Sunday, January 7, 2007

വീണ്ടും ഒരു പ്രവാസി ഭാരതീയ ദിവസ്‌.

വീണ്ടും ഒരു പ്രവാസി ഭാരതീയ ദിവസ്‌. ഡെല്‍ഹിയിലെ വിജ്ഞാന്‍ ഭവന്‍ ഓഡിറ്റോറിയത്തില്‍ രണ്ടു ദിവസം അതില്‍ പങ്കെടുക്കുന്ന ആളുകള്‍ സൊറ പറഞ്ഞു പോകുമായിരിക്കും. പക്ഷേ, നമ്മുടെ നാട്ടിലേക്ക്‌ കൂടുതല്‍ പൈസ അയക്കുന്ന ഗള്‍ഫ്‌ സമൂഹത്തെ, വേറൊരു രാജ്യത്ത്‌ കഴിയുമ്പോഴും ഗൃഹാതുരത്വം സൂക്ഷിക്കുന്ന ഗള്‍ഫ്‌ മലയാളികള്‍ എന്ന സമൂഹത്തെ ഈ സമ്മേളനവും അവഗണിക്കാന്‍ ആണ്‌ സാധ്യത. കഴിഞ്ഞ തവണത്തേക്കാളും വ്യത്യസ്തമായി ഈ തവണ മലയാളി പ്രാധിനിത്യം കുറവ്‌ ആകും എന്നു കേള്‍ക്കുന്നു.

ഒരു മലയാളി പ്രവാസ കാര്യ മന്ത്രി ഉണ്ടായിട്ട്‌ കൂടി പ്രവാസി മലയാളികളുടെ, പ്രത്യേകിച്ച്‌ ഗള്‍ഫ്‌ മലയാളികളുടെ കാര്യത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ എന്നു കൂടി ആലോചിക്കേണ്ടതുണ്ട്‌. 8000-15000 രൂപക്ക്‌ ഇടയില്‍ ആണ്‌ ഒട്ടുമിക്കവരും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്‌. അതില്‍ അവിടെ ഉള്ള ചിലവും കഴിച്ച്‌ കിട്ടുന്ന പൈസ പിശുക്കി നാട്ടിലേക്ക്‌ അയക്കുന്ന ഗള്‍ഫ്‌ പ്രവാസി സമൂഹത്തെ അവഗണിക്കാറാണ്‌ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ചെയ്യുന്നത്‌.

അമേരിക്കയിലും ആസ്ത്രേലിയയിലും മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ളവര്‍ക്ക്‌ ഇരട്ട പൗരത്വം. എന്നാല്‍ കാലാ കാലങ്ങള്‍ ആയി ഗള്‍ഫ്‌ സമൂഹത്തിന്റെ വോട്ടവകാശം ( അങ്ങിനെ എങ്കിലും അവര്‍ക്ക്‌ പ്രതികരിക്കാന്‍ കഴിയട്ടെ) എന്ന ആവശ്യം അതു പോലെ കിടക്കുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക്‌ കുടിയേറുന്നവര്‍ സാധാരണ ഇന്ത്യയിലേക്ക്‌ മടങ്ങി വരുന്നത്‌ വളരെ ചുരുക്കം.( അമേരിക്കന്‍,അല്ലെങ്കില്‍ മറ്റ്‌ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെ ഞാന്‍ ആക്ഷേപിക്കുകയല്ല. അവരുടെ സേവനങ്ങളെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു) എന്നാല്‍ ഇന്ത്യയിലേക്ക്‌ മടങ്ങി വരുന്ന ഗള്‍ഫ്‌കാരന്‌ ഒരു വോട്ട്‌ ചെയ്യാന്‍ ഉള്ള അവകാശം ഇല്ല എന്നു പറയുന്നത്‌ ഇരട്ടത്താപ്പ്‌ തന്നെ ആണ്‌.

പ്രധാനമായും രണ്ട്‌ ആവശ്യങ്ങള്‍ ആണ്‌ ഗള്‍ഫ്‌ മലയാളികള്‍ക്കുള്ളത്‌. ഒന്നു വിമാന യാത്രാ കൂലി. ഗള്‍ഫ്‌ മലയാളികളുടെ ക്ഷേമപ്രവര്‍ത്തങ്ങള്‍. ഇതില്‍ രണ്ട്‌ കാര്യങ്ങളിലും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തികഞ്ഞ അലംഭാവം ആണ്‌ കാണിക്കുന്നത്‌. നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ വലിയ ഒരു അളവു വരെ സഹായകമാകുന്ന ഗള്‍ഫ്‌ മലയാളികളെ കൂടുതല്‍ എങ്കിനെ പിഴിയാം എന്നു അല്ലാതെ വേറെ ഒരു കാര്യവും സര്‍ക്കാര്‍ ശ്രദ്ദിക്കാറില്ല

ഇന്ന് മിക്കവര്‍ക്കും സൗജന്യ വിമാനയാത്ര ലഭിക്കുന്നുണ്ടാകാം. പക്ഷെ ഇതൊന്നും കിട്ടാതെ ഉള്ള വളരെ അധികം ആളുകള്‍ ഗള്‍ഫ്‌ സമൂഹത്തില്‍ ഉണ്ട്‌. അവര്‍ തങ്ങള്‍ക്ക്‌ കിട്ടുന്നതില്‍ നിന്നു പിശുക്കി കിട്ടുന്നതില്‍ ഒരു പങ്ക്‌ നാട്ടിലേക്കും ബാക്കി ഉള്ളത്‌ നാട്ടിലേക്ക്‌ വരുമ്പോള്‍ കൊണ്ട്‌ വരാനും വേണ്ടി ഇരിക്കുമ്പോള്‍ ആണ്‌ വിമാന കമ്പനിക്കാരുടെ പകല്‍ കൊള്ള. ഇതിന്‌ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌ ഇന്ത്യന്‍ വെള്ളാന കമ്പനികള്‍ ആയ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും. നഷ്‌ടത്തിലോടുന്ന സര്‍വീസ്സുകള്‍ നിര്‍ത്തലാക്കാതെ ആ നഷ്‌ടം നികത്താന്‍ വേണ്ടി ഗള്‍ഫ്‌ സമൂഹത്തെ ആണ്‌ മിക്കപ്പോഴും ഈ വിമാന കമ്പനികള്‍ പിഴിയുന്നത്‌. എന്തെങ്കിലും പ്രതികരിക്കാം എന്നു വെച്ചാല്‍ തന്നേയും ഇവര്‍ അത്‌ ഏത്‌ വിധേനയും ഇല്ലാതെ ആക്കും. നേരത്തെ പറഞ്ഞ 8000-15000 രൂപ മാസശമ്പളം വാങ്ങുന്ന ഒരു ഗള്‍ഫ്‌കാരന്റെ മക്കള്‍ക്ക്‌ ഏതെങ്കിലും പ്രൊഫഷനല്‍ കോളേജില്‍ ചേരണം എങ്കില്‍ അയാള്‍ കുത്ത്‌പാളയെടുക്കും. ( സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന എന്‍.ആര്‍.ഐ മക്കളുടെ കാര്യം അല്ല ) അവിടെയും ഒരു സാദാ എന്‍.ആര്‍.ഐ ക്ക്‌ പക്ഷപാതം

എല്ലാത്തിനും വേണ്ടത്‌ കൂട്ടായ പരിശ്രമം ആണ്‌. കാലുവാരികളെ തിരിച്ചറിഞ്ഞ്‌,അവര്‍ ചെയ്യുന്നത്‌ തടഞ്ഞ്‌, തങ്ങളുടെ സഹോദരങ്ങള്‍ക്ക്‌ വേണ്ടി ആണ്‌ ഇത്‌ ചെയ്യുന്നത്‌ എന്ന ബോധത്തോടെ ഇതിനു വേണ്ടി ഇറങ്ങിയാല്‍ കാര്യം നേടാം. അല്ലെങ്കില്‍ മീറ്റിങ്ങുകളും പ്രതിഷേധങ്ങളും നിര്‍ബാധം തുടരും

2 comments:

മെലഡിയസ്‌ said...

ബ്ലോഗര്‍ ഫൈസല്‍ ഇക്കയുടെ നിര്‍ദേശ പ്രകാരം ഞാന്‍ ഇത്‌ എന്റെ ബ്ലോഗിലും പോസ്റ്റ്‌ ചെയ്യുന്നു. കാലിക പ്രസക്തം എന്നു തോന്നിയത്‌ കൊണ്ട്‌ ആദ്യം ഞാന്‍ ബൂലോഗ ക്ലബ്ബില്‍ പോസ്റ്റ്‌ ചെയ്തു. എന്തായാലും എല്ലവരുടെയും ഒരു തുറന്ന ചര്‍ച്ച പ്രതീക്ഷിക്കുന്നു. ഇവിടെ ആയാലും ബൂലോഗ ബ്ലോഗില്‍ ആയാലും.

വിന്‍സ് said...

ഗള്‍ഫ് വാര്‍ത്തകളില്‍ പലപ്പോളും കാണാറുള്ള വാര്‍ത്ത ആണു ഇന്‍ഡ്യന്‍ എയര്‍ ലൈന്‍സുകാര്‍ അമിതമായ ചാര്‍ജു വാങ്ങുന്നത്. പലരും ഇതിനെതിരെ റ്റിവിയില്‍ ഒക്കെയ് രൂക്ഷമായി പ്രതികരിക്കുന്നതും കണ്ടിട്ടൊണ്ട്. പക്ഷെ ഒരു മലയാളി സമാജക്കാരും ഇതിനെതിരെ ഒരു കൂട്ടായ തീരുമാനം എടുത്തതായി കണ്ടിട്ടില്ല. ചാര്‍ജുകള്‍ കുറക്കുന്നതു വരെയ് ഇന്‍ഡ്യന്‍ വിമാനങ്ങളില്‍ സഞ്ചരിക്കില്ല എന്നൊരു തീരുമാനം കൂട്ടായി എടുത്തു ഒരു വാ‍ണിങ്ങ് കൊടുത്താല്‍ ചിലപ്പൊള്‍ ഒരു പരിഹാരം ഉണ്ടായലോ?? രാഷ്ട്രീയകാരെ കൊണ്ട് ഗള്‍ഫുകാര്‍ക്ക് ഒരു പ്രയോജനവും ഇല്ലെന്നുള്ളത് പല വട്ടം തെളിയിക്കപ്പെട്ടതാണ്. പക്ഷെ അവര്‍ അവിടെ വരുംബോള്‍ അവരെ ആനയിക്കുന്നതും, പണം കൊടുക്കുന്നതും സമൂഹത്തിലെ പാവപ്പെട്ടവരും പണക്കാരും ഒരു പോലെ ആണു. ഇവര്‍ക്കു എതിരെയും ഒരു കഠിന തീരുമാനം എടുത്താല്‍ അവര്‍ ചിലപ്പോള്‍ അവിടെ വെറും കൈയോടെ വരാന്‍ മടിച്ചേക്കാം. ഇവര്‍ ഒക്കെ എന്തു കൊണ്ട് അമേരിക്കയിലും യൂറൊപ്പിലും എന്തു കൊണ്ടാണു ഇവര്‍ പിരിവിനു ചെല്ലാത്തത് എന്നുള്ള കാരണവും ഗള്‍ഫുകാര്‍ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ഗള്‍ഫുകാരെ പരിഹസിക്കുകയാണെന്ന് ദയവായി കരുതരുത്. പക്ഷെ എന്തു കൊണ്ട് ഗള്‍ഫുകാരെ മാത്രം രാഷ്ട്രീയക്കാരും, എയര്‍ ലൈന്‍സുകാരും, എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും മുതലാക്കുന്നു എന്ന് മനസ്സിലാക്കി ഗള്‍ഫുകാര്‍ കൂട്ടായ ഒരു തീരുമാനം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.