Monday, April 7, 2008

ചാവേര്‍

വിമാനം കൊച്ചിയിലിറങ്ങും എന്നുള്ള അനൌണ്‍സ്‌മെന്റ് കേട്ടപ്പോള്‍ മനസിന് ഒരുള്‍പുളകം..നാട്ടില്‍ നിന്ന് പോന്നിട്ട് അധിക കാലം ആയിട്ടില്ലെങ്കിലും വീണ്ടും നാട്ടിലേക്ക് പോകുന്നതിന്റെ ആ ഒരു ആവേശം, പിന്നെ അമ്മയെയും പെങ്ങളെയും കാണാനുള്ള കൊതി..ബന്ധുക്കളെയും പിന്നെ എന്റെ കൂട്ടുകാരെയുംകാണാനുള്ള അടങ്ങാത്ത ആവേശം. ഇതൊക്കെ കാരണം ഈ സാധനത്തിന് തീരെ വേഗത പോരഎന്നായിരുന്നു മനസില്‍....അതില്‍ നിന്നിറങ്ങി എല്ലാ ചിട്ടവട്ടങ്ങളും പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോ പുറത്ത് നല്ല ചൂട്..എങ്കിലും ആ ചൂടിന്ഒരു സുഖമുള്ളതായി എനിക്ക് തോന്നി.


വീടിനടുത്ത കവലയിലെ സെയ്തുക്കാന്റെ പീടികയില്‍ എത്തിയപ്പോള്‍ അവിടെ സുമന്‍ നില്‍പ്പുണ്ടായിരുന്നു. അവനെ കണ്ടതും ഞാന്‍ ഡ്രൈവറോട് വണ്ടിനിറുത്താന്‍ പറഞ്ഞു..അവന്‍ വേഗം കാറിന്റെയടുത്തെത്തി..." ദെന്താപ്പോപെട്ടെന്ന് ഇങ്ങോട്ട് വന്നത്??" അവന്റെ ആദ്യ ചോദ്യം അതായിരുന്നു. ഞാന്‍പറഞ്ഞു " പെട്ടെന്ന് ഒരു അവധി കിട്ടിയപ്പോ വന്നതാ.." "ഞാന്‍ വീട്ടിലോട്ട് വരാം ട്ടാ..." എന്നും പറഞ്ഞ് അവന്‍ തിരിഞ്ഞ് നടന്നു.


വീട്ടിലെത്തി അമ്മയോടും അനിയത്തിയോടും കാര്യങ്ങള്‍ പറയുന്നതിന്റെ ഇടക്ക് സുമന്റെ കാര്യവും വന്നു.." അവന്‍ കഴിഞ്ഞ ആഴ്ചയാ പുറത്തിറങ്ങിയത്.." ഞാന്‍പറഞ്ഞു.." ഞാന്‍ എല്ലാം അവിടെ വെച്ച് അറിയാറുണ്ട്.." "എനിക്ക് എത്രആലോചിച്ചിട്ടും മനസിലാവണില്ല..എങ്ങനാ അവന്‍ ഇതൊക്കെചെയ്തതെന്ന്..എന്തൊക്കെ രാഷ്‌ട്രീയം ഉണ്ടായാലും അവനിക്ക് അങ്ങിനെയൊക്കെചെയ്യാന്‍ പറ്റുമോ?" അമ്മ തന്നെത്താന്‍ ചോദിക്കുന്നത് പോലെ പറഞ്ഞു..

സുമന്‍, എന്റെ കൂടെ പഠിച്ചവന്‍. എന്റെ പ്രിയപ്പെട്ട കൂട്ടുകാരില്‍ഒരുവന്‍. ഇപ്പോള്‍ ഒരു കൊലക്കേസിലെ പ്രതി. അതും രാഷ്‌ട്രീയമാണ് വിഷയം.പഠിക്കുന്ന കാലത്ത് സ്‌കൂളില്‍ ഉണ്ടാകുന്ന തിരഞ്ഞെടുപ്പില്‍ അല്ലാതെ,അതിന് ശേഷമുള്ള ഒരു രാഷ്‌ട്രീയ കാര്യങ്ങളില്‍ താത്പര്യമില്ലാതിരുന്നത് പോലെയായിരുന്നില്ല അവന്റെ കാര്യം. അവനും അവന്റെ കുടുംബക്കാര്‍ക്കും രാഷ്‌ട്രീയം എന്ന് പറഞ്ഞാല്‍ ജീവവായു പോലെ ആയിരുന്നു. എന്നിരുന്നാലുംഒരാളെ കൊല്ല്ലാനും മാത്രം ധൈര്യം അവന് കാണുമെന്ന് ഞാന്‍ ഒരിക്കലുംകരുതിയിരുന്നില്ല.

പിറ്റേന്ന്, സുമന്‍ എന്നെ കാണാന്‍ വന്നപ്പോള്‍ അവന്റെ മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല. പഴയ അതേ സ്വഭാവത്തില്‍ തന്നെ..കളിയും ചിരിയും..പിന്നീട്ഞാന്‍ അവനോട് ചോദിച്ചു.."നിനക്ക് എങ്ങിനെ ഇത് പോലെ പെരുമാറാന്‍കഴിയുന്നു..ഒരു ഭാവ വ്യത്യാസവുമില്ലാല്ലോ...എന്ത് പറ്റി നിനക്ക്?"

"എന്തിനെ പറ്റിയാ നീ ചോദിക്കണേ"?

" നീ ജെയിലില്‍ പോയ കാര്യത്തിന് തന്നെ"...

"ഓ...അതോ..അതൊക്കെ അങ്ങിനെ നടന്നു...."വളരെ നിസ്സാരമായി അവന്‍ പറഞ്ഞു..

"നിനക്ക് അങ്ങിനെ ചെ‌യ്തതില്‍ ഒരു കുറ്റബോധമില്ലേ?" ....

"ഉണ്ടോ. എന്ന് ചോദിച്ചാല്‍..ഉണ്ട്...എന്നാല്‍ അങ്ങിനെയൊന്ന് ഇല്ല താനും"

"നീയെന്താ ഒന്നും അങ്ങോട്ടും ഇങ്ങോട്ടും തൊടാത്ത രീതിയില്‍സംസാരിക്കുന്നേ?" ഞാന്‍ ചോദിച്ചു..

"അവന്റെ കുടുംബത്തെ ഓര്‍ത്ത് ..പക്ഷേ അവന്റെ ചെ‌യ്തികളെ കുറിച്ചോര്‍ത്ത് എനിക്ക്
കുറ്റബോധമില്ല"..


"എന്നാലും നിനക്കിതെങ്ങിനെ ചെയ്യാന്‍ തോന്നി?? ഒരാളെ പച്ചക്ക് വെട്ടാന്‍ ? "

" എന്റെ മനസില്‍ അപ്പോള്‍ പാര്‍ട്ടിയും നേതാക്കളും പറഞ്ഞതൊക്കെയേഓര്‍മ്മയിലുണ്ടായിരുന്നുള്ളു" അവന്‍ പറഞ്ഞു...

"പാര്‍ട്ടിക്കാര്‍ പലതും പറയും..നേതാക്കള്‍ പ്രത്യേകിച്ചും..നിനക്ക്തോന്നുന്നുണ്ടോ നിനക്കെന്തെങ്കിലും പറ്റുമ്പോ ഇവര്‍ വന്ന് തിരിഞ്ഞ്നോക്കുമെന്ന്..പാര്‍ട്ടിക്കാര്‍ക്ക് കുറേ ആളൂകളെ വേണം..കുറേഗുണ്ടകളായിട്ട്..."


" ആ...എനിക്കൊന്നും അറിയില്ല. പാര്‍ട്ടിയും നേതാവും പറഞ്ഞാല്‍ ഞാന്‍ എന്തും ചെയ്യും..."

അവന്‍ അത് പറഞ്ഞപ്പോള്‍ അവന്റെ മുഖത്ത് കൊല്ലാനും ചാവാനും തയ്യാറായിഇരിക്കുന്ന ഒരു ചാവേറിന്റെ ഭാവമായിരുന്നു.

"അപ്പോള്‍ നിനക്ക് നിന്റെ കുടുംബത്തെ നോക്കണ്ടേ?..നിനക്കെന്തെങ്കിലുംപറ്റിയാല്‍ നിന്റെ വീട്ടിലുള്ളവര്‍ക്ക് ആരാണുള്ളതെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?"..

" അതൊക്കെ ആലോചിക്കാറുണ്ട്..പക്ഷേ..പാര്‍ട്ടി പറഞ്ഞാല് ‍എനിക്കനുസരിക്കാതിരിക്കാന്‍ പറ്റൂല്ലാ.."

പിന്നീട് എനിക്കനുവദിച്ച് കിട്ടിയ 10 ദിവസത്തെ അവധിക്കുള്ളില്‍ പലപ്പോഴുംഞങ്ങള്‍ കണ്ടു..ഇതിന്റെ ഇടക്ക് അവന്റെ വീട്ടിലും പോയി..അവന്റെ വീട്ടില്‍ചെന്നപ്പോള്‍ അവന്റെ അമ്മക്കും ഭാര്യക്കും ഒരു എന്തോ പോലെ..അവരുടെകണ്ണുകളില്‍ നോക്കിയാലറിയാം..അവര്‍ എന്തിനെയോ..ആരെയൊക്കയോ ഭയക്കുന്നത്പോലെ...

പിന്നീട് ഞാന്‍ തിരിച്ച് പോരുന്ന അന്നും അവന്‍അവിടെയുണ്ടായിരുന്നു..ഇറങ്ങാന്‍ നേരത്ത് എന്റെ കൈയ്യില്‍ മുറുകെ പിടിച്ച്കൊണ്ട് പറഞ്ഞു..." കാണാം...നീ പോയി വാ.."

അവസാനം അവന്റെ കണ്‌ഠം ഇടറിയോ?? അവന്റെ കണ്ണുകളില്‍ അല്പം നനവ് പടര്‍ന്നിരുന്നു...

ഇവിടെ തിരിച്ച് വന്ന് പണി തിരക്കുകളില്‍ മുഴുകുമ്പോഴും ഇടക്കൊക്കെ മനസ് നാട്ടിലേക്ക് പോകും...അമ്മയുടെ അടുത്തേക്ക്..പെങ്ങളുടെഅടുത്തേക്ക്...കൂട്ടുകാരുടെ അടുത്തേക്ക്..കൂട്ടത്തില്‍ സുമന്റെ അടുത്തേക്കും...


ദിവസങ്ങള്‍ക്ക് വേഗം കൂടുന്നില്ലല്ലോ എന്നൊരു സംശയം..വന്നിട്ട് ഒരാഴ്ചആകുന്നതേയുള്ളു...വെള്ളിയാഴ്ചയുടെ ആലസ്യം കാരണം എഴുന്നേല്‍ക്കുന്നത്വൈകിയാണ്..അമ്മയുടെ ഫോണ്‍ വിളിയാണ് അന്നെന്നെ ഉണര്‍ത്തിയത്...


"ഹലോ...അമ്മേ..എന്തൊക്കെയുണ്ട് വിശേഷം..." ഞാന്‍ ഫോണ്‍ എടുത്ത പാടെ ചോദിച്ചു...

"വിശേഷിച്ചൊന്നൂല്ലാ..നിനക്ക് സുഖാണൊ?"

"എനിക്കിവിടെ സുഖാ...."

"പിന്നെ ഒരു കാര്യം പറയാനാ അമ്മ ഇപ്പോ വിളിച്ചത്..മോന്‍ വിഷമിക്കരുത്.."

"എന്താ അമ്മേ കാര്യം..."

"നമ്മട സുമന്‍ മരിച്ചു...ആരോ കൊന്നതാ...മേലൊക്കെ നല്ലോണം വെട്ടിയിട്ടുണ്ട്..അമ്മ കാണാനൊന്നും പോയില്ലാ..ഇന്നലെ രാത്രിയായിരുന്നു സംഭവം..."

ബാക്കിയൊന്നും ഞാന്‍ കേട്ടില്ല..കേള്‍ക്കാനുള്ളത്രാണിയുണ്ടായിരുന്നില്ല..എന്റെ നല്ലൊരു സു‌ഹൃത്ത്..അവനിക്ക് ഇങ്ങനെയൊക്കെ.....എന്റെയും കഴുത്തില്‍ ആരൊക്കെയൊ പിടിക്കുന്നത് പോലെ തോന്നി...


പിന്നീട് ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ ഒരു എയര്‍മെയില്‍ ഇല്ലന്‍‌ഡ് വന്നു..അത് സുമന്റെ ആയിരുന്നു....
“എത്രയും സ്‌നേഹം നിറഞ്ഞ അബി അറിയുവാന്‍ സ്‌നേഹത്തോടെ സുമന്‍ എഴുതുന്നത്...

സുഖമെന്ന് കരുതുന്നു. ജോലിയിലൊക്കെ സുഖമായി പോകുന്നുണ്ടാകുമല്ലേ..ഞാന്‍അമ്മയേയും അനിയത്തി കുട്ടിയേയും ഇന്നലെ കണ്ടിരുന്നു. അവര്‍ക്കൊക്കെസുഖം.. നിനക്ക് ഒരു കത്ത് എഴുതണം എന്ന് നീ പോയ അന്ന് മുതല്‍ കരുതുന്നതാ.പിന്നെ നീണ്ട് പോയി...നിനക്കെന്നോട് ചെറിയ നീരസമുണ്ടെന്നൊക്കെ എനിക്കറിയാം..പക്ഷേ, എന്ത് ചെയ്യാനാ..അങ്ങിനെയൊക്കെ ആയിപ്പോയി ഞാന്‍.ചിലപ്പോള്‍ ഞാന്‍ തന്നെ ആലോചിക്കാറുണ്ട്..എന്ത് മാത്രം മാറ്റമാ എനിക്ക്വന്നത്. സത്യം പറയാലോ അബി, അവനെ കൊന്നതിന് ശേഷം, ഞാന്‍ മര്യാദക്ക് ഒരു മണിക്കൂര്‍ പോലും തികച്ച് സമാധാനമായിട്ട് ഉറങ്ങിയിട്ടില്ല..അവന്റെ കാര്യത്തെക്കാളേറെ അവന്റെ 10 മാസം പ്രായമായ മകളുടെ കാര്യമാണ് എന്റെ മനസില്‍ വരാറ്...അതേ പ്രായത്തിലുള്ള ഒരു മോന്‍ എനിക്കുമില്ലേ...എനിക്കാരെയും കൊല്ലണ്ട.. പക്ഷേ, നിനക്കറിയാലോ..പാര്‍ട്ടിപറഞ്ഞാല്‍ ഞാന്‍ അതില്‍ നിന്ന് മാറി നില്‍ക്കില്ലാന്ന്. ഇപ്പോ ഒന്ന്കണ്ണടച്ചാല്‍ അവനും അവന്റെ കുഞ്ഞുങ്ങളുമാണ് മനസില്‍...പുറമേ..എന്റെ ദിവസംഅടുത്ത് എന്നൊരു തോന്നലും..അന്ന് നീ എന്നോട് ചോദിച്ചില്ലേ..എനിക്കെന്തെങ്കിലും പറ്റിയാല്‍ എന്റെ കുടുംബത്തിനാരാണുള്ളതെന്ന്...ആ ചോദ്യം എന്റെ മനസില്‍ കിടന്ന് തിളക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി...മരണം എന്നെ കാത്തിരിക്കുന്നു എന്നെനിക്കറിയാം..പക്ഷേ, എന്റെമക്കളും കെട്ട്യോളും..അവരുടെ കാര്യം ഓര്‍ക്കുമ്പോള്‍ മനസില്‍ ഒരു വിങ്ങല്‍..ഒരു പാട് എഴുതണമെന്നുണ്ട്. പക്ഷെ പിന്നീടൊരിക്കലകാം..ഇത്രയുംഎഴുതിയപ്പോള്‍ തന്നെ മനസിന് ഒരു ആശ്വാസം..നിറുത്തട്ടേ ടാ..

എന്ന് സ്വന്തം,സുമന്‍...”


അവന്‍ കൊല്ലപ്പെടുന്ന അന്ന് പകല്‍ സമയം പോസ്റ്റ് ചെയ്ത കത്ത്..അതെന്റെകൈയ്യിലിരുന്ന് വിറച്ചു...രണ്ട് തുള്ളി കണ്ണുനീര്‍ അതിലേക്ക് വീണു....പ്രിയ കൂട്ടുകാരനുള്ള ബാഷ്‌പാഞ്ജലിയായി....

5 comments:

മെലോഡിയസ് said...

കുറച്ച് കാലമായി എന്തെങ്കിലുമൊക്കെ ഒന്ന് പോസ്റ്റ് ചെയ്തിട്ട്..കൊച്ച് ത്രേസ്യയുടെ ഈ പോസ്റ്റ് കണ്ടപ്പോള്‍ മനസില്‍ വന്നത് ഇവിടെ കുറിച്ച് വെക്കുന്നു..എന്താകുമോ എന്തോ...:D

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നീ ജില്ല മാറിയോ?

ശ്രീ said...

മനസ്സില്‍ തൊട്ട പോസ്റ്റു തന്നെ, മെലോഡിയസ്.

ഇതിനു സമാനമായ ഒരു അനുഭവം(കൊലപാതകമല്ല, ആത്മഹത്യ ചെയ്യ്ത്ത്മരിച്ചു പോയ ഒരാള് എഴുതിയ കത്ത് മരണം നടന്ന് നാലാം ദിവസം പൊട്ടിച്ചു വായിച്ചത്) എനിയ്ക്കും ഉണ്ടായിട്ടുള്ളത് ഓര്‍ത്തു

കാപ്പിലാന്‍ said...

:)

ആഷ | Asha said...

വാളെടുത്തവന്‍ വാ‍ളാലെ :(