Monday, October 29, 2007

ചില ഡയറ്റിങ്ങ് വിശേഷങ്ങള്‍

അല്ലെങ്കിലും തന്നെ ബാധിക്കാത്ത കാര്യങ്ങളില്‍ , ഒന്നു കൂടി വ്യക്തമാക്കി പറഞ്ഞാല്‍ വേണ്ടാത്ത കാര്യങ്ങളില്‍ തലയിടരുതെന്ന് കാര്‍ന്നോമ്മാര് പറയുന്നത് വെറുതെയല്ല. അല്ലെങ്കില്‍ പിന്നെ മാതാശ്രീയുടെ ബ്ലഡ് പ്രഷര്‍ നോക്കുന്ന നേരത്ത് " എടീ‍, ന്റെയും കൂടെ ഒന്ന് ചെക്ക് ചെയ്യ് " ന്ന് കുറച്ച് ഗമയില്‍ മാമന്റെ മോളോട് പറയേണ്ട വല്ല കാര്യവുമുണ്ടായിരുന്നോന്ന് ആലോചിക്കാന്‍ പിന്നീട് എതാനും സമയം മാത്രമേ വേണ്ടി വന്നുള്ളു. പ്രഷര്‍ ഒക്കെ നോക്കി കഴിഞ്ഞപ്പോള്‍ ബ്ലഡ് പ്രഷര്‍ ഒരു പൊടിക്ക് കൂടുതല്‍ . പോരെ പൂരം!!. അല്ലെങ്കിലേ എന്റെ തടിയില്‍ അസൂയ പൂണ്ടിരിക്കുന്ന ( ചുമ്മാ, എന്റെയൊരു സമാധാനത്തിന് അങ്ങിനെ പറയട്ടെ ) കസിന്‍സിന് പറയാന്‍ ഇതില്‍ കൂടുതല്‍ വല്ലതും വേണോ?. എനിക്ക് പ്രഷര്‍ കൂടുതലാന്ന് എന്റെ പ്രഷര്‍ നോക്കിയവള്‍ കണ്ണും പൂട്ടി പറയുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. മാതാശ്രീ ഇത് കേട്ടതും ആകെ അങ്കലാപ്പിലായി. "ഇനി നിനക്ക് മട്ടണ്‍ വേണം, ചിക്കന്‍ വേണം, ബീഫ് കറി വേണം എന്നൊക്കെ പറഞ്ഞ് വാ" ഇതും കൂടെ കേട്ടപ്പോള്‍ പൂര്‍ത്തിയായി. അതും നോമ്പ് കഴിഞ്ഞ് രണ്ടാം പെരുന്നാളിന്റെയന്ന്. അല്ലെങ്കിലേ ശവമായി ഇരിക്കുകയാ.. അതിന്റെ കൂടെ ഇങ്ങനെയൊരു കുത്തും കൂടെ വേണോ മാതാശ്രീ എന്ന് ഞാന്‍ ദയനീയമായി നോക്കി.


അപ്പുറത്ത് അടുക്കളയില്‍ നിന്ന് നല്ല അസ്സല്‍ മട്ടണ്‍ കറിയും നെയ്യ്‌ചോറും ഉണ്ടാക്കി വരുന്നതിന്റെ ഗന്ധം പോലും മര്യാദക്ക് ആസ്വദിക്കാന്‍ എനിക്കന്ന് സാധിച്ചില്ല. അല്ലെങ്കില്‍ അതൊക്കെ ഒരു പരുവം ആയി വരുമ്പോഴേക്കും ഞാന്‍ ആയിരിക്കും ആദ്യം പോയി ഒന്ന് ടേസ്റ്റ് നോക്കുന്നത് ( ടേസ്റ്റ് നോക്കല്‍ എന്ന് പറഞ്ഞാല്‍ ഇച്ചിരി ചോറും ഒരു പാത്രം കറിയും..അത്രേം ഒള്ളു ) ഇപ്രാവശ്യം അതിന് വേണ്ടി എഴുന്നേറ്റ് പോകാന്‍ പോയപ്പോള്‍ മാതാശ്രീ "ഇരിയെടാ അവിടെ" എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു. പിന്നീട് പല പല നിര്‍ദ്ദേശങ്ങളും അവിടെ നിന്ന് പൊങ്ങി വന്നു. കൂട്ടത്തില്‍ അല്പമെങ്കിലും ജിമ്മന്‍ ആയിട്ടുള്ള എന്റെ കുഞ്ഞുമ്മായുടെ രണ്ടാമത്തെ പൊന്നോമന പുത്രന്‍ മൊഴിഞ്ഞത് ഇങ്ങനെ ആയിരുന്നു.. " ഇക്ക എന്റെ കൂടെ രാവിലെ തന്നെ ഓടാന്‍ പോര്. ഞാന്‍ സുബഹി നിസ്കരിച്ച് കഴിഞ്ഞിട്ട് വീട്ടില്‍ വരാം. നമുക്ക് ഒന്നിച്ച് ഓടാം " ഞാന്‍ അവനെ തുറിച്ചൊരു നോട്ടം നോക്കി. സുബഹി നിസ്കാരവും കഴിഞ്ഞ് തല വഴി മൂടി പുതച്ച് കിടന്നുറങ്ങേണ്ട സമയത്ത് ഓടാന്‍ നിന്റെയത്ര ഓളം എന്റെ തലക്കില്ല എന്നായിരുന്നു ആ നോട്ടത്തിന്റെ മൊത്തത്തിലുള്ള ഒരു മീനിങ്ങ്. അതോടെ അവന്‍ മിണ്ടാട്ടം നിറുത്തി.


അടുത്ത ഊഴം, എനിക്ക് ഏത് പാര വരുമ്പോഴും പണിയുമ്പോഴും അതില്‍ ആനന്ദം കണ്ടെത്തുകയും, മിക്കപ്പോഴും അതിന്റെ ആക്കം കൂട്ടാന്‍ കൂട്ടത്തില്‍ ഒരു കട്ടാം‌പാര തന്നെ വെക്കുന്ന തരവുമായ എന്റെ പുന്നാര പെങ്ങള്‍ ആയിരുന്നു . അവള്‍ പറഞ്ഞു. " ഇക്കാന്റെ തടി ഇനി കൂടാന്‍ സമ്മതിക്കരുത്. കണ്ടില്ലേ, പ്രഷര്‍ ഒക്കെ കൂടിയിരിക്കുന്നത്. ഇക്കാന്റെ ഈ തീറ്റയും കൂടെ ആയാല്‍ പൂര്‍ത്തിയായി. തടി കുറക്കാന്‍ ഒരു വഴി ചെയ്യാം..ഭക്ഷണം കുറച്ചാല്‍ മതി" ആള്‍‌റെഡി ശവമായിരിക്കുന്ന എന്റെ നെഞ്ചില്‍ രണ്ടാമത്തെ കത്തി അവള്‍ കുത്തിയിറക്കി


അടുത്ത കുത്ത് ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ എന്റെ അമ്മായിയുടെ വക. “ഇവന്‍ ഒന്ന് ഡയറ്റിങ്ങ് നടത്തിയാല്‍ തീരുന്ന പ്രശ്നമേയുള്ളു”. "പടച്ചോനെ..ഡയറ്റിങ്ങാ..അതും എനിക്കാ?" ലോകത്തുള്ള സകല ഡയറ്റീഷ്യന്മാരോടും പ്രത്യേകിച്ച് വനിത, ഗൃഹലക്ഷ്മി, മഹിളാരത്നം തുടങ്ങിയവയില്‍ എഴുതുന്ന സകല ഡയറ്റീഷ്യന്മാരെയും ഞാന്‍ മനസ്സില്‍ തുരു തുരെ പ്രാകി. ഇതൊക്കെ വായിച്ചട്ടല്ലേ ഇവരൊക്കെ എന്റെ മെക്കിട്ട് കേറുന്നത്. അങ്ങിനെ എന്റെ തടിയില്‍ ഉപരോധം തീര്‍ക്കാനുള്ള പ്രമേയം ഒന്നിനെതിരേ ഏതാണ്ട് മുപ്പതോളം വോട്ടിന് തള്ളി ( ആ ഒരു വോട്ട് ചെയ്തത് ഞാന്‍ തന്നെയാ..എന്നോടും കാണിക്കണ്ടേ കുറച്ചൊരു ആത്മാര്‍ത്ഥത ). ഇനി ഇതെങ്ങാനും വീറ്റോ ചെയ്യാന്‍ പോയാല്‍ ചിലപ്പോള്‍ നല്ല വീക്ക് കിട്ടിയാലോ എന്ന് കരുതി അവിടെ തന്നെ അവരുടെ ശവത്തില്‍ കുത്തല്‍ പരിപാടി കേട്ടിരുന്നു. തുടര്‍ന്ന് അമ്മായി നിര്‍ദ്ദേശിച്ച ഡയറ്റിങ്ങ് മെനു താഴെ പറയും വിധമായിരുന്നു.


രാവിലെ തന്നെ വെറും വയറ്റില്‍ അര ഗ്ലാസ് ചൂട് വെള്ളത്തില്‍ തേന്‍ ഒഴിച്ച് കുടിക്കല്‍ , പിന്നെ രാവിലെ ഒരു മുക്കാല്‍ മണിക്കൂര്‍ നടത്തം.

പിന്നെ ഒരു ഒമ്പത് മണിയോട് കൂടി ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ ഐറ്റംസ്, അതായത് പുട്ട്, അതാണെങ്കില്‍ ഒരു ചെറിയ കഷ്ണം. ഗോതമ്പ് ദോശ 3 എണ്ണം മാക്സിമം. ഒരു ഗ്ലാസ് ചായ.

ഇടനേരത്ത് വേണമെങ്കില്‍ ഒരു പഴം പുഴുങ്ങിയത് കഴിക്കാം..

ഉച്ചക്ക് ഒരു ചെറിയ കപ്പ് ചോറ് , എന്തെങ്കിലും പയര്‍ വര്‍ഗ്ഗങ്ങള്‍ തോരന്‍ ആക്കിയത്, പിന്നെ സാമ്പാര്‍ ഐറ്റംസ് .. ( ഉച്ചക്ക് അടിച്ച് പൊളിച്ച് മീന്‍ പൊരിച്ചതും, അച്ചാറും ഒക്കെ കൂട്ടി അടിച്ച് പൊളിച്ച് ഫുഡ് കഴിച്ചിരുന്ന എന്നോടാ ഇത് പറയുന്നത് )

അത് കഴിഞ്ഞാ പിന്നെ വൈകുന്നേരം വരെ ഒരു സാധനമില്ല. വൈകുന്നേരം ഒരു കപ്പ് ചായ, പിന്നെ മൂന്നോ നാലോ ബിസ്കറ്റ് ( വൈകുന്നേരം എന്തെങ്കിലും വറുത്തത് പൊരിച്ചത് ഒക്കെ കഴിച്ചിരുന്ന ആളോട് പറയുന്ന കാര്യമേ )

രാത്രി ഒരു ഏഴ് മണിയാകുമ്പോള്‍ വെജിറ്റബിള്‍ സാലാഡ്. പിന്നെ ഒരു ഏട്ടരക്ക് അത്താഴം. അതും മൂന്ന് ചപ്പാത്തിയില്‍ കൂടരുത്.


ഇതെല്ലാം മെയിന്‍ കോഴ്സിന് മുമ്പാണോ ശേഷമാണൊ കഴിക്കേണ്ടതെന്ന് ചോദിച്ചെങ്കിലും “നിനക്കിനി ഈയൊരു കോഴ്‌സേ ബാക്കിയുള്ളു” എന്നായിരുന്നു അമ്മായിയുടെ മറുപടി. ഇതെല്ലാം കേട്ട് ഞാന്‍ കഴിഞ്ഞ ജന്മത്തില്‍ എന്ത് പാപം ചെയ്തു പടച്ചോനേയെന്ന് ആലോചിച്ചിക്കുകായിരുന്ന എന്നോട് മാതാശ്രീ " ഡാ കേട്ടില്ലേടാ നീയിതൊക്കെ. " എന്ന് ചോദിച്ചപ്പോള്‍ യാന്ത്രികമായി തലയാട്ടാന്‍ മാത്രമേ എനിക്കായുള്ളൂ.


അന്നത്തെ മട്ടണ്‍ കറിക്കും നെയ്യ് ചോറിനും എനിക്കെന്തോ അത്ര രുചി തോന്നിയില്ല. നാളെ മുതല്‍ ഇതൊക്കെ എനിക്ക് നോക്കി വെള്ളം ഇറക്കാനേ പറ്റൂ എന്ന് കൂടിയുള്ള ചിന്ത കൂടി വന്നപ്പോള്‍ ചില സിനിമകളില്‍ ഒക്കെ കാണുന്ന പോലെ പിറ്റേന്ന് കഴുമരത്തില്‍ കേറാന്‍ പോകുന്നതിന് മുമ്പ് സെന്റിയടിച്ച് ഫുഡ് അടിക്കുന്ന ഹീറോ പരുവത്തിലായി ഞാന്‍ ..


പിറ്റേന്ന് രാവിലെയുള്ള പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞ് കിടക്കയിലേക്ക് ചുരുളാന്‍ നോക്കിയ എന്റെ അടുത്തേക്ക് ഒരു കുഞ്ഞി ഗ്ലാസ്സുമായി വരുന്ന എന്റെ പ്രിയ മാതാശ്രീയെയാണ് കണ്ടത്. അതോടെ മനസിലായി അമ്മായി പറഞ്ഞത് അതേ പടി നടപ്പിലാക്കാന്‍ ഉള്ള പരിപാടിയാണ് എന്റെ പ്രിയ മാതാശ്രീയുടേതെന്ന്. അതും കഴിഞ്ഞ് അടുത്ത ആജ്ഞ വന്നു.. " ഡാ വേഗം നടക്കാന്‍ പോടാ" ഞാന്‍ മാതാശ്രീയെ ദയനീയമായി ഒന്ന് നോക്കി..മാതാശ്രീക്ക് ഒരു ദയവും എന്നോട് അപ്പോള്‍ തോന്നിയില്ല.


അങ്ങിനെ ഞാന്‍ എന്തി വലിഞ്ഞ് നടക്കാന്‍ തുടങ്ങി. എങ്ങിനെയെങ്കിലും മുക്കാല്‍ മണിക്കൂര്‍ എവിടെയെങ്കിലും ചുറ്റിപ്പറ്റി കറങ്ങിയടിച്ച് തിരിച്ചെത്താം എന്നെ രീതിയിലാണ് മുന്നോട്ട് പോയതും..അങ്ങിനെ കറങ്ങി തിരിഞ്ഞ് അത്താണി കവലയും കഴിഞ്ഞ് ഒന്ന് പടിഞ്ഞാറോട്ട് ഒന്ന് നടക്കാമെന്ന് എന്നെ കൊണ്ട് തോന്നിപ്പിച്ചത് ദൈവം തമ്പുരാനായിരിക്കും.. ഒറപ്പാ..


അങ്ങിനെ കുറച്ച് നടന്ന് കഴിഞ്ഞപ്പോള്‍ എന്റെ കണ്ണ് ഒരു ബോര്‍ഡില്‍ ചെന്നുടഞ്ഞ് നിന്നു. വേറൊന്നുമല്ല. ഒരു ചെറിയ ഫുഡ് അടി കേന്ദ്രത്തിന്റെ ബോര്‍ഡ്. ഇടക്കൊക്കെ ഞാനും അവിടെ പോയി അവിടുത്തെ ചേട്ടനും ചേട്ടത്തിയും ഉണ്ടാക്കുന്ന ഐറ്റംസിന്റെ രുചിയൊക്കെ മാറിയിട്ടുണ്ടോ എന്ന് പോയി ചെക്ക് ചെയ്യാറുണ്ടായിരുന്നു..അതിന്റെ ബോര്‍ഡില്‍ കപ്പ, പുട്ട്, ചപ്പാത്തി, പോറോട്ട, കടലക്കറി, ബോട്ടി, ബീഫ് കറി, മട്ടണ്‍ കറി, ചിക്കന്‍ ഐറ്റംസ്, കട്‌ലറ്റ് എന്നൊക്കെ കണ്ടപ്പോള്‍ എന്റെ സകല കണ്ട്രോളും വിട്ട് വായില്‍ നല്ല പ്രവാ‍ഹം..ഏതാണ്ട് ഒരേ സമയം ടൈറ്റാനിക്കിനും ക്യൂന്‍ മേരിക്കും വേണേല്‍ ആ വഴിക്ക് കൂളായിട്ട് പോകാം. അത്രക്കുമുണ്ടായിരുന്നു ഉമിനീര്‍ പ്രവാഹം. എന്നാലും അതടക്കി പിടിച്ച് ഞാന്‍ മുന്നോട്ട് നടന്നു. അല്ലെങ്കില്‍ ഈ വെളുപ്പാന്‍ കാലത്ത് അതൊക്കെ ആര് തുറക്കാനാ...? തുറന്നാല്‍ തന്നെയും പോക്കറ്റ് കാലിയുമാണ്. വൈകുന്നേരം അവിടെ വന്ന് ഫുഡ് അടിക്കുന്ന ഭാഗ്യവാന്മാരെയോര്‍ത്ത് ഞാന്‍ മുന്നോട്ട് നീങ്ങി.


അന്നത്തെ ദിവസം എന്റെ സകല കണ്ട്രോളും വിട്ടു. വൈകുന്നേരം ആയാപ്പോള്‍ പിന്നെ പറയണോ!! നോമ്പിന്റെ സമയത്ത് കടിച്ച് പിടിച്ചിരുന്ന ഞാന്‍ ഇനി ഈ പരീക്ഷണം കൂടെ നേരിടേണ്ടി വന്നപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയും ഉണ്ടായില്ല. കഷ്ട്ടകാ‍ലം. അല്ലാതെന്ത് പറയാന്‍ . വൈകുന്നേരത്തോടെ പിറ്റേന്നത്തെ ഷെഡ്യുളില്‍ ഒരു ചെറിയ മാറ്റം വരുത്താന്‍ എനിക്കൊന്നും ആലോചിക്കേണ്ടി വന്നില്ല.


അന്ന് രാത്രി, എന്തൊക്കെ സോപ്പ് ഇട്ട് പതപ്പിക്കാന്‍ പറ്റുമോ അത്രയും പതപ്പിച്ച് മാതാശ്രീയുടെ മുന്നില്‍ അവതരിപ്പിച്ചു. "അതേയ് രാവിലത്തെ നടത്തം വൈകുന്നേരമാക്കണം" എന്തിനാ എന്ന് ചോദിച്ചപ്പോള്‍ രാവിലെ തന്നെ എണീറ്റ് നടക്കാന്‍ ഒന്നും എന്നെ കൊണ്ടാവൂല്ലാ. മനുഷ്യന്‍ മര്യാദക്ക് കിടന്നുറങ്ങുന്ന സമയത്താ ഒരു നടത്തം എന്ന് അല്പം ദേഷ്യം കലര്‍ത്തിയും പറയാന്‍ മടിച്ചില്ല. അതിന്‍ പ്രകാരം എന്റെ ഡയറ്റ് കാര്യങ്ങള്‍ നോക്കുന്ന അമ്മായിക്ക് ഫോണ്‍ ചെയ്യുകയും. രാവിലെ ആയാലും വൈകീട്ട് ആയാലും നടത്തം മതി. ഒന്നിലെ അതി രാവിലെ അല്ലെങ്കില്‍ മഗ്‌രിബ് ( സന്ധ്യാപ്രാര്‍ത്ഥന ) കഴിഞ്ഞ് നടന്നാല്‍ മതിയെന്ന് അവിടെന്ന് അറിയിപ്പുണ്ടാകുകയും ചെയ്തതിനാല്‍ എന്റെ ഷെഡ്യുള്‍ മാറ്റം നിരുപാധികം എന്റെ മാതാശ്രീ അനുവദിച്ചു.


പിറ്റേന്ന്, എങ്ങിനെയെങ്കിലും വൈകുന്നേരമായി കിട്ടാന്‍ ആയിരുന്നു എന്റെ പ്രാര്‍ത്ഥന. അന്ന് വൈകുന്നേരം നടക്കാന്‍ പോകാന്‍ എനിക്ക് എന്തെന്നില്ലാത്ത ഉത്സാഹം. അന്ന് വൈകുന്നേരം ഞാന്‍ നടക്കാന്‍ ഇറങ്ങി. കൂട്ടത്തില്‍ , എന്റെ പോക്കറ്റും കാലിയല്ല എന്ന് പ്രത്യേകം ഉറപ്പ് വരുത്തി . എന്തായാലും മുക്കാല്‍ മണിക്കൂര്‍ നടത്തം ഞാന്‍ നിറുത്തിയില്ല. കുറച്ചെങ്കിലും ആത്മാര്‍ത്ഥത ഞാന്‍ കാണിക്കേണ്ടേ? അത് കൊണ്ട് നടത്തം കഴിഞ്ഞ് നേരേ ഞാന്‍ സുധന്‍ ചേട്ടന്റെ കടയിലേക്ക് വെച്ച് പിടിച്ചു. പിന്നെ അവിടെ എന്തൊക്കെ നടന്നുവെന്ന് ഞാന്‍ പറയുന്നില്ല. എന്തായാലും അവിടെയുണ്ടായിരുന്ന ഒരു വിധം സാധനങ്ങള്‍ ടേസ്റ്റ് ചെയ്ത് നോക്കി രുചി വ്യത്യാസമൊന്നും വന്നിട്ടില്ലായെന്ന് ഞാന്‍ ഒരിക്കല്‍ കൂടെ ഉറപ്പ് വരുത്തി.


പിന്നീട് എല്ലാ ദിവസം സുധന്‍ ചേട്ടന്റെ കടയിലെ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഞാന്‍ നടത്തികൊണ്ടിരുന്നു. മിനിമം മൂന്നോ നാലോ ഐറ്റംസ് എങ്കിലും ടെസ്റ്റ് ചെയ്ത് നോക്കും. സുധന്‍ ചേട്ടനും ഹാപ്പി..ഞാനും ഹാപ്പി.. കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ മാറ്റം കാണുമെന്ന് പറഞ്ഞ അമ്മായിക്ക് ഞാന്‍ ഒരു വെല്ലുവിളിയായി തുടങ്ങി. മാതാശ്രീ അതിനുള്ള കാരണവും കണ്ടെത്തി. "അവന്റെ വാപ്പയുടെ വീട്ട്കാര്‍ എല്ലാരും തടിയന്മാരാ. ചെലപ്പോ ഇവന്റെ തടിയൊന്നും കുറയില്ല". അങ്ങിനെ പറഞ്ഞ എന്റെ പാവം മാതാശ്രീ ആശ്വസിച്ചു. ഞാന്‍ പറഞ്ഞു.."പിന്നേയ്, ഒരാഴ്ച ആകുമ്പോഴേക്കും മാറ്റും കാണുകയല്ല്ലേ".. ( എനിക്കും എന്തെങ്കിലും പറഞ്ഞ് പിടിച്ച് നില്‍ക്കേണ്ടേ? )


അങ്ങിനെ വീട്ടിലെ ഡയറ്റിങ്ങും സുധന്‍ ചേട്ടന്റെ ഫുഡ് ടെസ്റ്റിങ്ങും എല്ലാം ആയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. വീട്ടില്‍ മാതാശ്രിയും കുഞ്ഞ് പെങ്ങളും തരുന്ന ഫുഡ് ഒക്കെ കഴിച്ച് അവരുടെ അനുസരണയുള്ള കുഞ്ഞാടാവുകയും രാത്രി “ഈ ചപ്പാത്തി കഴിക്കുന്നത് തന്നെ തന്നെ വേണംന്നില്ല” എന്ന പരുവത്തില്‍ ആക്കുകയും ചെയ്ത് ഈ പാവം ഞാന്‍.. മാതാശ്രീക്ക് ഇതില്‍ പരം സന്തോഷമുണ്ടോ!!


അങ്ങിനെ ഡയറ്റിങ്ങ് നടത്തം ഫുഡ് ടെസ്റ്റിങ്ങ് കലപരിപാടിയുമായിട്ടുള്ള ഒരു ദിവസം. അന്ന് എന്തോ സുധന്‍ ചേട്ടന്റെ കടയില്‍ നിന്ന് പതിവില്‍ കൂടുതല്‍ കപ്പ, ബീഫ്, കട്‌ലറ്റ് ഐറ്റംസ് തീര്‍ത്ത് വരുന്ന സമയം. അതൊക്കെ വേഗം തീര്‍ത്ത് സുധന്‍ ചേട്ടന് കൊടുക്കാനുള്ളത് കൊടുത്ത് പുറത്തേക്ക് ചിറിയും തുടച്ച് വന്നപ്പോള്‍ കണ്ടത് ഒരു വണ്ടി വരുന്നതായിരുന്നു. നല്ല പരിചയമുള്ള വണ്ടി. വണ്ടി ഒന്നു കൂടെ അടുത്ത് വന്നപ്പോള്‍ എല്ലാം പൂര്‍ത്തിയായി. നമ്മടെ ഇക്കാന്റെ വണ്ടി തന്നെ. വണ്ടിയില്‍ നിന്ന് തല പുറത്തേക്കിട്ട് ഇക്കാന്റെ വക ഒരു ചോദ്യം " വെറുതയല്ലാ നീ നടത്തം വൈകുന്നേരമാക്കീതല്ലേ"...ഇഞ്ചി തിന്ന കുരങ്ങിന്റെ പോലെയുള്ള എന്റെ നില്പ് കണ്ട് ഇക്ക പറഞ്ഞു "വേഗം വീട്ടിലേക്ക് വിട്ടോ ട്ടാ"


ഞാന്‍ പതിവിലും വിയര്‍ത്ത് കുളിച്ച് ഒരുവിധം വീട്ടിലെത്തി.കാരണം ഞാന്‍ പറയണ്ടല്ലോ. അന്ന് വൈകുന്നേരം അത്താഴ സമയത്ത് ഞാന്‍ പതിവിലും ഡീസന്റായിരുന്നു.


പിറ്റേന്ന് മുതല്‍ എന്റെ നടത്തം മാമയുടെ വീടിന്റെ മുന്നിലുള്ള സ്‌കൂള്‍ ഗ്രൌണ്ടില്‍ ആയിരുന്നു. കൂട്ടിന് കുഞ്ഞുമ്മായുടെ മകനും.. മാതാശ്രീയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകരം അവന്‍ എന്റെ കൂടെ കൂടി.. നടക്കുമ്പോള്‍ ഇടക്കിടെ ആലോചിക്കും സുധന്‍ ചേട്ടന്റെ കടയുടെ ഒരു ബ്രാഞ്ച് ആ ഗ്രൌണ്ടിന്റെ പരിസരത്ത് എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ !!

20 comments:

മെലോഡിയസ് said...

ഡയറ്റിങ്ങ് ചിലപ്പോള്‍ ഇങ്ങനേം ആകാം...

പുതിയ പോസ്റ്റ്.

ശ്രീ said...

കൊള്ളാം...

ഡയറ്റിങ്ങിനുള്ള തേങ്ങ എന്റെ വക.

എന്നാലും ആ ഡയറ്റിങ്ങ് ഒരിത്തിരി ക്രൂരമായിപ്പോയി... ഹിഹി

:)

കരീം മാഷ്‌ said...

ക്രിക്കറ്റു ബാറ്റു വാങ്ങിത്തരണം എന്നു പറഞ്ഞു വാശി പിടിക്കുന്ന എന്‍റെ മകനു ഞാന്‍ മെലോഡിയസിന്‍റെ കാരിക്കേച്ചര്‍ കാണിച്ചു കൊടുത്തിട്ടിപ്പോള്‍ പറഞ്ഞതേയുള്ളൂ. ഇത്രക്കും തടിയായാലേ പെന്‍സില്‍ പോലിരിക്കുന്ന നിനക്കു ക്രിക്കറ്റു ബാറ്റു പൊന്തിക്കാന്‍ പറ്റൂ.അതിനാല്‍ നല്ലവണ്ണം തിന്നു തടിവെച്ചാല്‍ ബാറ്റു വാങ്ങിത്തരാമെന്ന്‌.
ഒരോരുത്തരുടെ ഓരോ പ്രശ്നങ്ങലേ! :)

സു | Su said...

:) നല്ല ഡയറ്റിംഗ്.

കുഞ്ഞന്‍ said...

ഒരു മെലഡി പോലെ മനോഹരമായ അവതരണം..!

പിന്നെ ആ സുധനോട് പറഞ്ഞ് ഒരു ബ്രാഞ്ച് നമുക്കാഗ്രൌണ്ടിന്റെ അടുത്ത് സ്ഥാപിക്കണം അത് എത്രയും പെട്ടന്ന്, ഇതുപോലെ നടക്കാന്‍ വരുന്നവര്‍ വേറെയും കാണുമല്ലൊ, നല്ല കച്ചോടം കിട്ടുകയും ചെയ്യും..!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മെലോഡീ ഇത് വായിച്ച ദില്‍ബന്റെ ബോധം പോയി. ഇനി മൂന്നാലു ദിവസം കഴിഞ്ഞേ കണ്ണ് തുറക്കൂ എന്നാ ഡോക്ടറ്മാര്‍ പറയുന്നത്. ഇങ്ങനെ ചങ്കില്‍ കുത്തുന്ന സംഗതികളൊന്നും ബ്ലോഗിലിടരുത്.

Sul | സുല്‍ said...

മെലോഡി നന്നായിരിക്കുന്നു.
ഡയറ്റിങ്ങിന്റെ നടത്തത്തിനിടയില്‍ ഡെറ്റിങ്ങ് ഒന്നും തടഞ്ഞില്ലേ? പിന്നെ സുധന്റെ കടയൊന്നും വേണ്ടി വരില്ല ഇന്‍സ്പിരേഷന് (നടക്കാന്‍ പോകാനേ :))

കുറുമാന്‍ said...

ഇതെല്ലാം മെയിന്‍ കോഴ്സിന് മുമ്പാണോ ശേഷമാണൊ കഴിക്കേണ്ടതെന്ന് ചോദിച്ചെങ്കിലും “നിനക്കിനി ഈയൊരു കോഴ്‌സേ ബാക്കിയുള്ളു” എന്നായിരുന്നു അമ്മായിയുടെ മറുപടി - ഹ ഹ കലക്കീ അന്‍സാരി....കലക്കിപൊരിച്ചു കട്ലറ്റു പരുവത്തിലാക്കി........പെരുത്തിഷ്ടായീട്ടാ.....ഇനി നടത്തം നിര്‍ത്തരുതേ.......

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ ബ്ലഡ്, ഷുഗര്‍, കുന്തം കുടചക്രം എല്ലാം ഒന്ന് ചെക്ക് ചെയ്യണമെന്ന് വിചാരിച്ചിരിക്കുവായിരുന്നു. ഇനി ഏതായാലും അതു വേണ്ടാന്ന് വച്ചു.
എന്നിട്ട് വേണം ഇതുപോലെ ആകാന്‍.
എന്തിനാ വേലിയിലിരിക്കുന്ന മറ്റവനെ എടുത്ത് വേണ്ടാത്തീടത്ത് വയ്ക്കുന്നത്. ദിവസം മുക്കാല്‍ മണിക്കൂര്‍ നടത്തമേ, നിന്നെ സമ്മതിക്കണം ഇഷ്ടാ!!!

വാല്‍മീകി said...

ഇങ്ങനെ വേണം അനുസരണ ഉള്ള മക്കള്‍.

മയൂര said...

ഡയറ്റിങ്ങ് ഈസ് ദ സീക്രഡ് ഓഫ് മൈ എനര്‍ജി ;) നന്നായിട്ടുണ്ട്..:)

മെലോഡിയസ് said...

അത് തന്നെയാ ശ്രീ ഞാനും പറയുന്നത്. ഈ ഡയറ്റിങ്ങ് അല്പം ക്രൂരമായി പോയി :(

കരീം മാഷേ : മാതാപിതാക്കള്‍ തന്നെയാ മക്കളെ ഇങ്ങനെ ചീത്ത ആക്കുന്നത്. ചെറുപ്പത്തില്‍ ഒന്നും കഴിക്കില്ല എന്ന് പറഞ്ഞ് കുറേ തീറ്റിക്കും. എന്നിട്ട് കുറച്ച് കാലം കഴിയുമ്പോ മതിയെടാ..ഇനി അധികമൊന്നും കഴിക്കണ്ടാന്ന് പറയും. :((

സൂ ചേച്ചി : :)

കുഞ്ഞന്‍ : അല്ലെങ്കില്‍ ഞാന്‍ അത് സുധന്‍ ചേട്ടനോട് പറയാന്‍ ഇരിക്കുകയാ..

കുട്ടിച്ചാത്താ: ദില്‍ബന്‍ ഇത് കാരണമാത്രേ നാട്ടില്‍ വരുന്നത് നീട്ടി നീട്ടി കൊണ്ട് വരുന്നത്. അവന്റെ തടി കുറക്കാന്‍ അവനിക്ക് ഒട്ടും താല്പര്യമില്ല ( എന്നെ പോലെ തന്നെ :) )

സുല്‍ : അങ്ങിനെയൊന്ന് ഇത് വരെ തടഞ്ഞിട്ടില്ല. അല്ലെങ്കിലും എനിക്കതില്‍ ഒട്ടും താല്പര്യമില്ല. ഞാന്‍ നല്ലൊരു പയ്യനാ ;)

കുറുമാന്‍ ചേട്ടാ.. നന്ദി :)

സണ്ണിച്ചേട്ടാ: വേഗം അതൊക്കെ പോയി ടെസ്റ്റ് ചെയ്ത് നോക്കു. പക്ഷേ വീട്ട്കാരെ അറിയിക്കാതെ വേണം ട്ട പോകാന്‍. അല്ലെങ്കില്‍..ബാക്കി ഞാന്‍ പറയുന്നില്ല

വാല്‍മീകി :അല്ലെങ്കിലും എനിക്ക് നല്ല അനുസരണയാ. എന്റെ അനുസരണയെ പറ്റി കുടുംബക്കാര്‍ക്ക് നല്ല ബോധ്യമാ ;)

മയൂര: അത് പറയാന്‍ ഉണ്ടാ?? അതല്ലേ നമ്മട മെയിന്‍ എനര്‍ജി.

ഇത്തിരിവെട്ടം said...

നല്ല ഡയറ്റിംങ്ങും ടെസ്റ്റിംങ്ങും... ഏതായാലും ഡയറ്റിംങ്ങ് കൊണ്ട് എത്ര കൂടി

Senu Eapen Thomas, Poovathoor said...

സീരിയസ്സും, ഹാസ്യവും ഒരു പോലെ മെലോഡിയസിനു വഴങ്ങും. നല്ല ഡയറ്റിംഗ്‌. പണ്ട്‌ ജയലളിത ഒരു നിരാഹാരം കിടന്ന് 2 കിലോ കൂടി എന്ന് പറഞ്ഞ ആ കമന്റ്‌ ഓര്‍ത്ത്‌ പോയി.

ആരോഗ്യം മര്യാദയ്ക്ക്‌ നോക്കിയാല്‍ ഇനിയും എഴുതാം. എല്ലാ വിധ ആശംസകളോടെ....

പഴമ്പുരാണംസ്‌.

ഏ.ആര്‍. നജീം said...

മോനെ അന്‍സാരീ, ഫ്രീ ആയി ഒരു ഉപദേശം തരട്ടെ...
മൂത്തോര്‍ വാക്കും മുതുനെല്ലിക്കയും ആദ്യം കയിക്കും പിന്നെ മധുരിക്കും .. അതു കൊണ്ട് മാതാശ്രീയും അമ്മായിയും പറയുന്നതൊക്കെ കേട്ട് നടക്കാന്‍ നോക്ക് ഇനിയെങ്കിലും...
( പോറോട്ടയും മട്ടനും ചൂടാറുന്നു. പോയ് കഴിക്കട്ടെ, :))

കൊച്ചുത്രേസ്യ said...

ഡയറ്റിംഗ്‌ വിശേഷങ്ങള്‍ കലക്കി.

മെലോഡീ പിന്നൊരു കാര്യം..ഈയൊരുകാര്യത്തില്‍ മാത്രം ആരുടെയും ഉപദേശം തേടരുത്‌. ചുമ്മാ നടന്നു നടന്നു കാലിന്റെ എല്ലുകള്‍ക്ക്‌ വല്ല തേയ്മാനവും വന്നാലോ. അതുമാത്രമല്ല ഭക്ഷണം കഴിക്കാതിരുന്നാല്‍ കുടലു ചുരുങ്ങിപ്പോകുന്ന എന്തോ ഒരസുഖവുമുണ്ടത്രേ. വെറുതെയെന്തിനാ ഓരോ റിസ്കെടുക്കുന്നത്‌ :-))

മെലോഡിയസ് said...

ഇത്തിരി: ‘ഡയറ്റിങ്ങ്’ തുടങ്ങിയതിന് ശേഷം ഞാന്‍ ഇത് വരേ വെയ്റ്റ് നോക്കിയിട്ടില്ല. എന്തിനാ ഞാന്‍ മറ്റുള്ളവര്‍ക്ക് ഒരു ഹാര്‍ട്ട് അറ്റാക്ക് കൊടുക്കുന്നത്

സെനു: നന്ദി. ആരോഗ്യം നോക്കാനല്ലേ നല്ലോണം തട്ടി വിടുന്നത് ;)

നജീംക്കാ: ഇങ്ങള് ആള് സരിയല്ല. ഇങ്ങള്ക്ക് ഉള്ളത് കിട്ടാനുള്ളത് ഏര്‍പ്പാടാക്കുന്നുണ്ട് ട്ടാ.. നാട്ടിലോട്ട് വേഗം വാ..

കൊച്ച് ത്രേസ്യാ : നന്ദി ട്ടാ. ത്രേസ്യ പറഞ്ഞത് തന്നെയാ ഞാനും ആലോചിക്കാറ്. ഇതൊക്കെ വീട്ട്കാര്‍ക്ക് പറഞ്ഞാ മനസിലാവണ്ടേ :((

sandoz said...

മെലഡിയേ..പണ്ടാരുന്നേ..ഷുഗറും പ്രഷറുമൊക്കെ ഉണ്ടെന്ന് പറഞ്ഞാ കൊറച്ച്‌ വെയിറ്റ്‌ കിട്ടിയേനേ..
കാലം മാറി....ഇപ്പോ കുറഞ്ഞത്‌ എയിഡ്സെങ്കിലും ഇല്ലേല്‍ ജനം മൈയിന്‍ഡ്‌ ചെയ്യൂല്ലാ...
കിഡ്നീ സ്റ്റോണെങ്കിലും ഇല്ലേല്‍ ഒരു രക്ഷേമില്ലാ...

ദില്‍ബാസുരന്‍ said...

ഈശ്വരാ ... ഞാന്‍ എന്തൊക്കെ കാണേണ്ടി വരുമോ ആവോ? രാവിലെ വെറും വയറ്റില്‍ ചൂട് വെള്ളമാവാം. പക്ഷെ അല്‍പ്പം പാലും പഞ്ചസാരയും സേമിയയും ഇട്ട് കിട്ടിയാല്‍ ചൂടല്‍പ്പം കൂടിയാലും സാരമില്ല. യേത്? :-)

ഓടോ: സത്യമായും വീട്ടില്‍ പോകാന്‍ പേടിയാവുന്നുണ്ട്. ലീവ് നീട്ടി വെച്ചാലോ?

ആഷ | Asha said...

നജീം പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളൂ.
അതു കൊണ്ട് സുധന്‍‌ചേട്ടന്റെ കട തപ്പി നടക്കാതെ...