Friday, November 2, 2007

വറ്റ്കറ ജോസൂട്ടനും മൊബൈലും

ജോസുട്ടന്‍ എന്ന വറ്റ്കറ ജോസുട്ടന്‍ എന്ന് കേട്ടാല്‍ നാട്ടിലെ ഒരു വിധപ്പെട്ട, എന്ന് വെച്ചാല്‍ പതിനേഴിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ഒരു വിധപ്പെട്ട പെണ്ണുങ്ങള്‍ക്ക് ഒരു പേടിസ്വപ്നമായിരുന്നു..ഒന്ന് അസ്സലായി കോളേജിലോ, അല്ലെങ്കില്‍ പ്ലസ് ടുവിനോ പഠിച്ച് വരുമ്പോഴായിരിക്കും ഇങ്ങനയൊക്കെ ഉള്ളതിനെ ജോസുട്ടന്റെ കണ്ണില്‍ പെടുന്നത്. പിറ്റേന്ന് എങ്ങിനെയെങ്കിലും ജോസുട്ടന്‍ ആ പെണ്ണിന്റെ വീട് തപ്പിപിടിച്ച് ഒരു ആലോചന നടത്തിയിരിക്കും. മൂന്നര തരം. ജോസുട്ടനു വേണ്ടിയല്ല. നാട്ടിലെ വേറെ ആണ്‍പിള്ളേര്‍ക്ക് വേണ്ടി. കാരണം, ജോസുട്ടന്‍ നാട്ടിലെ എണ്ണം പറഞ്ഞ ഒരു കല്യാണ ബ്രോക്കറായിരുന്നു.


"വറ്റ്കറ" എന്ന് കേട്ടാല്‍ പിന്നെ മൂലക്കുരു വന്നവന്റെ അവസ്ഥ പോലാകും ജോസുട്ടന്‍. അങ്ങിനെ വിളിച്ചവനെ നാല് തെറി തിരിച്ച് വിളിച്ചില്ലെങ്കില്‍ ജോസുട്ടന് നില്‍പ്പിരിപ്പ് കിട്ടില്ല. തന്റെ അപ്പനിക്ക് വേറേ എന്തൊക്കെ ജോലി നോക്കായിരുന്നു. ഈ കറവ വറ്റിയ കന്നാലികളെ തേടി പിടിച്ച് നാട്ട്കാര്‍ക്ക് വിറ്റ് കൊടുക്കേണ്ട വല്ല കാര്യവും അപ്പനുണ്ടാര്‍ന്നോന്ന് ഇടക്കിടക്ക് അവന്‍ ആലോചിക്കും. പിന്നെ ജോസുട്ടന്റെ അപ്പന്‍ വറ്റ്കറ വറീത് ഇടക്കിടെ പറയുമായിരുന്നു " ന്റെ അപ്പന്‍ ഒരു പറമ്പിന്റെ ദല്ലാളായിരുന്നു. ഞാന്‍ എങ്ങിന്യക്കൊയൊ കന്നാലീന്റെ ദല്ലാളായി. ന്റെ മോനെ ഞാന്‍ ഒരു കല്യാണ ബ്രോക്കറാക്കും" പക്ഷെ അത് കാണാനുള്ള സൌഭാഗ്യം വറിതാപ്ലക്ക് കര്‍ത്താവീശോമിശിഹ കൊടുത്തില്ല. അതിന് മുമ്പേ തന്നെ അങ്ങേര്‍ പെട്ടന്ന് പെര്‍മെനന്റ് വിസയും പെട്ടിയുമെടുത്ത് യാത്രയായി.


അപ്പന്‍ പോയതിന് ശേഷം ഇനിയെന്ത് എന്ന ചോദ്യവുമായി നിന്ന ജോസുട്ടനോട് പലരും പറഞ്ഞു അപ്പന്റെ പണി തന്നെ ചെയ്യാന്‍ . ഇനിയീ ജന്മത്ത് ആ പണി ചെയ്യൂല്ലാ എന്ന് തീരുമാനിച്ചുറപ്പിച്ച വേറെയെന്തെങ്കിലും ചെയ്യണംന്ന് കരുതിയാണ് നേരെ വടക്കോട്ട് വെച്ച് പിടിച്ചത്. ലക്ഷ്യം വേറൊന്നുമല്ലായിരുന്നു. ലുലുവിന്റെ മുതലാളി യൂസഫലിക്കാനെ കാണണം. എന്തെങ്കിലും പണിയൊപ്പിക്കണം. അങ്ങിനെ എന്തോ ഭാഗ്യത്തിന് ജോസുട്ടന്‍ ദുബായിലെത്തി. എത്തി ഒരു കൊല്ലം തികക്കുന്നതിന് മുന്‍പ് ആള് നാട്ടിലുമെത്തി. അവിടെ സ്‌റ്റോറില്‍ സാധങ്ങള്‍ ചുമക്കുന്ന പണിക്കൊന്നും നുമ്മളെ കിട്ടൂല്ലാ, നുമ്മടെ മസിലിനൊന്നും അത് അത്രങ്ങട് പിടിക്കണില്ല എന്നായിരുന്നു വെറും 4’10” പൊക്കവും പിന്നെ അതിനൊത്ത ശരീരവുമുള്ള ജോസൂട്ടന്റെ വാദം. എന്നാലും ഇപ്പോഴും യൂസഫലിക്ക നമ്മട സ്വന്തം ഗഡിയാണെന്നും ഞാന്‍ ഒന്ന് വിളിച്ചാല്‍ പുള്ളിക്കാരന്‍ വിളിപ്പുറത്താണെന്നും ദുബായ് ജീവിതത്തിനിടയില്‍ സ്വന്തമാക്കിയ ഇഷ്‌ട്ടികയോളം വലുപ്പമുള്ള മൊബൈല്‍ തടവി ജോസുട്ടന്‍ പറയും. അതെപ്പോഴും കല്യാണത്തിന് മണവാട്ടി കെട്ടിയ അരപ്പട്ട പോലെ എപ്പോഴും ജോസുട്ടന്റെ അരയില്‍ എല്ലാവരും കാണലേ തന്നെ പ്രതിഷ്ഠിച്ചിട്ടുണ്ടാകും.


ആ മൊബൈല്‍ ഒന്ന് എടുത്ത് നോക്കണം. ഇടക്ക് പുള്ളിക്കാരന്‍ തന്നെ അത് എടുത്ത് ഒരു കൈയ്യില്‍ നിന്ന് മറ്റേ കൈയ്യിലേക്ക് തട്ടികളിക്കും. ചുമ്മാ വെറുതെ..നമ്മടെ കൈയ്യിലും ഈ മൊതല് ഉണ്ടെന്ന് കാണിക്കാനൊന്നുമല്ല. കൈക്കുഴക്ക് ഒരു എക്സര്‍സൈസ് ആയിക്കോട്ടെയെന്ന് കരുതിയാ ജോസുട്ടന്‍ അത് അങ്ങിനെ കാണിക്കുന്നത്. ആ മൊബൈല്‍ ഫോണ്‍ എടുത്ത് നോക്കിയാല്‍ ആരായാലും ഞെട്ടും. കാരണം തൃശ്ശൂര്‍ ജില്ലയിലേയും സമീപ പ്രദേശങ്ങളിലേയും ഡി.വൈ.എസ്.പി മുതല്‍ താഴോട്ടുള്ള സകലരുടേയും നമ്പര്‍ അതില്‍ കാണാം.


ജോസുട്ടന്‍ ഇടക്കിടെ എന്നെ കാണാന്‍ വരും. ദൂരെ നിന്ന് കണ്ടാല്‍ ഞാന്‍ മുങ്ങലാണ് പതിവ്. കാരണം ജോസുട്ടന്റെ വധിക്കല്‍ ഒരു ഒന്ന് ഒന്നര വധമായിരുന്നു. വരാലിനെ തോട്ടില്‍ കണ്ടപ്പോള്‍ എങ്ങിനെങ്കിലും പിടിക്കണമെന്ന് കരുതി അപ്പോള്‍ തന്നെ വലിച്ച് കൊണ്ടിരുന്ന സിഗരറ്റ് തോട്ടിലിടുകയും വരാല്‍ അത് വിഴുങ്ങി പുളഞ്ഞ് വെടി തീര്‍ന്നതും ഒക്കെ വീണ്ടും കേള്‍ക്കാനുള്ള ത്രാണി നമ്മക്ക് ഒട്ടുമില്ല. പക്ഷേ ഈ തവണ എനിക്കതില്‍ നിന്ന് രക്ഷപെടാന്‍ പറ്റിയില്ല. എന്നെ മുന്നില്‍ പിടിച്ച് വെച്ച് കത്തി തുടങ്ങി..ദുബായ് പുരാണവും അവിടുത്തെ റോഡുകളെയും ബില്‍ഡിംഗങ്ങളെയും ഒക്കെ പറഞ്ഞ് പറഞ്ഞ് അവസാനം വിഷയം മാറ്റാനായി ഞാന്‍ മൊബൈലിലേക്ക് നോട്ടമിട്ടു. ആ ഇഷ്ട്ടിക കഷ്ണത്തിന് പകരമൊണ്ട് നല്ല കിടിലന്‍ സോണി എറിക്‍മോന്റെ ( എറിക്സണ്‍)‌ മൊബൈല്‍. ഇതെവിടുന്ന് ഒപ്പിച്ചൂ ന്ന് ചോദിച്ചപ്പോള്‍ ഒരു കല്യാണം ഒപ്പിച്ചു. ബ്രോക്കര്‍ കാശ് കിട്ടിയപ്പോള്‍ ഇതൊരണ്ണം വാങ്ങി. ഇതിലെ പാട്ടൊക്കെ കേക്കാം എന്നൊക്കെ പറഞ്ഞ് അതിലായി ഗുസ്തി.


"ഇതിലും ഡി.വൈ.എസ്.പിയുടെ നമ്പറ് ഒക്കെ കാണുമല്ലേ ന്ന്" ഞാന്‍ ചുമ്മാ ചോദിച്ചപ്പോള്‍ പുള്ളിക്കാരന്‍ ഒരു ആക്കിയ ചിരി. എന്നിട്ട് പറയാ.."നിന്നോട് ആയത് കൊണ്ട് ഞാന്‍ ഒരു കാര്യം പറയാ..നീ ഇങ്ങട് വാ" ഞാന്‍ അടുത്ത് ചെന്നാപ്പോള്‍ ഓരോ നമ്പര്‍ എടുത്ത് കാണിച്ച് തന്നിട്ട് പറഞ്ഞു.


"ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടേ നമ്പര്‍ കണ്ടാ..ഇത് ആരാന്ന നിന്റെ വിചാരം..നമ്മട മാമനല്ലേ.. പറവൂര്‍ എസ്. ഐ നമ്മട കുഞ്ഞാപ്പനല്ലേ...ഇങ്ങനെ നുമ്മടെ ഓരൊ ബന്ധുക്കള്‍ക്ക് നുമ്മ ഓരോ സ്ഥാനമാങ്ങള്‍ അങ്ങട് നല്‍കും..എങ്ങാനും നുമ്മട മൊബൈല്‍ ആരേലും അടിച്ച് മാറ്റിയാല്‍..അടിച്ച് മാറ്റുന്നവന്‍ ഇതൊക്കെ ഒരിക്കലേ നോക്കോള്ളു. പിന്നെയവന്‍ സാധനം വേണേല്‍ വീട്ടീ കൊണ്ടത്തരും..അമ്മാതിരി വേലയല്ലെ നുമ്മ കാണിച്ച് വെച്ചേക്കണത്"


ഇതെല്ലാം കേട്ട് തുറന്ന് പോയ എന്റെ വായ അടക്കാന്‍ ഞാന്‍ കുറച്ച് സമയമെടുക്കേണ്ടി വന്നു!!

17 comments:

മെലോഡിയസ് said...

ഉടനേയൊരു പോസ്റ്റ് ഇടേണ്ടി വരുംന്ന് കരുതിയതല്ല. എന്നാലും അതങ്ങട് കാച്ചി..

ശ്രീ said...

അതേതായാലും നന്നായി. ഈ പോസ്റ്റേയ്.

ജോസൂട്ടന്‍‌ കലക്കി


“അതെപ്പോഴും കല്യാണത്തിന് മണവാട്ടി കെട്ടിയ അരപ്പട്ട പോലെ എപ്പോഴും ജോസുട്ടന്റെ അരയില്‍ എല്ലാവരും കാണലേ തന്നെ പ്രതിഷ്ഠിച്ചിട്ടുണ്ടാകും.”
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:മെലോഡീ ഇമ്മാതിരി അന്താരാഷ്ട്ര രഹസ്യങ്ങളൊന്നും ഇങ്ങനെ വിളിച്ച് പറേരുത്.

എന്തായാലും ഐഡിയ(കമ്പനിയല്ല) കലക്കി.
എന്നാലും ഇടിക്കട്ടയായിരുന്ന കാലത്തും ഇങ്ങനെ നമ്പര്‍ സ്റ്റോര്‍ ചെയ്തതെന്തിനാ? അതാരെടുക്കാനാ?

പ്രയാസി said...

കൊള്ളാം..:)

G.manu said...

വരാലിനെ തോട്ടില്‍ കണ്ടപ്പോള്‍ എങ്ങിനെങ്കിലും പിടിക്കണമെന്ന് കരുതി അപ്പോള്‍ തന്നെ വലിച്ച് കൊണ്ടിരുന്ന സിഗരറ്റ് തോട്ടിലിടുകയും വരാല്‍ അത് വിഴുങ്ങി പുളഞ്ഞ് വെടി തീര്‍ന്നതും ഒക്കെ വീണ്ടും കേള്‍ക്കാനുള്ള ത്രാണി നമ്മക്ക് ഒട്ടുമില്ല

ithu kalaki

വാല്‍മീകി said...

ഇപ്പോഴും വായ് തുറന്നു തന്നെ ആണോ?
എന്തായാലും പോസ്റ്റ് കൊള്ളാം.

നിഷ്ക്കളങ്കന്‍ said...

ഹോ. ജോസുട്ടന്‍ കൊല്‍ബാതക‌ം തന്നെ. :)

കുഞ്ഞന്‍ said...

4’10” വറ്റ് കറ കലക്കി...!

സഹയാത്രികന്‍ said...

ജോസൂട്ടന്‍ ആള് കൊള്ളാലോ...

ആ വരാലിനെ പിടിക്കണത് എനിക്കങ്ങ് പിടിച്ചു.
:)

ഏ.ആര്‍. നജീം said...

ശൊ, ഈ മെലോഡിയസും അതിന് പറ്റിയ ജോസൂട്ടിയും... എനിക്ക് വയ്യേ.. ഞാന്‍ ഒന്നും പറയുന്നില്ല....
:)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

വരാലിനെ തോട്ടില്‍ കണ്ടപ്പോള്‍ എങ്ങിനെങ്കിലും പിടിക്കണമെന്ന് കരുതി അപ്പോള്‍ തന്നെ വലിച്ച് കൊണ്ടിരുന്ന സിഗരറ്റ് തോട്ടിലിടുകയും വരാല്‍ അത് വിഴുങ്ങി പുളഞ്ഞ് വെടി തീര്‍ന്നതും....മെലോഡിയസേ...രസകരം :)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

പിന്നെ കൊടുങ്ങലൂരില് ..ലെവിടെ?

മെലോഡിയസ് said...

ശ്രീ : നന്ദി ട്ടാ.

കുട്ടിച്ചാത്താ: ജോസുട്ടനും തന്റെ മൊബൈല്‍ തന്‍ കുഞ്ഞ് പൊന്‍‌കുഞ്ഞ്

പ്രയാസി: നന്ദി

മനു: നന്ദി

വാല്‍മീകി : വായ കുറച്ച് കഴിഞ്ഞപ്പോള്‍ അടച്ചു..എന്നാലും അതിന്റെ ഇഫക്റ്റ് കുറച്ചു നേരം ഉണ്ടായിരുന്നു ട്ടാ..

നിഷ്കളങ്കന്‍ : :)

കുഞ്ഞന്‍ : നന്ദി ട്ടാ :)

നജീംക്കാ : ഇങ്ങള്ക്കിട്ട് ഒരു പാര വെച്ചാലോന്ന് ആലോചിക്കുന്നുണ്ട് ;)

ജിഹേഷ് : നന്ദി ട്ടാ..എന്റെ വീട് കൊടുങ്ങല്ലൂര്‍ ടൌണില്‍ നിന്ന് കുറച്ച് പോരണം. അഴീക്കോട് ഭാഗത്താണ് വീട്.

മയൂര said...

ജോസൂട്ടന്നാണു താരം...:)

Senu Eapen Thomas, Poovathoor said...

സിഗററ്റ്‌ ഇട്ട്‌ വരാലിനെ പിടിയ്ക്കുന്നവര്‍ കൊടുങ്ങല്ലൂരിനു സ്വന്തം. വറ്റ്‌ കറ നല്ല പേരു. ഞങ്ങളുടെ നാട്ടിലും ഉണ്ട്‌ ഈ മാതിരി മൊതലുകള്‍....

പഴമ്പുരാണംസ്‌

പൈങ്ങോടന്‍ said...

"വെറും 4’10” പൊക്കവും പിന്നെ അതിനൊത്ത ശരീരവുമുള്ള ജോസൂട്ടന്റെ വാദം"...ഇതു വായിച്ചേന് ശേഷം ഞാനാ പ്രൊഫൈല്‍ ഫോട്ടോയിലേക്ക് ഒന്നുകൂടി നോക്കി...സത്യം പറ..ജോസൂട്ടന്‍ തന്നെയല്ലേ നീ....നീ തന്നെയല്ലേ ജോസൂട്ടന്‍..
ഹി ഹി ഹി

വിനു said...

വരാലിനെ തോട്ടില്‍ കണ്ടപ്പോള്‍ എങ്ങിനെങ്കിലും പിടിക്കണമെന്ന് കരുതി അപ്പോള്‍ തന്നെ വലിച്ച് കൊണ്ടിരുന്ന സിഗരറ്റ് തോട്ടിലിടുകയും വരാല്‍ അത് വിഴുങ്ങി പുളഞ്ഞ് വെടി തീര്‍ന്നതും ഒക്കെ .........കിടിലം
പിന്നെ ഞാന്‍ ഒരു തുടക്കാകരനാണ് സമയം കിട്ടിയാല്‍ ഒന്നു visit ചെയ്യുക :http://www.nerambokkukal.blogspot.com/