Monday, June 4, 2007

വിദ്യാരംഭം

"മോനൂ...എഴുന്നേല്‍ക്കടാ..."

അമ്മയുടെ സ്നേഹപൂര്‍വ്വമായ വിളി കേട്ടാണ്‌ അവന്‍ കണ്ണു തുറന്നത്‌.. അവന്റെ മനസ്സില്‍ അപ്പോഴും ഒരു സംശയം..എന്തിനാ അമ്മ എന്നെ കുറച്ച്‌ നേരത്തെ വിളിച്ച്‌ എഴുന്നേല്‍പ്പിച്ചത്‌? അവന്‌ ഒരു നിശ്ചയം ഉണ്ടായിരുന്നില്ലാ..പിന്നെ അമ്മ അവനെ പല്ലു തേപ്പിച്ച്‌..ദേഹത്ത്‌ എണ്ണ ഒക്കെ തേപ്പിച്ചപ്പോള്‍..അവന്‍ കരുതി...

"ങാഹാ....അപ്പോള്‍ ഇന്ന് രാവിലെ തന്നെ ഒരു "റ്റാറ്റാ" പോകാന്‍ ഉണ്ടാകും. അല്ലെങ്കില്‍ അമ്മ എന്തിനാ ഇത്ര നേരത്തെ എന്നെ കുളിപ്പിക്കുന്നത്‌...."

റ്റാറ്റ പോകുന്ന സന്തോഷത്തില്‍ അവന്‍ അമ്മയോട്‌ ചോദിച്ചു..

"അമ്മേ ഇന്ന് എവിടേക്കാ റ്റാറ്റ പോകുന്നേ?"..

അമ്മ പറഞ്ഞു.." ഒരു സ്ഥലത്തേക്ക്‌..മോനുവിന്‌ അവിടെ ഒരുപാട്‌ ഇഷ്ടം ആകും..അവിടെ കളിക്കാന്‍ കുറെ കൂട്ടുകാര്‍ കാണും."

കേട്ടതോടെ അവനിക്ക്‌ ഒരുപാട്‌ സന്തോഷം ആയി..പിന്നെ അമ്മ അവനെ ഉടുപ്പ്‌ ഇടുവിച്ചപ്പോള്‍ അവന്‍ ശ്രദ്ധിച്ചു..അമ്മ എന്താ ഈ തവണ..വെള്ള ഷര്‍ട്ടും നീല ട്രൗസറും ഇടീപ്പിക്കുന്നത്‌? അയ്യേ...ഇത്‌ ഒരു ശേലില്ലാ...അവന്‍ അത്‌ അമ്മയോട്‌ പറഞ്ഞു..

"അമ്മേ..എനിക്ക്‌ ഇത്‌ വേണ്ടാ..വേറെ ഉണ്ടല്ലോ....എനിക്ക്‌ അത്‌ മതി..അമ്മ അപ്പോള്‍ പറഞ്ഞു..."മോനൂ...മോനുന്റെ കൂട്ടുകാരും ഇത്‌ പോലത്തെ ഷര്‍ട്ട്‌ ഒക്കെ ഇട്ടാ വരുന്നത്‌..."..

പിന്നെ അവന്റെ കുഞ്ഞി കാലില്‍ പുതിയ ചെരുപ്പ്‌ ഒക്കെ ഇടീച്ച്‌ അവനെ ഒരിക്കയപ്പ്പ്പോഴേക്കും...അവനെ കാത്തിരുന്നെന്ന വണ്ണം മഴ ചന്നം പിന്നം പെയ്യാന്‍ തുടങ്ങി..അപ്പോള്‍ അമ്മ അവനിക്ക്‌ മഴവില്ലിന്റെ നിറങ്ങള്‍ ഉള്ള ഒരു കുഞ്ഞിക്കുട അവനിക്ക്‌ നല്‍കി..കൂടെ ഒരു കുഞ്ഞ്‌ സഞ്ചിയും..അതു അവന്റെ കയ്യില്‍ കൊടുത്തിട്ട്‌ പറഞ്ഞു..

"മോനൂ..ഇതൊക്കെ സൂക്ഷിച്ച്‌ കൊണ്ട്‌ നടക്കണം.."

അപ്പോഴും അവന്റെ മനസില്‍ ചോദ്യം ഉയര്‍ന്നു..എന്റെ കൂടെ അമ്മ ഉണ്ടാകുമല്ലോ..പിന്നെ എന്തിനാ അമ്മ ഇങ്ങനെ ഒക്കെ എന്നോട്‌ പറയുന്നെ?..അപ്പോഴെക്കും മഴ നന്നായി കനത്ത്‌ പെയ്യുണ്ടായിരുന്നു..പക്ഷെ ഇപ്പോള്‍ അമ്മ അവനോട്‌ ഒന്നും പറഞ്ഞില്ല. അമ്മ അവന്റെ കുഞ്ഞികൈ പിടിച്ച്‌ ആ മഴയത്ത്‌ പതുക്കെ നടന്നു...പിന്നെ ഒരു കെട്ടിടത്തിന്റെ അകത്തേക്ക്‌ അമ്മ അവനെ കൂട്ടി കൊണ്ട്‌ പോയി..അപ്പോള്‍ അവിടെ ഉണ്ട്‌..തന്റെ അതേപോലെ വസ്ത്രങ്ങള്‍ അണിഞ്ഞ്‌ എത്തിയിരിക്കുന്ന തന്റെ സമപ്രായക്കാരെ....കുറേപേര്‍ അവിടെ ഇരുന്ന് കരയുന്നുണ്ടായിരുന്നു...നല്ല രസം..നല്ല ഒച്ച..അവന്‍ മനസില്‍ പറഞ്ഞു..അവിടെ ഉള്ള ഒരു അമ്മായിയോട്‌ അവന്റെ പേരു പറഞ്ഞ്‌ കഴിഞ്ഞു ആ അമ്മായിയെ ചൂണ്ടി കാണിച്ച്‌ അമ്മ പറഞ്ഞു

" മോനൂ...ഇതാണ്‌ മോനുവിന്റെ ടീച്ചര്‍.."

"ടീ-ച്ച-ര്‍??"

അത്‌ എന്തൂട്ട്‌ സാധനം എന്ന മട്ടില്‍ അവന്‍ അമ്മയെ നോക്കി...അപ്പോഴും അവന്‍ അവന്റെ അമ്മയുടെ കൈയില്‍ നിന്നും പിടി വിട്ടിരുന്നില്ല..പിന്നെ അമ്മ അവന്റെ കൈ വിടുവിച്ച്‌ പറഞ്ഞു..

"മോനൂ..അമ്മ കുറച്ച്‌ കഴിഞ്ഞ്‌ വരാം..മോനു നല്ല കുട്ടി ആയി ഇവിടെ ഇരിക്കണം.."

അവന്‍ ചോദിച്ചു.." അമ്മ എങ്ങോട്ട്‌ പോക്വാ?"..

അവന്റെ മനസില്‍ ആധിയായി...

"മോനു ഇവിടെ ഇരുന്ന് ഈ കൂട്ടുകാരും ഒക്കെ ആയിട്ട്‌ ഇരുന്ന് കളിക്കെം പഠിക്കേം ഒക്കെ ചെയ്യ്‌..അമ്മ ദാ ഇപ്പൊ വരാം ട്ടോ"

കേട്ടപ്പോള്‍ അവനിക്ക്‌ എന്തോ പോലേ..ഇത്രയും ആളുകള്‍ ഉണ്ടായിട്ടും അവന്‍ ഒറ്റപ്പെട്ടത്‌ പോലെ.....അവനിക്കും കരച്ചില്‍ വന്നു...പിന്നെ അതു വലിയ ഒച്ചയില്‍ ആയി..അപ്പോഴെക്കും അമ്മ അവന്റെ കൈ വിടുവിച്ച്‌ പുറത്തെക്ക്‌ നടന്നു..അമ്മ ജനലില്‍ അപ്പുറം മറയുന്നത്‌ അവന്റെ കണ്ണീരിനിടയിലൂടെ അവന്‍ കണ്ടു..

പിന്നെ കുറച്ച്‌ കഴിഞ്ഞപ്പോള്‍ ആ കറുത്ത ചുവരില്‍ എന്തൊക്കയൊ വരച്ച്‌ വെച്ചിരിക്കുന്നത്‌ അവന്‍ കണ്ടു...അതു ചൂണ്ടി ആ ടീച്ചര്‍ എന്നു അമ്മ പരിചയപ്പ്പ്പെടുത്തിയ അമ്മായി...ഒരു നീളന്‍ വടി എടുത്ത്‌ അതിനു നേരെ ചൂണ്ടി കാണിച്ച്‌കൊണ്ട്‌ പറഞ്ഞു...

"അ ആ ഇ ഈ..."

"അ- അമ്മ...."

അങ്ങിനെ അറിവിന്റെ ലോകത്തേക്ക്‌ അവനും ...........

5 comments:

മെലഡിയസ്‌ said...

സമര്‍പ്പണം: ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിച്ച കുറേ കുരുന്നുകള്‍ക്ക്‌...

അഗ്രജന്‍ said...

അപ്പോഴും അവന്റെ മനസില്‍ ചോദ്യം ഉയര്‍ന്നു..എന്റെ കൂടെ അമ്മ ഉണ്ടാകുമല്ലോ..പിന്നെ എന്തിനാ അമ്മ ഇങ്ങനെ ഒക്കെ എന്നോട്‌ പറയുന്നെ?

അമ്മയെന്ന സുരക്ഷാവലയത്തില്‍ നിന്നും പുറത്ത് കടക്കുന്ന കുഞ്ഞിന്‍റെ ഉത്കണ്ഠ...

നന്നായിട്ടുണ്ട് പോസ്റ്റ്!

തറവാടി said...

ചിലയിടങ്ങളില്‍ അവനെന്നും , മറ്റിടങ്ങളില്‍ ഞാനെന്നും പറയുന്നു , എനിക്കു തെറ്റിയോ അതോ ?

:)

മെലഡിയസ്‌ said...

അഗ്രജന്‍ ചേട്ടാ. കമന്റ് ചെയ്തതിന് നന്ദി..
തറവാടി ചേട്ടാ...ഇത് എഴുതികൊണ്ട് ഇരിക്കുമ്പോള്‍ എന്റെ മനസിലും "അവന്‍" ഞാന്‍ ആയി പോയി..തെറ്റ് ചൂണ്ടി കാണിച്ച് തന്നതിനു നന്ദി..

കരീം മാഷ്‌ said...

നന്നായി എഴുതിയിട്ടുണ്ട്,
അറിവിന്റെ ആദ്യാക്ഷരം കുറിച്ച കുറേ കുരുന്നുകള്‍ക്ക്‌ എന്റെ വകയും ആശംസകള്‍!...