Tuesday, June 26, 2007

എയര്‍ ഇന്ത്യയും ഇന്ത്യനും പിന്നെ കുവൈത്തിന്റെ എയര്‍ലൈന്‍ ഉപരോധവും

ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാ വിമാനങ്ങളും ജൂലൈ 1 മുതല്‍ കുവൈത്തില്‍ ഇറങ്ങരുത്‌ എന്ന്‌ കുവൈത്ത്‌ അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നു. സംഭവം വളരെ "നിസ്സാരം". കുവൈത്ത്‌ എയര്‍വേസിനും ജസീറ എയര്‍ലൈന്‍സിനും കൂടുതല്‍ സര്‍വീസിന്‌ അനുമതി കൊടുക്കുന്നില്ല. എന്തായാലും നാളെ ഇന്ത്യന്‍ സിവില്‍ എവിയേഷന്‍ മേലാളന്മാരും കുവൈത്ത്‌ അധികൃതരും നാളെ ഒരു വട്ടമേശ സമ്മേളനം നടത്തും എന്നാണ്‌ പുതിയ കേള്‍വി.

ഇത്‌ കേട്ടപ്പോള്‍ കുറച്ച്‌ ഇവിടെ കുറിക്കണം എന്ന് തോന്നി. ഗള്‍ഫിലെ എത്‌ എയര്‍ലൈനുകള്‍ക്കും ഇന്ത്യ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യക്കൊ അല്ലെങ്കില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിനോ മാത്രം ഗള്‍ഫിലേക്ക്‌ മാത്രം സര്‍വീസ്‌ നടത്താന്‍ ഉള്ള അവകാശം. അതില്‍ തന്നെ ഇരു എയര്‍ലൈനുകളും ചൂഷണം ചെയ്യുന്നു. പ്രത്യേകിച്ച്‌ മലയാളികളെ. ഈയുള്ളവനും അതിന്റെ ചൂട്‌ കുറച്ച്‌ അറിഞ്ഞു. എയര്‍ ഇന്ത്യയുടെ ചെലവ്‌ കുറഞ്ഞ വിമാന സര്‍വീസ്‌ എന്ന് ഓമനപേരില്‍ വിളിക്കുന്ന എയര്‍ഇന്ത്യ എക്സ്‌പ്രസില്‍ ഞാന്‍ ദോഹക്ക്‌ പോകുവാന്‍ വേണ്ടി ടിക്കറ്റ്‌ നിരക്ക്‌ തിരക്കിയപ്പ്പ്പോള്‍ അവര്‍ പറഞ്ഞത്‌ വണ്‍വേ ഫെയര്‍ മാത്രം 19,000 രൂപ ആകും എന്ന്. ചിലവ്‌ ചുരുങ്ങിയത്‌ ഇങ്ങനെ ആകും എങ്കില്‍ മറ്റുള്ളതിന്‌ എങ്ങിനെ ആകും?

ഗള്‍ഫ്‌ രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ ഉള്ള വ്യോമയാന ഉടമ്പടി പ്രകാരം ഇന്ത്യക്ക്‌ അനുവദിച്ചിട്ടുള്ളതിനേക്കാളും കുറവിലാണ്‌ എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും സര്‍വീസ്‌ നടത്തുന്നത്‌. ഉദാഹരണത്തിന്‌ കൊച്ചി-ദുബായ്‌ സെക്റ്ററില്‍ 2000 സീറ്റ്‌ ആഴ്ചയില്‍ ഇന്ത്യക്ക്‌ അനുവദിച്ചിട്ടുണ്ട്‌ എങ്കില്‍ എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും കൂടെ ആഴ്ചയില്‍ സര്‍വീസ്‌ നടത്തുന്നത്‌ 1000 സീറ്റുകളില്‍ മാത്രം. ബാക്കി ഉള്ളത്‌ വെറുതെ കിടക്കുന്നു. അതെ സമയം ഗള്‍ഫ്‌ രാജ്യങ്ങളിലെ എയര്‍ലൈനുകള്‍ തങ്ങള്‍ക്ക്‌ കിട്ടിയത്‌ മുഴുവന്‍ സീറ്റുകളും അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. എന്നിട്ട്‌ ഇംഗ്ലീഷ്‌ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ചേര്‍ത്ത്‌ വെച്ച്‌ ഒാരോ ഫെയര്‍ പറയുകയും ചെയ്യും. ഇന്ത്യക്ക്‌ വേണം എങ്കില്‍ ഇന്ത്യയിലെ മറ്റ്‌ എയര്‍ലൈനുകള്‍ക്ക്‌ അനുമതി കൊടുക്കാം. പക്ഷെ ചെയ്യില്ല. അവര്‍ക്ക്‌ ഗള്‍ഫ്‌-ഇന്ത്യ (പ്രത്യേകിച്ച്‌ കേരള സെക്റ്റര്‍) സെക്റ്റര്‍ ഒരു ചക്കരകുടം തന്നെയാണ്‌. അതില്‍ നിന്നും ആര്‍ക്കും കൈയിട്ട്‌ വാരാന്‍ അവര്‍ അത്ര പെട്ടന്ന് സമ്മതിക്കും എന്ന് തോന്നുന്നില്ല.

ഇനി ഇവിടെയുള്ള ചിലവ്‌ കുറഞ്ഞ സ്വകാര്യ എയര്‍ലൈനുകള്‍ സര്‍വീസ്‌ തുടങ്ങിയാല്‍ തന്നെ അത്‌ ഗള്‍ഫ്‌ രാജ്യങ്ങളിലെ അധികൃതര്‍ സമ്മതിക്കുമോ എന്നും കണ്ടറിയണം. അവിടെ കുറച്ച്‌ കാലം മുന്‍പ്‌ മലേഷ്യന്‍ അധികൃതരോട്‌ കാണിച്ച ചങ്കൂറ്റം ഇവിടെയും കാണിച്ചാല്‍ മതിയായിരുന്നു. ചെലവു കുറഞ്ഞ എയര്‍ ഇന്ത്യ എക്സ്പ്രസിനും (ആ സെക്റ്ററില്‍ എപ്പോഴും ചിലവ്‌ കുറവാ)എയര്‍ സഹാറക്കും ക്വാലലമ്പൂരിലേക്ക്‌ സര്‍വീസ്‌ നടത്താന്‍ അനുമതി നല്‍കില്ല എന്ന് പറഞ്ഞു.. അപ്പോള്‍ ഇന്ത്യന്‍ സിവില്‍ എവിയേഷന്‍ അധികൃതര്‍ എന്നാല്‍ പിന്നെ ഒരു ഒറ്റ മലേഷ്യന്‍ എയര്‍ലൈന്‍സ്‌ ഫ്ലൈറ്റും ഇന്ത്യയിലേക്ക്‌ സര്‍വീസ്‌ നടത്തരുത്‌ എന്ന് അതേ നാണയത്തില്‍ തിരിച്ചടിച്ചു. അതോടെ അവര്‍ പത്തി മടക്കി. ഇതേ ആര്‍ജ്ജവം ഗള്‍ഫ്‌ അധികൃതരോടും കാണിച്ചാല്‍ നല്ലത്‌.

എന്തായാലും ദുബായിലെ തിരുവിതാകൂര്‍ ദേശക്കാര്‍ക്കും ഒന്നു കുറച്ച്‌ ബുദ്ധിമുട്ടിയാല്‍ കുറച്ച്‌ പൈസ ലാഭിക്കാം എന്നു കരുതുന്ന മറ്റ്‌ ദേശക്കാര്‍ക്കും ഉപകാരപ്പെട്ടേക്കാവുന്ന ഒരു എയര്‍ലൈന്‍ ജൂലൈ 1 മുതല്‍ തിരുവനന്തപുരത്തേക്ക്‌ സര്‍വീസ്‌ തുടങ്ങുന്നു. കൊളംമ്പോ വഴിയാണ്‌ യാത്ര ചെയ്യേണ്ടതും. കൂടുതല്‍ ആയിട്ട്‌ ഞാന്‍ ബൂലോക ക്ലബിലെ ഈ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്‌.

പക്ഷെ ഇതൊക്കെ ഇവര്‍ എത്ര കാലം കൊണ്ട്‌ നടക്കും എന്നും കണ്ടറിയണം. മലയാളികളെ (ഗള്‍ഫ്‌ മലയാളികളെ പ്രത്യേകിച്ചും) ഏതെല്ലാം തരത്തില്‍ ചൂഷണം ചെയ്യാം എന്ന് റിസര്‍ച്ച്‌ ചെയ്ത്‌ കൊണ്ടിരിക്കുന്നവര്‍ക്ക്‌ എതിരെ വേണ്ട രീതിയില്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൂട്ടായ്മ ഇല്ലെങ്കിലും അവനവന്‍ തന്നെ നിശബ്ദമായി പ്രതികരിച്ചാല്‍ മതി. അതു തന്നെ ഒരു കൂട്ടായ്മ ആയിക്കോളും.

2 comments:

മെലോഡിയസ് said...

ഇന്ത്യന്‍ വിമാനങ്ങള്‍ കുവൈത്തില്‍ ജുലൈ 1 മുതല്‍ ഇറങ്ങണ്ടാ എന്ന് കുവൈത്ത് അധികാരികള്‍ പറഞ്ഞപ്പോള്‍ എനിക്ക് തോന്നിയത്.
പിന്നെ ദുബായ് മലയാളികള്‍ക്ക് അല്പം ആശ്വാസം നല്‍കുന്ന ഒരു വിമാന സര്‍വീസിനെ പറ്റി ഞാന്‍ ബൂലോക ക്ലബില്‍ പറഞ്ഞിട്ടുണ്ട്

അഞ്ചല്‍കാരന്‍ said...

“പുല്ലൊട്ടു തിന്നുകേമില്ല, പശൂനെ തിന്നാന്‍ അനുവദിക്കൂമില്ല” എന്ന് പറയുന്ന മാതിരിയാ നമ്മുടെ ഭരണാധികാരികളുടെ ചില നിലപാടുകള്‍ കാണുമ്പോള്‍ തോന്നുക. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കിയാല്‍ എല്ലാ ഫ്ലൈറ്റും ക്ലോസ്ഡ്. ഇനി ആരെങ്കിലും പുതിയ സര്‍വീസ് തുടങ്ങാമെന്ന് സമ്മതിച്ചാല്‍ ഒടുക്കത്തെ നൂലാമാലകളും.