Wednesday, October 3, 2007

ഒരു പൈലറ്റിങ്ങ് ദിനം

എയര്‍പോര്‍ട്ട് ടെര്‍മിനലിനകത്തേക്ക് കടക്കുമ്പോള്‍ തന്നെ ഒന്ന് രണ്ട് പേര്‍ എന്നെ ചൂണ്ടി കാണിക്കുന്നത് ഞാന്‍ കണ്ടിരുന്നു. അതില്‍ ഒരാള്‍ എന്നെ ചൂണ്ടി കാണിച്ച് കൂടെയുണ്ടായിരുന്ന മകനോട് പറയുന്നുണ്ടായിരുന്നു " മോനെ..ആ പോകുന്നതാ പൈലറ്റ്" കേട്ടപ്പോള്‍ എനിക്ക് ഇത്തിരി ഗമ കൂടിയോ..ഹേയ്..ഇല്ലാ..ഞാന്‍ ആ ടൈപ്പ് അല്ലാല്ലോ..

ആദ്യമായിട്ട് ഒരു വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് പറപ്പിക്കാന്‍ പറ്റുന്ന സന്തോഷത്തിലാണ് ഞാന്‍ . CPL ( കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് )‌ അടിച്ച് മാറ്റിയതിന് ശേഷം കുറേ കാലം ചെറിയ ജെറ്റുകള്‍ പറപ്പിക്കുകായിരുന്നു ഇതു വരെ. DGCA പറഞ്ഞ ആ 200 മണിക്കൂര്‍ എങ്ങിനെയെങ്കിലും ഒപ്പിച്ചെടുക്കാന്‍ .അതും കഴിഞ്ഞ് മെഡിക്കല്‍ ഫിറ്റ്നസും കഴിഞ്ഞ് ഫ്ലൈറ്റ് സിമുലേറ്ററില്‍ കുറച്ച് കാലം ഒന്ന് പയറ്റി ദാണ്ടെ ഇപ്പ ഇറങ്ങി വന്നതേയുള്ളൂ.

ആദ്യം തന്നെ പറത്താന്‍ തന്നിരിക്കുന്നത് ഒരു കാര്‍ഗോ ഫ്ലൈറ്റ് ആണ്. അതില്‍ അല്‍‌പം പരിഭവം ഇല്ലാതെയിരുന്നില്ല. ഇന്ന് പറത്തുന്ന ഫ്ലൈറ്റ് റൂട്ട് മുബൈ-കൊച്ചി-ദുബായ്-ഫ്രാങ്ക്ഫര്‍ട്ട്-ദുബൈ-കൊച്ചി-മുംബൈ ആണ്. അതില്‍ എനിക്ക് ദുബൈ വരേയെ ഡ്യൂട്ടിയുള്ളു. ബാക്കിയുള്ളത് അവിടെ കാത്ത് കെട്ടി കിടക്കുന്ന ചേട്ടന്മാര്‍ നോക്കിക്കോളും.ഞാന്‍ നോക്കുമ്പോള്‍ ഉണ്ട് എനിക്ക് പറത്തേണ്ട ഫ്ലൈറ്റ് സുന്ദര കുട്ടപ്പനായി വെളു വെളുത്ത് ഇരിക്കുന്നു.

എയര്‍ ഇന്ത്യയുടെ പഴയ ഒരു പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് ഒന്നു പൊളിച്ച് പണിത് കാര്‍ഗോ ഫ്ലൈറ്റ് ആക്കി പുതിയ കളര്‍ സ്‌കീമിലുള്ള പെയ്ന്റും അടിപ്പിച്ച് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വന്നതേയുള്ളു

എന്റെ ക്യാപ്റ്റനെ വെയ്റ്റ് ചെയ്‌ത് ഞാന്‍ കുറച്ച് നേരമിരുന്നു. അപ്പോഴേക്കും അങ്ങേരുമെത്തി. ഷേക്ക് ഹാന്‍‌ഡ് ഒക്കെ തന്ന് പരിചയപ്പെടുത്തി. " ഐ ആം മിസ്റ്റര്‍ മിശ്ര. നൈസ് റ്റു മീറ്റ് യു" ഞാന്‍ എന്നെയും തിരിച്ച് പരിചയപ്പെടുത്തി. പിന്നെ എയര്‍ക്രാഫ്റ്റിന്റെ അടുത്തേക്ക് നീങ്ങി. നേരെ പടികള്‍ കയറി ഫ്ലൈറ്റ് ഡെക്കില്‍ കയറി. എന്നിട്ട് ചെയ്യേണ്ട അല്പം പണികള്‍ അതായത് ഫ്ലെറ്റ് പ്ലാന്‍ ഫില്‍ ചെയ്യല്‍ , ഫ്യുവല്‍ കാല്‍ക്കുലേഷന്‍ നടത്തല്‍ , അസൈന്‍ ചെയ്ത് തന്നിരിക്കുന്ന ഫ്ലെറ്റ് പാത്ത് നോക്കല്‍ ഇതൊക്കെ ചെയ്ത് കഴിഞ്ഞ് വീണ്ടും താഴേക്ക്.. ഫ്ലെറ്റിന് ചുറ്റും ഒന്നു റൌണ്ട് അടിച്ച് തിരിച്ച് ഡെക്കിലേക്ക് തന്നെ കയറി..

ഞങ്ങള്‍ക്ക് പുറപ്പെടാനുള്ള സമയമായി. ATC ( എയര്‍ ട്രാഫിക്ക് കണ്‍‌ട്രോള്‍ ) യില്‍ ഞങ്ങള്‍ അറിയിച്ചു.

" ദിസ് ഈസ് ആല്‍ഫാ ഇന്ത്യാ ചാര്‍ളി വണ്‍ വണ്‍ ടു നൈനര്‍ . വീ ആര്‍ റെഡി റ്റു ടാക്സി ഔട്ട് "

ATCയില്‍ നിന്ന് അനുമതി കിട്ടിയതും പുഷ്‌ബാക്ക് ട്രക്ക് ഞങ്ങളെ പുറകോട്ട് തള്ളി.. എയര്‍ക്രാഫ്റ്റ് തിരിച്ച് ടാക്സി ഔട്ട് പൊസിഷനില്‍ നിര്‍ത്തി.

ATCയില്‍ നിന്നും അടുത്ത സന്ദേശം : "ആല്‍ഫാ ഇന്ത്യാ ചാര്‍ളി വണ്‍ വണ്‍ ടു നൈനര്‍ പ്രൊസീഡ് റ്റു ആല്‍ഫാ ഫോര്‍ " ഞങ്ങള്‍ പതുക്കെ ടാക്സിവേ A4 ലക്ഷ്യമാക്കി നീങ്ങി. A4ല്‍ എത്തിയപ്പോള്‍ ഞങ്ങള്‍ സന്ദേശം നല്‍കി " ആല്‍ഫാ ഇന്ത്യാ ചാര്‍ളി.........വീ ആര്‍ പ്രൊസീഡിങ്ങ് റ്റു റണ്‍വേ ടു സെവന്‍ "

അപ്പൊ തന്നെ ATCയില്‍ നിന്ന് സന്ദേശം: "ആല്‍ഫാ ഇന്ത്യാ ചാര്‍ളി ............. നെഗറ്റീവ് , ഹോള്‍ഡ് ഷോര്‍ട്ട്, എയര്‍ക്രാഫ്റ്റ് ഓണ്‍ ഫൈനല്‍ "

മനസില്‍ പിറുപിറുത്തു..ഓരോന്നിന് ലാന്റ് ചെയ്യാന്‍ കണ്ട സമയം..ഇപ്പോള്‍ തന്നെ ഷെഡ്യുള്‍ഡ് ഡിപ്പാര്‍ച്ചര്‍ ടൈമില്‍ നിന്നും 10 മിനുറ്റ് ലേറ്റാണ്. ഇനി അത് എപ്പോഴാണാവോ അത് ലാന്റ് ചെയ്യുന്നത്..ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഒരു ATR-72 വിമാനം ലാന്റ് ചെയ്‌തു.

ATCയില്‍ നിന്ന് അടുത്ത സന്ദേശം : "ആല്‍ഫാ ഇന്ത്യാ ചാര്‍ളി.........റണ്‍‌വേ ടു സെവന്‍ ക്ലിയേര്‍ഡ് ഫോര്‍ എയര്‍ബോണ്‍ , പ്രൊസീഡ് റ്റു റണ്‍‌വേ ടു സെവന്‍ "
ഞങ്ങള്‍ റണ്‍‌വേ 27 ലേക്ക് കടന്നു. ലൈന്‍ അപ് ചെയ്ത് ( ടേക്ക് ഓഫ് പൊസിഷന്‍ ‌) നിറുത്തി ടേക്ക് ഓഫ് ക്ലിയറന്‍സിനായി കാത്തു.

ATC: ആല്‍ഫാ ഇന്ത്യാ ചാര്‍ളി.........റെഡി ഫോര്‍ എയര്‍ ബോണ്‍ "

ടേക്ക് ഓഫ് ക്ലിയറന്‍സ് കിട്ടിയതോടെ വിമാനം അതിന്റെ മുഴുവന്‍ ശക്തിയുമെടുത്ത് മുരണ്ട് മുന്നിലേക്കെടുത്തു. പിന്നെ ക്യാപ്റ്റന്‍ നോസ് വീല്‍ ഗിയര്‍ ഉയര്‍ത്തി, ലാന്റിങ്ങ് ഗിയറും. പിന്നെയും താഴെ നിന്ന് സന്ദേശങ്ങള്‍ വന്നു. വിമാനം 90 ഡിഗ്രി പടിഞ്ഞാറേക്ക് തിരിക്കാനും 5000 അടി ഉയരത്തില്‍ പറക്കാനും.

ഞങ്ങള്‍ ATCക്ക് സന്ദേശം അയച്ചു : " ആല്‍ഫാ ഇന്ത്യാ ചാര്‍ളി............ലീവിങ്ങ് വിക്റ്റര്‍ ആല്‍ഫാ‍ ബ്രാവോ ബ്രാവോ" അങ്ങിനെ ബോംബെ എയര്‍സ്‌പേസ് വിട്ട് പുനയിലേക്കും അവിടെന്ന് കോയമ്പത്തുര്‍ എയര്‍ സ്‌പേസിലേക്കും എത്തി. അപ്പോഴേക്കും 16000 അടി ഉയരത്തില്‍ എത്തിയിരുന്നു..

കോയമ്പത്തൂരിനു മുകളില്‍ എത്തിയപ്പോള്‍ മെസേജ് വന്നു..വീണ്ടും ഫ്ലൈറ്റ് ലെവല്‍ താഴ്ത്താന്‍..അപ്പോള്‍ ഉണ്ട് ക്യാപ്റ്റന്‍ ഒരു വിഷമം..പുള്ളിക്കാരന്‍ പറയുന്നു..റഡ്ഡര്‍ ഒന്നും വര്‍ക്ക് ചെയ്യുന്നില്ല. ദൈവമേ!! അപ്പോള്‍ എന്ത് ചെയ്യും..ഇത് എങ്ങോട്ടെങ്കിലും തിരിക്കണമെങ്കില്‍ ഈ കുന്ത്രാണ്ടം വേണ്ടെ.. ..ഇനിയെന്ത് ചെയ്യും..ആകെ അങ്കലാപ്പിലായി. ടെന്‍ഷന്‍ കാരണം എന്റെ വായില്‍ വന്നത് മുഴുവന്‍ മലയാളത്തില്‍ " ഇയാളെന്ത് കോപ്പിലെ ക്യാപ്റ്റനാടോ ? ഒരു റഡ്ഡര്‍ നോക്കി വെക്കാന്‍ അറിയാതെ എന്തുട്ട് കോപ്പിനാ വിമാനം പറത്താന്‍ പോയത്..ഇനിക്കിപ്പൊ റഡ്ഡര്‍ ശരിയാക്കണം..ഇപ്പ തന്നെ റഡ്ഡര്‍ ശരിയാക്കി തരണം..റഡ്ഡര്‍ ഇപ്പ വേണം.."

പിന്നെ ഞാന്‍ അറിയുന്നത് എന്റെ പുറത്ത് കൈയ് വെക്കുന്നതാ...പിന്നെ ഒരു ഡയലോഗും..

"ഉച്ചക്ക് ഉറങ്ങുന്നതും പോരാ കിടന്ന് നാട്ടുകാരെ വിളിച്ച് കൂട്ടുകയും വേണം..എണീക്കടാ..അവന്റെ ഒരു റഡ്ഡര്‍" .....പറഞ്ഞത് വേറെയാരുമല്ലായിരുന്നു..എന്റെ പ്രിയപ്പെട്ട ഇത്ത ആയിരുന്നു അത്.

Picture copyright : © Nitin Sarin @ Airliners.net

20 comments:

മെലോഡിയസ് said...

അങ്ങിനെ ഞാനും ഒരു പൈലറ്റായി!!...

അനുഭവക്കുറിപ്പ് ഇതാ.. കുറേ കാലത്തിന് ശേഷം ഈ ബ്ലോഗിലെ പുതിയ പോസ്റ്റ്..

മയൂര said...

ഞാന്‍ ആകെ ഡെസ്പ്പടിച്ച് വായിക്കയായിരുന്നു..അപ്പോഴല്ലേ......ഹഹഹ...സൂപര്‍ബ്...:)

കരീം മാഷ്‌ said...

സ്വപ്നം കാണാന്‍ ടാക്സൊന്നും കൊടുക്കേണ്ടല്ലാ‍!
അതിനാല്‍ കാണുമ്പോള്‍ ഇത്തരത്തിലുള്ളവ കാണണം.
വിശാലമായി കണ്ടു അലമുറയിടുമ്പോള്‍ തൊട്ടടുത്ത് ഇത്താത്തമാരില്ലന്നും ഉറപ്പു വരുത്തേണമെന്നു മാത്രം.
നരേഷന്‍ നന്നായിട്ടുണ്ട്.

മൂര്‍ത്തി said...

രസമുണ്ട്..ട്വിസ്റ്റ് ഉണ്ടെന്ന് അറിയാമായിരുന്നു..:)

പടിപ്പുര said...

നല്ല ബെസ്റ്റ് സ്വപ്നം!

ശ്രീ said...

ഹ ഹ... കലക്കി.
എന്നാലും ഇത്തയ്ക്ക് ആ ഫ്ലൈറ്റ് താഴെ ഇരക്കുന്നതു വരെയെങ്കിലും വെയ്റ്റു ചെയ്യാമായിരുന്നു.
;)

സഖാവ് said...

സത്യം പറ ഭായ്

നിങ്ങള്‍ ശരിക്കും പൈലറ്റ് അല്ലേ?
അല്ലാതെ എങ്ങനാ ഇത്ര ക്രിത്യമായി AIR INDIA യുടെ കാര്യം അറിയണേ?

എന്തായാലും ഇത്തക്കു നന്ദി പറഞ്ഞേക്കു?
വിളിച്ചില്ലായിരുന്നെങ്കില്‍ റഡാര്‍ കണക്ഷന്‍ പോയി വിമാനം താഴെ വീഴുന്ന കൂട്ടത്തില്‍ കട്ടിലില്‍ നിന്നും വീണ് നടു ഒടിഞ്ഞേനേ!

ലാല്‍ സലാം

സു | Su said...

അങ്ങനെ ഞാനും ഒടുവില്‍, ഒരു സഹബ്ലോഗര്‍ പൈലറ്റ് പറപ്പിക്കുന്ന വിമാനത്തില്‍ കയറുമെന്നൊക്കെ സ്വപ്നം കണ്ടപ്പോഴല്ലേ, ആ വിമാനം പൊട്ടിത്തകര്‍ന്നത്. ഇത് ഞാനെങ്ങനെ സഹിക്കും?

കുഞ്ഞന്‍ said...

മാഷെ...ആ ഇത്ത രസച്ചരട് മുറിച്ചു, മാഷിനു സംഭവങ്ങള്‍ നല്ലോണം ഗ്രാഹ്യമുണ്ടല്ലോ...ഇപ്പോഴും ഗള്‍ഫ് പ്രവാസികളെ വട്ടം കറക്കുന്ന പക്ഷിയില്‍ത്തന്നെയാണോ ജോലി..?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: 25 വയസ്സില്‍ പൈലറ്റോ എന്നൊരു സംശയം(അസൂയ)ഉണ്ടായിരുന്നു വായിച്ച് തുടങ്ങുമ്പോള്‍, ഭാഗ്യം ...മുഴുവന്‍ വായിച്ചപ്പോള്‍ മാറി :)

ഇക്കാസ് മെര്‍ച്ചന്റ് said...

മര്യാദയ്ക്ക് ബാക്കീം കൂടി കണ്ടിട്ട് ഉടനെ ഇവിടെ പോസ്റ്റ് ചെയ്തോളണം. ങ്ഹാ..

കൊച്ചുത്രേസ്യ said...

ശൊ ആദ്യമൊക്കെ ശരിക്കും സത്യമാന്നാ വിചാരിച്ചത്. വിമാനം മൂക്കും കുത്തി വീഴട്ടേന്നു വരെ ആഗ്രഹിച്ചതാ (അസൂയ വന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ലല്ലോ).എന്തായാലും ഇത്ത വന്നപ്പോള്‍ സമാധാനമായി :-)

കറുമ്പന്‍ said...

സ്വപ്നം കാണുമ്പോഴെങ്കിലും നല്ല രീതിയില്‍ കണ്ടൂടെ ? വല്ല ലുഫ്താന്സയൊ കെ.എല്‍.എമ്മോ പോരാരുന്നൊ ??

കുറുമാന്‍ said...

പഹയാ കലക്കീട്ട്ണ്ട് അന്റെ സ്വപ്നം. ഇനി ഇത്തരം സ്വപ്നം കാണുമ്പോള്‍ ബ്ലാക്ക് ബോക്സില്ലേന്ന് ഉറപ്പു വരുത്തണം ട്ടാ :)

അനോണി ആന്റണി said...

സ്വപ്നം കൊള്ളാം. അടുത്ത തവണ കാണുമ്പോള്‍ ചില്ലറ പിശകുള്ളതും കൂടെ തിരുത്തിക്കാണണം കേട്ടോ.
ഏഐ സി എന്ന ത്രീ ലെറ്റര്‍ കോട് ടവര്‍ ഉപയോഗിക്കില്ല, അത് എയര്‍ലൈനിന്റെ ആവശ്യത്തിനു മാത്രമുള്ളതാണ്‌. എയര്‍ ഇന്ത്യയുടെ ടവര്‍ കാള്‍ എയര്‍ ഇന്ത്യാന്ന് തന്നെ
"മുംബൈ ഗ്രൗണ്ട്, ദിസ് ഈസ് എയര്‍ ഇന്‍ഡ്യാ വണ്‍ വണ്‍ റ്റു നൈനെ റെഡി ഫോര്‍ സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് പുഷ്ബാക്ക്"

അപ്പോ ടവര്‍ പറയും "എയര്‍ ഇന്ത്യാ വണ്‍ വണ്‍ ടു നൈനെ, സ്റ്റാര്‍ട്ടപ്പ് അന്‍ പുഷ്ബാക്ക് അപ്രൂവ്ഡ്. ക്ലീയേര്‍ഡ് റ്റു കൊച്ചിന്‍....."
അപ്പോ റിപ്പീറ്റ് കാള്‍ "റോജര്‍. സ്റ്റാര്‍ട്ടപ്പ് അന്‍ പുഷ്ബാക്ക് അപ്രൂവ്ഡ്. ക്ലീയേര്‍ഡ് റ്റു കൊച്ചിന്‍....എയര്‍ ഇന്‍ഡ്യാ വണ്‍ വണ്‍ റ്റു നൈനെ "

അപ്പോ സ്വപ്നം ബാക്കി പോരട്ട്.

ഏ.ആര്‍. നജീം said...

മനുഷേമ്മാരുടെ ഓരോരോ ആഗ്രഹങ്ങളേ...
ഇത്താത്തയായത് കൊണ്ട് രക്ഷപെട്ടു. ഇക്കാക്കയൊ മറ്റോ ആയിരുന്നെങ്കില്‍ കാലുമടക്കി തൊഴിച്ചേനേ...ഹല്ല പിന്നെ..
:)

മെലോഡിയസ് said...

മയൂര : നന്ദി :)

കരീം മാഷേ: അത് തന്നെ..ഞാന്‍ ഇപ്പൊ ലാവിഷായിട്ടാ സ്വപ്നം കാണുന്നത്..ടാക്സിന്റെ പ്രശ്‌നമില്ലാല്ലോ?

മൂര്‍ത്തി: നന്ദി :)

പടിപ്പുര : :)

ശ്രീ: ഉവ്വ ഉവ്വ..എങ്കീ നാട്ടുകാര്‍ ഓടിക്കൂടിയേനെ ;)

സഖാവ് : സത്യം ആയിട്ടും എനിക്ക് ഇതൊന്നും അറിയില്ല. ഇതൊക്കെ ചുമ്മാ ഒരു സ്വപ്നം അല്ലേ ;)

സൂ ചേച്ചി : ഛേ!! ഇത്ത എല്ലാം കൊണ്ട് വന്ന് കുളം ആക്കിയല്ലെ ;)

കുഞ്ഞന്‍ : എയര്‍ ഇന്ത്യയില്‍ ജോലി കിട്ടണേ ന്നാ എന്റെ പ്രാര്‍ത്ഥന..എന്നിട്ട് വേണം ഒന്ന്‍ ശരിയാക്കിയെടുക്കാന്‍.. ( ഇതും ഒരു സ്വപ്നമാ :D )

കുട്ടിച്ചാത്താ : സംശയം എല്ലാം തീര്‍ന്നില്ലെ..എന്നാ‍ലും യു ആര്‍ ബ്രൂട്ടസ് :(

ഇക്കാസേ : കാണാം ശ്രമിക്കാം ട്ടാ..പക്ഷേ അത് അപ്പോഴും മര്യാദക്ക് കൊച്ചിയില്‍ കൊണ്ട് വന്ന് ലാന്റ് ചെയ്യിക്കാന്‍ പറ്റണം എന്ന് പ്രാര്‍ത്ഥിക്കണം ട്ടാ..

കൊച്ച്‌ത്രേസ്യ: യു ആര്‍ റ്റൂ ബ്രൂട്ടസി :(

കറുമ്പാ: ആദ്യം ഇതിനെയൊക്കെ ഒന്നു മര്യാദക്ക് വെളുപ്പിച്ചെടുക്കാം എന്ന് കരുതി..അതോണ്ടാ ;)

കുറുമാന്‍ ചേട്ടാ : ഞാന്‍ പറത്തുന്ന ഫ്ലൈറ്റില്‍ അതൊന്നും കാണൂല്ലാ ട്ടാ..

അനോണി ആന്റണി: ഇത്രയും കാലം ഞാന്‍ കരുതിയത് ഷെഡ്യുള്‍ഡ് ഫ്ലൈറ്റുകള്‍ക്ക് ICAO കോഡും അണ്‍ഷെഡ്യുള്‍ഡ് ഫ്ലൈറ്റുകള്‍ക്ക് അതിന്റെ രജിസ്‌ട്രേഷന്‍ നമ്പറുമാണ് ഉപയോഗിക്കുന്നതെന്നാണ്. പിന്നെ എനിക്ക് ഈ RT കമ്മ്യൂണിക്കേഷന്‍ ഒന്നും അറിയൂല്ലാ ട്ടാ..എവിയേഷനില്‍ നല്ല താല്പര്യമുണ്ട്. അത്ര മാത്രം. തെറ്റ് ചൂണ്ടി കാണിച്ച് തന്നതിന് നന്ദി കേട്ടൊ.

നജീം: അത് ഉറപ്പാ..മൂന്നര തരം.

Typist | എഴുത്തുകാരി said...

അതു ശരി,സ്വപ്നമായിരുന്നു അല്ലേ? എന്നാല്‍ പിന്നെ അതു ദുബായില്‍ ചെന്നു ലാന്‍ഡ് ചെയ്യുന്നതുവരെ കാണാമായിരുന്നില്ലേ?‍

Senu Eapen Thomas, Poovathoor said...

പിന്നെ ഞാന്‍ അറിയുന്നത്‌ എന്റെ പുറത്ത്‌ കൈ വെയ്ക്കുന്നതാ.... ഞാന്‍ കരുതി അത്‌ ക്യാപ്റ്റന്റെ കൈ ആയിരിയ്ക്കുമെന്നാണു.

സ്വപ്നം കാണുന്നെങ്കില്‍ ഇങ്ങനെ തന്നെ കാണണം. നല്ല സ്റ്റെയിലന്‍ സ്വപ്നം.

പഴമ്പുരാണംസ്‌

പൈങ്ങോടന്‍ said...

ഇത്ര ടെക്നിക്കല്‍ പെര്‍‌ഫെക്ഷനുള്ള ഒരു സ്വപ്നം കാണാന്‍ തക്ക പരുവത്തിലുള്ള ബോഡിയാണല്ലേ മച്ചാന്റെ തലയ്ക്കുള്ളത്..ഹ ഹ ഹ ഹ
മതിലകം പാലം വന്നത് നന്നായി . അല്ലെങ്കില്‍ അടുത്ത സ്വപ്നത്തില്‍ നമ്മുക്ക് വള്ളത്തിന്റെ പൈലറ്റായി ഒന്നു വിലസാമായിരുന്നു..