Tuesday, November 6, 2007

എന്റെ പെണ്ണുകാണല്‍

ഉച്ചക്ക് ഊണിന് എന്റെ ഫേവറിറ്റ് ഐറ്റങ്ങളില്‍ ഒന്നായ സാമ്പാര്‍ ചോറിലേക്ക് ഒഴിച്ച് അതില്‍ വീണ വെണ്ടക്ക കഷ് ണം വായിലിട്ട് ചവച്ച് രസിച്ചങ്ങനെ ചോറ് കുഴച്ച് ഉരുളയാക്കി അണ്ണാക്കിലേക്ക് അപ് ലോഡ് ചെയ്യാന്‍ ഇരിക്കുമ്പോളാണ് എന്റെ മാതാശ്രീ ആ കാര്യം പറഞ്ഞത്..

“എടാ ഇന്നാ മൊയ് തീന്‍ ഇവ് ട വന്നിരുന്നു”

“ഉം..എന്തിന്?”

“നിനക്ക് ഒരു ആലോചന കൊണ്ട് വന്നതാ”

“അയാള്‍ക്ക് വട്ട് ഇണ്ടാ?” ഞാന്‍ ചോദിച്ചു..
“എന്തേ?”

“അല്ലാ. മര്യാദക്ക് ഒരു പണി പോലും ആകാത്ത എനിക്ക് അയാള് പെണ്ണ് കണ്ട്പിടിച്ചല്ലാ..അതോണ്ട് ചോദിച്ചതാ”

“അതിന് നീ നാളേം മറ്റാന്നേം പോയൊന്നും പെണ്ണ് കെട്ടണ്ടാ. പിന്ന നിനക്ക് ഇപ്പ ജോലി ഒന്നും ഇല്ലെങ്കിലും ശരി. ന്നാലും ഉടനെ ആകൂല്ലേ. പോകാന്‍ ഇനീം രണ്ട് മൂന്ന് ആഴ്ചയല്ലേയുള്ളു. പിന്ന അവളുടെ കാര്യം ഇപ്പൊ ഒത്ത് വന്നില്ല. എന്തായാലും നീ പോയി വരുമ്പോഴേക്കും നല്ല ആലോചന വന്നിരിക്കും. അപ്പോ രണ്ടും കൂടെ ഒന്നിച്ച് നടത്താം..എന്തേ?”

ങ് ഹും!! അപ്പോ എല്ലാം കരുതി കൂട്ടിയുള്ള പരിപാടിയാണ്. പടച്ചോനെ, ബാച്ചി ക്ലബില് ഒരു മെമ്പര്‍ഷിപ്പ് ഒപ്പിച്ചിട്ട് അധിക ദിവസമായിട്ടില്ല. ഉടനേ അതീന്നൊക്കെ ഊരേണ്ടി വര്വോ എന്നിങ്ങനെ ആലോചിച്ച് ഇരിക്കുമ്പോള്‍ മാതാശ്രീയുടെ അടുത്ത ഡയലോഗ്.

“ എന്തായാലും നീ ഒന്ന് പോ. മൊയ് തീന്‍ നാല് മണിക്ക് വരും..”
അപ്പൊ ഇനി രക്ഷയില്ലാ. മാതാശ്രീ തീരുമാനിച്ചാ അത് നടപ്പിലാക്കും..മൂന്നരത്തരം..
“അപ്പ ഉമ്മയും വരുന്നുണ്ടാ?” ഞാന്‍ മാതാശ്രീയോട് ചോദിച്ചു..
“പിന്നല്ലാതെ..ഞാനും ഉണ്ട്” എന്നും പറഞ്ഞ് അകത്ത് പോയി.
നാല് മണിയായപ്പോഴേക്കും എന്നെ കുഴീല്‍ ചാടിക്കാന്‍ കൊണ്ട് പോകുന്ന മൊയ് തീനും എത്തി. പിന്നാലെ ഞങ്ങളുടെ തറവാട്ടില്‍ വലിപ്പ ചെറുപ്പമില്ലാതെ എന്ത് ഓട്ടത്തിന് വിളിച്ചാലും “ദാ ഇപ്പ എത്തി“ എന്ന് പറഞ്ഞ് കാറും ആയി എത്തുന്ന ദാസേട്ടനും. ങ്ഹും..അപ്പ ഇച്ചിരി വല്യ ഓട്ടം തന്നെയാ..അല്ലെങ്കില്‍ എന്റെ മാതാശ്രീ വണ്ടി വിളിക്ക്വോ..ബെസ്റ്റ്!!


എന്തായാലും ഞാന്‍ സുന്ദര കുട്ടപ്പന്‍ ആയി ക്രീം കളര്‍ പാന്റും പിന്നെ ഒരു മെറൂണ്‍ കളര്‍ ഷര്‍ട്ടും വലിച്ച് കേറ്റി ഞാന്‍ ഉമ്മറത്തേക്കിറങ്ങി..അപ്പോളു ഉണ്ട് മൊയ് തീന്‍ വക കമന്റ്.
“ ആള് അങ്ങ് അടിപൊളിയായല്ലോ”

“മൊയ് തീന്‍ ക്കാക്ക് വല്ല കാര്യോണ്ടാ ഇതൊക്കെ കൊണ്ട് വരാന്ž”
അപ്പോഴും അയാളുടെ ഒരു ഊച്ചാളി ചിരിയേ അയാള്‍ ചിരിച്ചുള്ളൂ..
“ഇവിടാ ഈ പെണ്ണിന്റെ സ്ഥലം.?” ഞാന്‍ അയാളോട് ചോദിച്ചു.
“അതൊക്കെ ഇനി അവ്ട പോയിട്ട് അറിഞ്ഞാ മതി”
ഞാന്‍ എന്താ സ്കൂള്‍ കുട്ടി വല്ലതും ആണോ. ഇയാള്‍ ഇങ്ങനൊക്കെ എന്നോട് പറയാന്‍ എന്ന് ചോദിക്കാന്‍ തുടങ്ങുമ്പോഴേക്കും എന്റെ മാതാശ്രീ അങ്ങോട്ടെത്തി..
“ന്നാ വാ ഇറങ്ങാം” മാതാശ്രീയുടെ ആജ്ഞ..

“പെണ്‍കുട്ടി നല്ല അസ്സല് പെണ്‍കുട്ട്യാ..നല്ലോണം നിറമൊക്കേംണ്ട്. നല്ലോണം പഠിക്കും” എന്നിങ്ങനെ എനിക്ക് ഇതിലും നല്ല ഒരു ആലോചന ഈ ജന്മത്ത് കിട്ടില്ല എന്ന രീതിയിലാ അങ്ങേരുടെ കത്തി. അതുവ്വാ..ഇയാള് ആദ്യമായിട്ട് എന്റെ പെങ്ങള്‍ക്ക് ആലോചന കൊണ്ട് വന്നപ്പോള് ചെയ്ത കാര്യം എനിക്കല്ലേ അറിയൂ. മൊയ്തീന്‍ വന്ന് കാര്യമൊക്കെ തിരക്കി എന്നിട്ട് എല്ലാം പറഞ്ഞിട്ട്, ഒരു ചോദ്യം “ഞാനൊന്ന് പുറത്തേക്ക് വിളിച്ചോട്ടെ.” എന്നിട്ട് വിളിച്ചിട്ട് “ നല്ല ആലോചനയാ.. കാണാന്‍ നല്ല സുന്ദരിക്കുട്ടിയാ. നല്ല നിറമൊക്കെയുണ്ട്. ആവശ്യത്തിന് പൊക്കം” ഇങ്ങനെ ഇത്യാദി കീറ് കീറുമ്പോള്‍ എന്റെ പുന്നാരപെങ്ങള്‍ ആ ഏരിയയില്‍ പോയിട്ട് ആ പഞ്ചായത്തില്‍ പോലുമില്ലായിരുന്നു..അങ്ങിനെയുള്ള ആളാ എന്നോട് ഇമ്മാതിരിയൊക്കെ പറയുന്നത്.
അങ്ങേരുടെ കത്തി കേട്ട് ബോറടിച്ചിരുന്നതിനാലോ. എന്തൊ എന്നെ നിദ്രാദേവി കടാക്ഷിച്ചു.


കുറച്ച് കഴിഞ്ഞപ്പോ, മാതാശ്രീയുടെ വിളി വന്നു.
“ടാ..ടാ..എഴുന്നേല്‍ക്കടാ..ആ മുഖം ഒക്കെ ഒന്ന് തൊടച്ച് ഇരിക്ക്.”

കാറ് തരക്കേടില്ലാത്ത ഒരു വീടിന്റെ മുന്നില് ചെന്ന് ചെന്നു..
ഇതേത് സ്ഥലം..ഞാന് മനസ്സില് ചോദിച്ചു.
മുറ്റത്ത് അപ്പോള് ആഡ്യത്വമുള്ള മധ്യവയസ്സിലേക്ക് കയറികൊണ്ടിരിക്കുന്ന ഒരാള് പുറത്തേക്ക് വന്നു. അയാളെ നോക്കി മാതാശ്രീ സലാം ചൊല്ലി..”അസ്സലാമു അലൈക്കും.”
“വലൈക്കും മുസ്സലാം” സലാം മടക്കിയിട്ട് അയാള് പറഞ്ഞു “ ഞാന് പെണ്ണിന്റെ വാപ്പ” എന്നിട്ട് എനിക്കും ഒരു ഷേക്ക് ഹാന്റ് തന്ന് വാപ്പ അകത്തേക്ക് കൂട്ടി കൊണ്ട് പോയി.


ആസ് യൂഷ്വല്‍ ഒരു പെണ്ണ് കാണല്‍ ചടങ്ങില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ഒക്കെ പെണ്ണിന്റെ പിതാശ്രീ എന്നോട് ചോദിച്ചു..അതിന് അതിന്റേതായ രീതിയില്‍ ഞാന്‍ ഉത്തരം പറയുകയും ചെയ് തു. പിതാശ്രീ ഇപ്പോള്‍ വിദേശത്ത് നിന്ന് ലീവിന് വന്നത് ആണെന്നും, അടുത്ത കൊല്ലം കല്യാണം നടത്താനാണ് ഉദ്യേശം എന്നും പിതാശ്രീയുടെ വര്‍ത്തമാനത്തില്‍ നിന്നും ഞാന്‍ മനസിലാക്കി. ഇതിന്റെ ഇടക്ക് പെണ്ണിന്റെ മാതാശ്രീ ഞങ്ങള്‍ക്ക് ചായ വിളമ്പുകയും ചെയ് തു. ചായ ഒക്കെ കുടിച്ച് കഴിഞ്ഞ എന്റെ മാതാശ്രീ അകത്തേക്ക് പോയി കാണേണ്ട ആളെ ആദ്യം പോയി കാണുകയും ശേഷം എന്നെ കാണിക്കാന്‍ വേണ്ട് വിളിച്ച് കൊണ്ട് വരികയും ചെയ് തു. ഞാന്‍ കണ്ടു..

തരക്കേടില്ലാത്ത ഒരു സുന്ദരിക്കോത!!..അയ്യൊ..എന്റെ കാലൊക്കെ വിറക്കുന്നു..അധികമൊന്നും എനിക്ക് നോക്കി നില്‍ക്കാന്‍ പറ്റുമോ..ആവൊ..എന്നാലും ധൈര്യം സംഭരിച്ച് ഇരുന്നു..ആദ്യാമായിട്ടുള്ള പെണ്ണ് കാണലല്ലേ.എന്നാലും എന്റെ നെറ്റിയില്‍ അവിടെ ഇവിടെ ഒക്കെ ആയി അല്പം വിയര്‍പ്പ് കണങ്ങള്‍ പൊടിയുന്നുണ്ടായിരുന്നു.


“എന്തേലും ഒക്കെ ചോദിക്കടാ“..എന്റെ മാതാശ്രീയുടെ വക കമന്റ്.
ആസ് യൂഷ്വല്‍ ചോദ്യം എന്റെ വക “ എന്താ പേര്?”
അവള്‍ സജീനയെന്നൊ..സഹീറയെന്നോ പറഞ്ഞു..മൂടിന് തീ പിടിച്ചിരിക്കുമ്പോ ഇതൊക്കെ ആരോര്‍ക്കാന്‍?
“ഇനി നിങ്ങക്ക് എന്തേലും ഒക്കെ സംസാരിക്കാന്‍ ഉണ്ടാകൂല്ലേ..”മാതാശ്രീയുടെ അടുത്ത പാര..
അപ്പോള്‍ പെണ്ണിന്റെ പിതാശ്രീ.. “അതെ അവര്ž സംസാരിക്കട്ടേ..നിങ്ങ അപ്പുറത്തെ റുമിലേക്ക് പൊക്കൊ”

എനിക്കൊന്നും സംസാരിക്കാനില്ലായെന്ന് പറയേണമെങ്കിലും ശബ് ദം പുറത്തേക്ക് അപ്പോള്‍ വന്നില്ല..അതിന് മുന്‍പേ തന്നെ അവള്‍ അങ്ങോട്ട് നടന്നിരുന്നു.
അവിടെ ചെന്ന് കട്ടിലില്‍ ഇരുന്നിട്ട് അവള്‍ ഒരു ചിരി ചിരിച്ചു..ഞാനും അവള്‍ക്ക് എതിര്‍ വശത്തുള്ള കസേരയില്‍ ഇരിപ്പുറപ്പിച്ചു.
“ആദ്യായിട്ടാ പെണ്ണ് കാണാന്‍ പോണേ ല്ലേ..” അവളുടെ ഫസ്റ്റ് ചോദ്യം..
എന്റുമ്മാ..ഇത് ഇങ്ങനെ ഒക്കെ ചോദിക്ക്വോ?
ഞാന്‍ “ഉം” എന്ന് മൂളി. “അത് കണ്ടപ്പോഴേ മനസിലായി” എന്ന് അവള്‍ ഉടന്‍ പറഞ്ഞു..

ഇന്നത്തെ കാലത്തെ പെണ്‍പിള്ളാരുടെ ഒരു കാര്യം..ഞാന്‍ മനസില്‍ പറഞ്ഞു..
“എവ്ടാ പഠിക്കുന്നേ?“
“മൂത്തകുന്നത്ത് ബിടെക്കിന് “
“അപ്പ മാര്യേജിന് ശേഷം ജോലിക്കൊക്കെ പോകാന്‍ താല്പര്യം ഉണ്ടല്ലേ?” എന്നായി എന്റെ നെക്സ്റ്റ് ചോദ്യം..അതിനുള്ള അവള്‍ എടുത്തടിച്ച പോലെ മറുപടി പറഞ്ഞു.
“പിന്നാല്ലാതെ..പിന്നെ എന്തിനാ ഞാന്‍ കഷ്ട്ടപ്പെട്ട് ഇതൊക്കെ പഠിക്കണേ?”

ഇവള്‍ ആള്‍ ഒന്ന് ഒന്നര തരം എന്ന് മനസില്‍ പറഞ്ഞ് കൊണ്ട് ഞങ്ങള്‍ സംസാരം തുടര്‍ന്നു..ഞങ്ങള്‍ക്കിടയില്‍ ഉള്ള ആ അപരിചതത്വം കുറയുന്നത് സാവധാനം ഞാന്‍ അറിഞ്ഞു. അവളെ ഇഷ്ട്ടപെടാനും..


“ടക്ക് ടക്ക്” വാതിലില്ž മുട്ടുന്ന ശബ് ദം.
“ങ് ഹേ!!..ഞാന്‍ ഇതെപ്പോഴാ അടച്ചിട്ടത്..ആരാ ഇത് അടച്ചിട്ടത്..”
വീണ്ടും വാതിലില്‍ മുട്ടുന്നതിന്റെ ശബ് ദം കൂടി വന്നു..
അപ്പുറത്ത് നിന്ന് എന്റെ പ്രിയ മാതാശ്രീ വലിയ ഒച്ചയില്‍ പറഞ്ഞു...


“എഴുന്നേല്‍ക്കെടാ..പാതിരാ വരെ കം പ്യുട്ടറിന്റെ മുന്നില്‍ ഇരുന്നിട്ട് അവന്റെ ഇപ്പോളത്തെ ഒരു ഉറക്കം..സുബഹി ബാങ്ക് കേട്ടിട്ട് നേരം കുറേയായി..ഏണീറ്റ് പള്ളീ പോടാ”
കുറച്ച് നേരം കൂടെ കഴിഞ്ഞിരുന്നെങ്കില്‍ എന്റെ കല്യാണം കൂടേ കഴിയുമായിരുന്നു എന്ന വിഷമത്തോടെ കണ്ണും തിരുമ്മി, പിന്നെ മുണ്ട് ഒന്ന് മുറുക്കിയുടുത്ത് വാതില്‍ തുറക്കാനായി ഞാന്‍ പതുക്കെ എഴുന്നേറ്റു....

26 comments:

മെലോഡിയസ് said...

അങ്ങിനെ ഞാനും ഒരു പെണ്ണിനെ കണ്ടു ;)

ശ്രീ said...

അതു നന്നായി. സ്വപ്നത്തിലാണെങ്കിലും ഒരു പെണ്ണു കാണല്‍‌ തരപ്പെട്ടല്ലോ. ഒരു എക്സ്പീരിയന്‍‌സ് ആയില്ലേ?

:)

വാല്‍മീകി said...

ഹഹഹ അത് ശരി. ഞാന്‍ വിചാരിച്ചു സീരിയസ് ആയിട്ടാണെന്ന്. അതെങ്ങനെയാ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇതൊക്കെയല്ലേ ചിന്ത. പിന്നെങ്ങനെ സ്വപ്നം കാണാതിരിക്കും?

ഏ.ആര്‍. നജീം said...

ആ മാതശ്രീയേയും വീട്ടുകാരേയും പറഞ്ഞാ മതി, മോന് ഡയറ്റിംഗ് ഒക്കെ നടത്തുന്ന സമയത്ത് പുര നിറഞ്ഞ് കവിഞ്ഞ് നിക്കുവാണെന്ന് അവര്‍ ഒരിക്കലെങ്കിലും ഒന്നാലോചിച്ചിരുന്നെങ്കില്‍..ഇതൊക്കെ സംഭവിക്കുമായിരുന്നോ...

ഇനിയിപ്പോ കാര്യങ്ങള്‍ എളുപ്പമായി, പുന്നാര അനിയത്തി ഈ ബ്ലോഗ് വായിക്കും അത് മാതശ്രീയുടെ കാതില്‍ എത്തിക്കും പിന്നെ മൊയ്തീനിക്ക ലാന്റ് ചെയ്യും... പിന്നെന്താ അടുത്ത രാജിക്കത്ത് ബാച്ചി ക്ലബ്ബില്‍ നിന്നും ...

മയൂര said...

ഇത് വീട്ടുകാരെ സമയമായിയെന്നറിയിക്കാന്‍ ഉള്ള ഒരു നമ്പര്‍ അല്ലേ എന്ന് എനിക്ക് ഡൌട്ട് ഇല്ലാതില്ല..;)

നിഷ്ക്കളങ്കന്‍ said...

ഓരോരോ സ്വപ്ന‌ങ്ങക‌ളേ. ചുമ്മാ തുറന്നുപറയെന്റിഷ്ടാ ഉമ്മായോട്, എനിയ്ക്കും കെട്ടണമെന്ന്. :)

കുഞ്ഞന്‍ said...

ചുള്ളാ..കെട്ടുപ്രായം ആയി എന്നെ കെട്ടിക്കൂ എന്ന സിഗ്നല്‍ കൊടുത്തുവല്ലെ..പാവം ബാച്ചി ക്ലബ്ബ് ഇതും കൂടി താങ്ങാനുള്ള ശേഷിയുണ്ടൊ ആവൊ..?

ആളെ മക്കാരാക്കി...അത്രക്കു നന്നായി എഴുതീരിക്കണൂ...!

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

മെലോഡീ, ഞാന് എടപെടണോ...ഉമ്മയുമായി ഞാന് സംസാരിക്കാം....അല്ലാ മനസിലുള്ള ഓരോ ആഗ്രഹങ്ങളാണ് ഈ സ്വ്പനമായി അവതരിക്കുന്നതേ :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇക്കാസേ ധീരതയോടെ നയിച്ചോളൂ ഒന്നേ രണ്ടേ പിന്നാലെ...

പ്രയാസി said...

ഉമ്മാ ഉമ്മാ ഉമ്മാ..
എന്നാണെന്റെ കല്യാണം
വയസു 35 ആയി
ഇക്കാസും കെട്ടി ചാത്തനും കെട്ടി
കൂടെ ബ്ലോഗിയോരെല്ലാരും കെട്ടി..:)

KuttanMenon said...

:)

തമനു said...
This comment has been removed by the author.
തമനു said...

ക്ലൈമാക്സ് അവസാനം വരെ നില‍നിര്‍ത്തി മെലോഡിയസേ ...

നന്നായി...

ഇത്തിരിവെട്ടം said...

മെലോഡിയസേ ഇതിന്റെ ഉത്തരാവാദിത്വം മുഴുവനും ആ ഇക്കാസിനും കു.ചാത്തനുമാണ്...

Cartoonist said...

അതൊക്കെ ശരി,
മിസ്സിസ് വൈറ്റ്ലഗോണ്‍സുമായുള്ള മെലോയുടെ
ദീര്‍ഘകാല സംബന്ധം മിസ്.മലീമസലീമയ്ക്ക് അറിയാമോന്നന്വേഷിച്ചോ ?

സഹയാത്രികന്‍ said...

ഹ ഹ ഹ കൊള്ളാം... പറ്റിച്ചേ...

ഇന്നലെ കല്യാണത്തിലെ ആര്‍ഭാടത്തിനെതിരെ...ഇന്ന് പെണ്ണ് കാണല്‍... ഇത് അനിയത്തി വായിക്കാന്‍ വേണ്ടിത്തന്നെ...
:)

സുഗതരാജ് പലേരി said...

ഹ... ഇതുവെറും സ്വപ്നമായിരുന്നാല്ലേ.....?

നന്നായി. വളരെനന്നായി (എഴുത്ത്!)

പൈങ്ങോടന്‍ said...

ഞാന്‍ പുരനിറഞ്ഞു നില്‍ക്കുവാണെന്ന് ബ്ലോഗു വഴി വീട്ടുകാരെ അറിയിച്ച മഹാ,,,നീ മിടുക്കന്‍...

സംഗതി ഉഷാറായിട്ടുണ്ട്...മൂത്തുകുന്നം..ബി.ടെക്..എന്തോ യെവിടേയോ മണക്കുന്നുണ്ടോ.ഇല്ലേ? ഉണ്ടെന്നാ എനിക്ക് തോന്നണേ..

അഭിലാഷങ്ങള്‍ said...

ങും..!

‘ഏക് ബാച്ചിക്ലബ്ബ് കാ ബച്ച‘ എന്ന നിലയില്‍ ‘എന്റെ പെണ്ണുകാണല്‍’ എന്നൊക്കെ ടൈറ്റില്‍ കണ്ട് അല്പം എക്സ്പീരിയന്‍‌സ് ഒക്കെ കിട്ടുമല്ലോന്ന് കരുതി എക്സൈറ്റഡായി വന്നതാ... ! ആസ്വദിച്ച് വരികയായിരുന്നു, അപ്പഴാ മാതാശ്രീ വാതിലിന് മുട്ടി ആകെ ഗുലുമാലാക്കിയത്... ആ പോട്ടേ..!

എന്റെ വക ഒരു പ്രസ്‌താവന: "പാതിരാ വരെ കംപ്യുട്ടറിന്റെ മുന്നില്‍ ഇരുന്നിട്ട് കേരളമേട്രിമോണി.കോം നോക്കിയിരുന്ന് ഉറങ്ങിപ്പോയാല്‍ ഇതല്ല, ഇതിലപ്പുറവും സ്വപ്നം കാണാന്‍‌ പറ്റും എന്ന് ഞാന്‍‌ ഉറപ്പിച്ച് പറയുന്നു!”.

പ്രസ്‌താവനക്ക് പിന്നിലെ ചേതോവികാരം: അനുഭവം ഗുരു!! :-)

മെലോഡിയസ്സേ, നന്നായിട്ടുണ്ട് കേട്ടോ..

-അഭിലാഷ്

ആഷ | Asha said...

മയൂര ചോദിച്ച അതേ ചോദ്യം തന്നെ എനിക്കും
എന്താ മറുപടി?

കൊച്ചുത്രേസ്യ said...

ങും മനസ്സിലായി മോനേ......

ഇത്തിരീം കൂടി ഒന്നു ക്ഷമി...പത്താം ക്ലാസ്സ്‌ പാസാവുന്നതു വരെയെങ്കിലും :-)

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

കരീം മാഷ്‌ said...

ഇതിപ്പഴാ വായിച്ചത്.
വെറുതയല്ല ചെലവുകുറഞ്ഞ കല്യാണത്തെ കുറിച്ചു ചിന്തിക്കുന്നത്.
സ്വപ്നത്തില്‍ കല്യാണമായാല്‍ ചെലവു വളരെ തുച്ഛം.
കൊള്ളാം.

മെലോഡിയസ് said...

ശ്രീ: ശരിക്കും എന്റെ കുടുംബത്ത് ഏറ്റവും കൂടുതല്‍ പെണ്ണ് കാണാന്‍ പോയത് ഞാന്‍ തന്നെയാ. പക്ഷേ അതെല്ലാം എന്റെ ജേഷ്‌ഠന്മാര്‍ക്ക് വേണ്ടിയായിരുന്നു.

വാല്‍മീകി : ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് ഉടനെയൊന്നും നേരം വെളുക്കല്ലേന്നാ..ഈ വാല്‍മീകിയുടെ ഒരു കാര്യം.

നജീംക്കാ : അവള്‍ എന്റെ ബ്ലോഗ് വായന പണ്ടേ നിറുത്തി. :)

മയൂര : ഞാന്‍ മനസില്‍ പോലും വിചാരിക്കാത്തത് പറയല്ലേ ട്ടാ..

നിഷ്‌കളങ്കന്‍ : സമയമാകുമ്പോ പറയണം. എനിക്ക് കല്യാണ പ്രായമൊന്നും ആയിട്ടില്ലാ ട്ടാ.

കുഞ്ഞന്‍ ചേട്ടാ : നിഷ്‌കളങ്കനോട് പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളു..നന്ദി ട്ടാ‍ :)

ജിഹേഷേ: ചതിക്കരുത്. കുറച്ച് കാലം കൂടെ ഇത്തിരി സമധാനമായിട്ട് കഴിഞ്ഞിട്ട് മതി ( വിവാഹിതര്‍ എന്നെ തല്ലാന്‍ വരണ്ടാ..ഒരു ബാച്ചി പൊതു തത്വം പറഞ്ഞതാ )

കുട്ടിചാത്താ: ഞങ്ങളെയൊക്കെ പറ്റിച്ച് ഇക്കാസിന്റെ കൂടെ മറുകണ്ടം ചാടിയോനെ. അനക്കുള്ളത് പിന്നെ തരാം..ഞാനും ദില്‍ബനു ഒന്നൂല്ലാ നിങ്ങടെ പുറകെ..


പ്രയാസി: എല്ലാവാര്‍ക്കും പ്രയാസിയുടെ പ്രായമായീന്ന് കരുതി ഇങ്ങനെ മറ്റുള്ളവരുടെ വയസ്സ് കൂട്ടി പറയല്ലേ :(

കുട്ടന്‍ മേനോനെ : നന്ദി.

തമനൂ : നന്ദീ ട്ടാ :)

ഇത്തിരീ: ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇങ്ങക്ക് മാത്രമാണ്.വെറുതേ അവരുടെ മേലെ ചാരണ്ടാ ട്ടാ. ഇങ്ങള് ജീ ടാക്കില്‍ പറഞ്ഞ് പിരി കേറ്റിയതോണ്ടല്ലെ ഇതൊക്കെ പറ്റിയത് :( ( ഇനി ബാച്ചി ക്ലബ്‌കാരു ബാക്കി കാര്യം നോക്കിക്കോളും ;) )


സജ്ജീവേട്ടാ: വേണ്ടാ..വേണ്ടാ :)


സഹയാത്രികാ: ആര്‍ഭാടമില്ലാത്ത കല്യാണമാ ഞാന്‍ എപ്പോഴും സ്വപ്നം കാണുന്നതും നടപ്പില്‍ വരുത്താന്‍ വിചാരിച്ചിട്ടുള്ളതും.

സുഗതരാജ് : നന്ദി :)


പൈങ്ങോടാ : നന്ദി ട്ടാ..മൂത്തകുന്നവും അവിടുത്തെ എഞ്ചിനീയറങ്ങ് കോളേജും അവിടുത്തെ ബിടെക്കും, എനിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ല. ആദ്യം തന്നെ ഡിസ്‌ക്ലൈമര്‍ എഴുതാന്‍ മറന്നു പോയി.


അഭിലാഷേ: ഞാന്‍ മാട്രിമോണിയല്‍ സൈറ്റ് ഒന്നും നോക്കാറില്ലാ. നാട്ടില് തപ്പിയിട്ട് പെണ്ണ് കിട്ടിയില്ലെങ്കില്‍ പോരെ നെറ്റില്‍ തപ്പാന്‍ എന്നൊക്കെ ഇപ്പൊ പറയും .. പെണ്ണ് കെട്ടാന്‍ നേരത്ത് എന്ത് വേണമെന്ന് അപ്പോള്‍ ആലോചിക്കാം ല്ലേ ;)


ആഷ: മയൂരക്ക് കൊടുത്ത അതേ മറുപടി തന്നെ ഞാനും പറയുന്നു. :)

കൊച്ച്ത്രേസ്യാ: എന്റെ SSLC ബുക്ക് പേജ് ഇപ്പോള്‍ എത്രയായി എന്ന് ഞാന്‍ തന്നെ പറയണോ? പത്താം ക്ലാസ് പാസ് ആയില്ലെങ്കില്‍ ആരും പെണ്ണ് തരൂല്ലേ? :(

ഹരികുമാര്‍ : നന്ദി

കരിം മാഷേ: സ്വപ്നത്തിലും എന്റെ കല്യാണം വളരെ ലളിതമായിരിക്കും. ജീവിതത്തിലും അത് പോലെ തന്നെ പ്രാവര്‍ത്തികമാക്കണം. :)

കൃഷ്‌ | krish said...

ഇക്കാസിനു പുറ്കെ, കുട്ടിത്തം മാറാത്ത ചാത്തന്‍, അതിന്‍റെ പുറകെ എനിക്ക് ത്തിരി തടിയുണ്ടെന്ന് വെച്ച് പെണ്ണ് കിട്ടൂലേ എന്നു പറഞ്ഞ് മെലോഡിയസ്. ശരിക്കും കരുതി മെലോഡിയസും ബാച്ചിക്ലബില്‍ നിന്നും തടിയൂരാന്‍ രാജിക്കത്തുമായി നടക്കുകയാണെന്ന്.
ഹൊ. ഇതു സ്വപ്നമായിരുന്നൊ. സ്വപ്നം കണ്ടുകണ്ടാണല്ലോഅത് ഒരിക്കല്‍ ഫലിക്കുന്നത്.
ക്ലബില്‍ ബാക്കി വന്ന നാലഞ്ചുപേരുടെ മനസ്സുനിറയെ ഇപ്പോള്‍ സ്വപ്നങ്ങളാ. പിന്നെ ഒരു ചാലഞ്ചും, ആരാ മുന്നേ ഇറങ്ങുക.

സ്വപ്നം കലക്കിക്കളഞ്ഞു (ഉമ്മയേ..)

maheshcheruthana/മഹേഷ്‌ ചെറുതന said...

ക്ലൈമാക്സ് നന്നായി...ഇതിനു സത്യവുമായി എന്തെങ്കിലും ബന്ധമുണ്ടൊ?