര പിടിച്ചില്ല. ഒന്നും ഉണ്ടായിട്ടല്ല.. നമ്മുടെ ചില പ്രത്യേകതകള്‍ കാരണം മറ്റുള്ളവര്‍ ചിലപ്പോ ബുദ്ധിമുട്ടേണ്ടിവരും..അതൊക്കെ വഴിയെ പറയാം..ഒന്നാമത് രണ്ട് പേര്‍ക്ക് സുഖമായിട്ട്കിടന്നുറങ്ങേണ്ട സ്ഥലത്ത് അഡീഷണലായിട്ട് മൂന്ന് പേര്‍ കൂടെ ഉണ്ടെങ്കില്‍എങ്ങിനെയുണ്ടാകും പുകില് ? അതും പോരാഞ്ഞിട്ട് മറ്റുള്ള ബാച്ചീ റൂമുകള്‍ക്ക് എല്ലാം കൂടെ കോമണായിട്ട് ഒരൊറ്റ ബാത്ത് റൂമും..അപ്പോ നമ്മടകാര്യം കട്ട പൊകയാകും..നാട്ടില്‍ വെച്ച് ഈയുള്ളവന്റെ കുളി എന്ന് വെച്ചാ മിനിമം മുപ്പത് മിനിറ്റ് എന്നുള്ളത് ഇവിടെ വന്നതിന് ശേഷം 5 മിനിറ്റിലോട്ട് കുറക്കേണ്ടി വരികയും ചെയ്തു..സമയം കൂടുന്നത് മാത്രമല്ല പ്രശ്നം എങ്ങാനും ആ മാസത്തെ വെള്ളത്തിന്റെ ബില്ല് കൂടിയാല്‍ അത് നമ്മട തലയിലേക്ക് വരും എന്ന് നല്ല ബോധ്യം വന്നത് കൊണ്ടും കൂടെയാണ് ഈ സമയംവെട്ടിച്ചുരുക്കലിന്റെ മെയിന്‍ കാരണം.


അപ്പൊ പറഞ്ഞ് വന്നത്..കമ്പനി എന്നെ ജോലിക്ക് എടുക്കുന്ന സമയത്ത് “ ഡാ മോനേ..നിനക്ക് കമ്പനി വില്ല വേണോ, അതോ അലവന്‍സ് വേണോ” ഏന്ന് ചോദിച്ചതും “ ചേട്ടായി..നമ്മക്ക് തല്‍ക്കാലം അലവന്‍സ് മതി” എന്ന് പറയാന്‍ അധിക സമയം എനിക്കാലോചിക്കേണ്ടി വന്നില്ല. ആ തീരുമാനമാണ് ഇപ്പോള്‍ മാറ്റേണ്ടി വന്നത്. കാരണം ഒരു ബാച്ചിക്ക് മാത്രമായിട്ട് റൂം കൊടുക്കാന്‍ ഹൌസ് ഓണര്‍ ഒന്ന് രണ്ട് വട്ടം ആലോചിക്കും.( ഇതിന്റെ പേരില്‍ "കണ്ടോടാ....കല്യാണം കഴിച്ചാല്‍ ഇങ്ങനെയൊക്കെ ഗുണമുണ്ട്" എന്നും പറഞ്ഞ്എക്സ്- ബാച്ചികള്‍ വന്നേക്കരുത്. പറഞ്ഞില്ലാന്ന് വേണ്ടാ ) തന്നെയും അല്ലബാച്ചി അക്കമഡേഷന്‍ കിട്ടാന്‍ മുടിഞ്ഞ പാടും..പിന്നെ ഉള്ള വില്ലകള്‍ക്കും മറ്റ് റൂമിനും ഒക്കെ മുടിഞ്ഞ വാടകയും...അങ്ങിനെ ഞാന്‍ ഇച്ചിരിവിഷമത്തോടെയാണെങ്കിലും ആ തീരുമാനമെടുത്തു..


നേരെ ചെന്ന് ബോസിന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു..."സാറെ...മര്യാദക്ക് താമസിക്കാന്‍ ഒരു റൂം ഇത് വരെ കിട്ടിയില്ല." എന്ന് തുടങ്ങിയപ്പോഴേക്കും അങ്ങേര്‍ " നിന്നോട് ഞാന്‍ പണ്ടേ പറഞ്ഞതല്ലേ.. കമ്പനി അക്കമഡേഷനിലോട്ട് മാറാന്‍..ഇനി വല്ല വില്ല ഒഴിവുണ്ടോ എന്ന് തിരക്കേണ്ടി വരും" എന്ന് പറഞ്ഞ്പുള്ളിക്കാരന്‍ എന്റെയടുത്ത് പതിവ് പോലെ തുടങ്ങി..രണ്ട് ദിവസം കഴിഞ്ഞ് ഒരുത്തന്‍ എന്നെ വിളിച്ച് പറഞ്ഞു..."ഡേയ്..നിനക്ക് താമസിക്കാനുള്ളമുറിയൊക്കെ ശരിയായിട്ടുണ്ട്..നിന്റെ തുണിയൊക്കെ എടുത്ത് വേഗം ഇങ്ങോട്ട്പോര്..." വിളിച്ചത് വില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജേട്ടനായിരുന്നു.


വില്ല നമ്പര്‍ ഇരുപത്തിമൂന്നിലാണ് താമസമെന്ന്‍ പറഞ്ഞിരുന്നു. അത് കേട്ടതോടെ അല്ലെങ്കിലേ അവിടെ അലമ്പാ..ഇനി നീ കൂടി അവിടെ ചെന്ന് ആഅലമ്പല്‍ പൂര്‍ത്തിയാക്കണോ എന്നായിരുന്നു നമ്മട ബോസ് ചോദിച്ചത്. കാരണംവേറൊന്നുമല്ല..എല്ലാ മല്ലൂസ് ഗഡികളും അവിടെ ആയിരുന്നു. ഞങ്ങളുടെ ക്ലിനിക്കിലെ ആനന്ദു, കുര്യാച്ചന്‍, പ്രിന്‍സ്, എബി,എന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ തന്നെയുള്ള നവാസ്, പിന്നെ കമ്പനിയിലെ ഓഫീസ് സ്റ്റാഫില്‍ പെട്ട ശ്രീജിത്ത്..കാരണവരായിട്ട് വില്ലാ കോര്‍ഡിനേറ്റരര്‍ ‍ജോര്‍ജേട്ടനും.. ജോര്‍ജേട്ടന്‍ പ്രായം കൊണ്ട് കാരണവരാണെങ്കിലും മനസ് കൊണ്ട് ഞങ്ങളെക്കാള്‍ ചെറുപ്പമായിരുന്നു...അത് കൊണ്ട് ഈ 49 വയസിലുംപുള്ളിക്കാരന്റെ ഒരു ഒറ്റ പൂട പോലും വെളുത്തിട്ടില്ല..വെളുക്കാന്‍ ആകുമ്പോഴേക്കും അങ്ങേര്‍ അതില്‍ കറുത്ത പെയിന്റ് പൂശും..മുടക്കമില്ലാതെ..പിന്നെ വ്യാഴാഴ്ച വൈകീട്ട് മുതല്‍ പുള്ളി വല്യ ഡീസന്റാ‍.. ചില വ്യാഴാഴ്ചകളില്‍ ക്രിസ്തു ആകുമെങ്കില്‍ പിറ്റേ ആഴ്ച മണവാട്ടിയാകും..അതിന്റെ പിറ്റേന്ന് കാര്‍ഗില്‍....പിന്നെ വെള്ളം അടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന് പറയുമെങ്കിലും..പറയുന്നതില്‍ കാര്യമില്ല എന്ന് പ്രവര്‍ത്തി കാണിച്ച് തരുന്ന അത്രക്കും നല്ല മനുഷ്യന്‍.


എന്റെ താമസത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ കുര്യാച്ചന്‍ പറഞ്ഞു. " അതിന് അവിടെ റൂമൊന്നുമില്ലാല്ലോ..ഉള്ളതില്‍ ആ ടിങ്ക് ആണ് താമസിക്കുന്നത്."പടച്ചോനെ..ആ അലവലാതിയുടെ കൂടെ ആണോ എന്റെ താമസം. ആ വില്ലയില്‍ താമസിക്കുന്ന മലയാളിയല്ലാത്ത ഒരേ ഒരുത്തനായിരുന്നു മിസ്റ്റര്‍ ‍ടിങ്ക്..ഞങ്ങളുടെ കമ്പനിയിലെ സെക്യുരിറ്റി സൂപ്പര്‍വൈസര്‍ ആയിട്ട് പണിനോക്കുന്ന ഈ കുരിപ്പ് ഉണ്ടാക്കുന്ന പുകില്‍ ചില്ലറയൊന്നുമല്ല്ല. അഞ്ചേരണ്ട് പൊക്കമുള്ള ഈ മൊതല്‍ ഫിലിപ്പീന്‍സില്‍ നിന്ന് കെട്ടിയെടുത്തിട്ട് കാലം കുറച്ചായി. 15 കൊല്ലം ഫിലിപ്പീന്‍സ് പോലീസിനെ സേവിച്ചിട്ട്..എനിക്കൊന്നും തിരിച്ച് ഫിലിപ്പീന്‍സ് പോലീസ് തന്നില്ലാ എന്നും പറഞ്ഞ് ഇങ്ങോട്ട് കെട്ടിയെടുത്തതാണ്. പോരാത്തതിന് കടുത്ത ഇന്ത്യന്‍ വിരോധിയും പ്രത്യേകിച്ച് കേരള വിരോധിയും. പോരേ പൂരം...അവന്റെ അടുത്തേക്കാണ് ഈയുള്ളവന്റെ പുറപ്പാടെന്ന് കേട്ടപ്പോള്‍ ഒരു പരുവം ആയി.


എന്ത് പണ്ടാറമെങ്കിലും ആവട്ടെ..വരണ വഴിക്ക് കാണാം എന്ന് നമ്മട മെയിന്‍ മുദ്രാവാക്യം ശിരസിലേറ്റി അങ്ങിനെ വില്ലയിലേക്ക് ഇടത് കാലെടുത്ത് വെച്ച് അകത്ത് കേറി. പറഞ്ഞ പോലെ തന്നെ ഈ ഫിലിപ്പീന്‍ കുരുപ്പിന്റെ റൂമിലാണ് എന്റെയും താമസം. കുര്യാച്ചനും ബാക്കിയുള്ളവരും എന്നെ സമാധാനിപ്പിച്ചു..."എല്ലാം നിന്റെ വിധിയാ മകനേ..നീ ക്ഷമി.." ഈ സാധനത്തെ എന്ത് ചെയ്താലും ഇവിടെന്ന് പോകില്ല എന്ന് കുര്യാച്ചന്‍ പറഞ്ഞു. അവനിക്ക് ഈ വില്ല അങ്ങ് പെരുത്ത് ഇഷ്ട്ടപ്പെട്ടു പോലും..അത്രക്കും സൌകര്യങ്ങളാണ്. കമ്പനിക്ക് ഫിലിപ്പീനികള്‍ മാത്രം താമസിക്കുന്ന വില്ലയില്‍ റൂം ഒഴിവുണ്ടായിട്ട്അവിടെ പോകാന്‍ ഇവന്‍ കൂട്ടാക്കിയില്ലാത്രേ.അങ്ങിനെ എന്റെ താമസം അങ്ങ് തുടങ്ങി. താമസം തുടങ്ങിയത് പ്രമാണിച്ച് പാല്‍ ‍കാച്ചല്‍ ഒന്നും ഉണ്ടായില്ലെങ്കിലും ആ വ്യാഴാഴ്ച രാത്രി എന്റെ വരവ് ആഘോഷിക്കാന്‍ ജോര്‍ജേട്ടന്റെ ചിലവില്‍ തന്നെ ഒരു കുപ്പി കാലിയാക്കുന്നതായിരിക്കുമെന്ന് മല്ലൂസ് അസോസിയേഷന്‍ അങ്ങട് ഒരു പ്രമേയംപാസാക്കി. അങ്ങിനെ സംസാരിച്ച് ഇരിക്കുന്നതിന്റെ ഇടയില്‍ ഒരു മാതിരി മണം.അടുക്കളയില്‍ നിന്ന്..ഞാന്‍ ഇതെന്താ ഒരു ചീഞ്ഞ മണം എന്ന് പറഞ്ഞപ്പോള്‍..അതാ അലവലാതി അടുക്കളയില്‍ കേറിയതിന്റെ മണമാ‍ണെന്ന് നവാസ് പറഞ്ഞു. അതായത് പുള്ളിക്കാരന്‍ മീന്‍ ഒക്കെ വെക്കുന്ന മണം അടിച്ചതാണ്.പകുതി വേവിച്ച മീനും..പകുതി വേവിച്ച ചിക്കനുമൊക്കെയേ പുള്ളിക്കാരന്‍അടിക്കൂ..അടിക്കുന്നതൊക്കെ പോട്ടെ..ഭക്ഷണം കഴിച്ച പാത്രവുംവെച്ചുണ്ടാക്കിയ പാത്രങ്ങളും അവന്‍ പിറ്റേന്ന് മാത്രമേ കഴുകൂ എന്നും പ്രഖ്യാപിച്ചിട്ടുണ്ടത്രേ..


എങ്ങിനെ ഈ കുരിപ്പിനിട്ട് ഇവിടെന്ന് ഒരു പണി കൊടുക്കും എന്നാലോചിച്ച് ഇരിക്കുന്ന സമയത്താണ് കുര്യാച്ചന്‍ “എന്നാ വാഡേയ്..വല്ലതും കഴിച്ച് കിടന്നുറങ്ങാന്‍ നോക്കാം“ എന്ന് പറഞ്ഞതും ഞാന്‍ ഡൈനിങ്ങ് ടേബിളില്‍ ആദ്യ ഹാ‍ജര്‍ വെച്ചതും..അപ്പോള്‍ ഉണ്ട് മിസ്റ്റര്‍ ടിങ്ക് വക ഒരു കമന്റ് " എനിക്ക് നിങ്ങളുടെ ഫുഡിന്റെ മണമൊന്നും ഇഷ്ട്ടമല്ല. ഈ മണം അടിക്കുമ്പോഴേ എനിക്ക് അറക്കും. " അല്ലെങ്കിലേ എന്റെനാ‍വിന് ചില നേരത്ത് ചൊറിച്ചിലുള്ള കാര്യം അങ്ങേര്‍ക്ക് അറിയില്ലാല്ലോ..." ആദ്യം പോയി നിന്റെ വായ കഴുകെടാ പോത്തേ..അതിന് മോളില്‍ ‍അല്ലേ നിന്റെ മൂക്കിരിക്കുന്നത്..ചുമ്മാതല്ല എന്ത് കാണുമ്പോഴും നിനക്ക് നാറുന്നത് " എന്ന് പറഞ്ഞതും ഒരേ ടോണിലായിരുന്നു..എന്നെ ഒരു നോട്ടംനോക്കിയിട്ട് പുള്ളിക്കാരന്‍ റൂമിലേക്ക് പോയി

പിറ്റേന്ന് ഞാന്‍ എഴുന്നേറ്റപ്പോള്‍ ഉണ്ട് മിസ്റ്റര്‍ ടിങ്ക് ഉറക്കംതൂങ്ങി അവിടെ ഇരിപ്പുണ്ട്... ഞാന്‍ ചോദിച്ചു....

വാട്ട് ഹാപ്പന്‍ഡ് ? "

"നത്തിങ്ങ്...." അതും പറഞ്ഞ് പുള്ളിക്കാരന്‍ എഴുന്നേറ്റ് പുറത്തേക്ക് പോയി......

അടുത്ത രണ്ട് ദിവസവും ഇത് പോലെ തന്നെ...

മൂന്നാം ദിവസം ഞാന്‍ എന്റെ റൂമില്‍ ചെന്നപ്പോള്‍ കണ്ടത് മിസ്റ്റര്‍ ടിങ്കിന്റെ കട്ടില്‍ അവിടെയില്ല. അവന്‍ ഫിലിപ്പീനികളുടെ അവിടേക്ക് മാറിയത്രേ...


അന്ന് രാത്രി...ജോര്‍ജേട്ടന്‍ ചോദിച്ചു..ഞങ്ങള്‍ പഠിച്ച പണി പതിനെട്ടുംപയറ്റിയിട്ടും അവന്‍ പോയില്ലാ..നീ വന്ന് ഇത്രയും ദിവസം കൊണ്ട് എങ്ങിനെഇതൊപ്പിച്ചു??

എന്റെ മറുപടിയും പെട്ടന്നായിരുന്നു..." ഉറക്കത്തില്‍ ഞാന്‍ അറിയാതെ അര്‍മാദിച്ച് കൂര്‍ക്കം വലിക്കുന്ന സ്വഭാവം എനിക്കുണ്ടേ ജോര്‍ജ്ജേട്ടാ..പുള്ളിക്കാരന് അതില്ല!! "


വാല്‍കഷ്ണം: ഞാന്‍ ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിക്കുന്നതായി മറ്റുള്ളവര്‍ പറഞ്ഞല്ലാതെ എനിക്ക് ബോധ്യപ്പെട്ടിട്ടില്ല. പിന്നെ കൂര്‍ക്കം വലിയുടെ ദൂഷ്യവശങ്ങളെ പറ്റി കൂടുതല്ലൊന്നും ഇതില്‍ പറയണ്ട..എല്ലാം നമ്മക്ക് ബോധ്യമുണ്ട് :(

6 comments:

മെലോഡിയസ് said...

പ്രവാസി വിശേഷങ്ങള്‍..പഴേ..പുതിയ പോസ്റ്റ്..ഒരിക്കല്‍ ഡിലീറ്റിയിട്ട് പിന്നേം പോസ്റ്റിയതാ.. :)

ശിവ said...

നന്നായി...കേട്ടോ...

ശ്രീ said...

അപ്പോള്‍ കൂര്‍ക്കം വലി കൊണ്ടും പ്രയോജനമുണ്ട്... കൊള്ളാം.
:)

കുറുമാന്‍ said...

മ്വോനേ, നീയാണ്ടാ ആണ്. കൂര്‍ക്കം വലി ഒരു സാധനമല്ല, ഒരൊന്നൊന്നര്‍ സാധനം ആണ്. നമ്മള്‍ കൂര്‍ക്കം വലിച്ചാല്‍ നമ്മുക്കെന്ത് പ്രശ്നം. പക്ഷെ സഹമുറിയന്‍ കൂര്‍ക്കം വലിച്ചാല്‍, പ്രത്യേകിച്ച് കൂര്‍ക്ക തിന്നിട്ട്, സാമ്പിള്‍ വെടിക്കെട്ടല്ലെ :)

ജിഹേഷ് said...

എന്റെ കൂടേള്ള ശവത്തിനും ഈ അസുഖണ്ട്

qw_er_ty

ഇത്തിരിവെട്ടം said...

ബാച്ചീറൂമുകളില്‍ കൂര്‍ക്കം വലി ഒരു സ്ഥിരം പ്രശ്നമാ... ഞങ്ങള്‍ക്കും ഒരു സഹമുറിയന്‍ ഉണ്ടായിരുന്നു... പണ്ടെങ്ങോ ആ പേരും പറഞ്ഞാണ് ഈ ഈ പോസ്റ്റ് പടച്ചത്.