Tuesday, November 6, 2007

എന്റെ പെണ്ണുകാണല്‍

ഉച്ചക്ക് ഊണിന് എന്റെ ഫേവറിറ്റ് ഐറ്റങ്ങളില്‍ ഒന്നായ സാമ്പാര്‍ ചോറിലേക്ക് ഒഴിച്ച് അതില്‍ വീണ വെണ്ടക്ക കഷ് ണം വായിലിട്ട് ചവച്ച് രസിച്ചങ്ങനെ ചോറ് കുഴച്ച് ഉരുളയാക്കി അണ്ണാക്കിലേക്ക് അപ് ലോഡ് ചെയ്യാന്‍ ഇരിക്കുമ്പോളാണ് എന്റെ മാതാശ്രീ ആ കാര്യം പറഞ്ഞത്..

“എടാ ഇന്നാ മൊയ് തീന്‍ ഇവ് ട വന്നിരുന്നു”

“ഉം..എന്തിന്?”

“നിനക്ക് ഒരു ആലോചന കൊണ്ട് വന്നതാ”

“അയാള്‍ക്ക് വട്ട് ഇണ്ടാ?” ഞാന്‍ ചോദിച്ചു..
“എന്തേ?”

“അല്ലാ. മര്യാദക്ക് ഒരു പണി പോലും ആകാത്ത എനിക്ക് അയാള് പെണ്ണ് കണ്ട്പിടിച്ചല്ലാ..അതോണ്ട് ചോദിച്ചതാ”

“അതിന് നീ നാളേം മറ്റാന്നേം പോയൊന്നും പെണ്ണ് കെട്ടണ്ടാ. പിന്ന നിനക്ക് ഇപ്പ ജോലി ഒന്നും ഇല്ലെങ്കിലും ശരി. ന്നാലും ഉടനെ ആകൂല്ലേ. പോകാന്‍ ഇനീം രണ്ട് മൂന്ന് ആഴ്ചയല്ലേയുള്ളു. പിന്ന അവളുടെ കാര്യം ഇപ്പൊ ഒത്ത് വന്നില്ല. എന്തായാലും നീ പോയി വരുമ്പോഴേക്കും നല്ല ആലോചന വന്നിരിക്കും. അപ്പോ രണ്ടും കൂടെ ഒന്നിച്ച് നടത്താം..എന്തേ?”

ങ് ഹും!! അപ്പോ എല്ലാം കരുതി കൂട്ടിയുള്ള പരിപാടിയാണ്. പടച്ചോനെ, ബാച്ചി ക്ലബില് ഒരു മെമ്പര്‍ഷിപ്പ് ഒപ്പിച്ചിട്ട് അധിക ദിവസമായിട്ടില്ല. ഉടനേ അതീന്നൊക്കെ ഊരേണ്ടി വര്വോ എന്നിങ്ങനെ ആലോചിച്ച് ഇരിക്കുമ്പോള്‍ മാതാശ്രീയുടെ അടുത്ത ഡയലോഗ്.

“ എന്തായാലും നീ ഒന്ന് പോ. മൊയ് തീന്‍ നാല് മണിക്ക് വരും..”
അപ്പൊ ഇനി രക്ഷയില്ലാ. മാതാശ്രീ തീരുമാനിച്ചാ അത് നടപ്പിലാക്കും..മൂന്നരത്തരം..
“അപ്പ ഉമ്മയും വരുന്നുണ്ടാ?” ഞാന്‍ മാതാശ്രീയോട് ചോദിച്ചു..
“പിന്നല്ലാതെ..ഞാനും ഉണ്ട്” എന്നും പറഞ്ഞ് അകത്ത് പോയി.
നാല് മണിയായപ്പോഴേക്കും എന്നെ കുഴീല്‍ ചാടിക്കാന്‍ കൊണ്ട് പോകുന്ന മൊയ് തീനും എത്തി. പിന്നാലെ ഞങ്ങളുടെ തറവാട്ടില്‍ വലിപ്പ ചെറുപ്പമില്ലാതെ എന്ത് ഓട്ടത്തിന് വിളിച്ചാലും “ദാ ഇപ്പ എത്തി“ എന്ന് പറഞ്ഞ് കാറും ആയി എത്തുന്ന ദാസേട്ടനും. ങ്ഹും..അപ്പ ഇച്ചിരി വല്യ ഓട്ടം തന്നെയാ..അല്ലെങ്കില്‍ എന്റെ മാതാശ്രീ വണ്ടി വിളിക്ക്വോ..ബെസ്റ്റ്!!


എന്തായാലും ഞാന്‍ സുന്ദര കുട്ടപ്പന്‍ ആയി ക്രീം കളര്‍ പാന്റും പിന്നെ ഒരു മെറൂണ്‍ കളര്‍ ഷര്‍ട്ടും വലിച്ച് കേറ്റി ഞാന്‍ ഉമ്മറത്തേക്കിറങ്ങി..അപ്പോളു ഉണ്ട് മൊയ് തീന്‍ വക കമന്റ്.
“ ആള് അങ്ങ് അടിപൊളിയായല്ലോ”

“മൊയ് തീന്‍ ക്കാക്ക് വല്ല കാര്യോണ്ടാ ഇതൊക്കെ കൊണ്ട് വരാന്ž”
അപ്പോഴും അയാളുടെ ഒരു ഊച്ചാളി ചിരിയേ അയാള്‍ ചിരിച്ചുള്ളൂ..
“ഇവിടാ ഈ പെണ്ണിന്റെ സ്ഥലം.?” ഞാന്‍ അയാളോട് ചോദിച്ചു.
“അതൊക്കെ ഇനി അവ്ട പോയിട്ട് അറിഞ്ഞാ മതി”
ഞാന്‍ എന്താ സ്കൂള്‍ കുട്ടി വല്ലതും ആണോ. ഇയാള്‍ ഇങ്ങനൊക്കെ എന്നോട് പറയാന്‍ എന്ന് ചോദിക്കാന്‍ തുടങ്ങുമ്പോഴേക്കും എന്റെ മാതാശ്രീ അങ്ങോട്ടെത്തി..
“ന്നാ വാ ഇറങ്ങാം” മാതാശ്രീയുടെ ആജ്ഞ..

“പെണ്‍കുട്ടി നല്ല അസ്സല് പെണ്‍കുട്ട്യാ..നല്ലോണം നിറമൊക്കേംണ്ട്. നല്ലോണം പഠിക്കും” എന്നിങ്ങനെ എനിക്ക് ഇതിലും നല്ല ഒരു ആലോചന ഈ ജന്മത്ത് കിട്ടില്ല എന്ന രീതിയിലാ അങ്ങേരുടെ കത്തി. അതുവ്വാ..ഇയാള് ആദ്യമായിട്ട് എന്റെ പെങ്ങള്‍ക്ക് ആലോചന കൊണ്ട് വന്നപ്പോള് ചെയ്ത കാര്യം എനിക്കല്ലേ അറിയൂ. മൊയ്തീന്‍ വന്ന് കാര്യമൊക്കെ തിരക്കി എന്നിട്ട് എല്ലാം പറഞ്ഞിട്ട്, ഒരു ചോദ്യം “ഞാനൊന്ന് പുറത്തേക്ക് വിളിച്ചോട്ടെ.” എന്നിട്ട് വിളിച്ചിട്ട് “ നല്ല ആലോചനയാ.. കാണാന്‍ നല്ല സുന്ദരിക്കുട്ടിയാ. നല്ല നിറമൊക്കെയുണ്ട്. ആവശ്യത്തിന് പൊക്കം” ഇങ്ങനെ ഇത്യാദി കീറ് കീറുമ്പോള്‍ എന്റെ പുന്നാരപെങ്ങള്‍ ആ ഏരിയയില്‍ പോയിട്ട് ആ പഞ്ചായത്തില്‍ പോലുമില്ലായിരുന്നു..അങ്ങിനെയുള്ള ആളാ എന്നോട് ഇമ്മാതിരിയൊക്കെ പറയുന്നത്.
അങ്ങേരുടെ കത്തി കേട്ട് ബോറടിച്ചിരുന്നതിനാലോ. എന്തൊ എന്നെ നിദ്രാദേവി കടാക്ഷിച്ചു.


കുറച്ച് കഴിഞ്ഞപ്പോ, മാതാശ്രീയുടെ വിളി വന്നു.
“ടാ..ടാ..എഴുന്നേല്‍ക്കടാ..ആ മുഖം ഒക്കെ ഒന്ന് തൊടച്ച് ഇരിക്ക്.”

കാറ് തരക്കേടില്ലാത്ത ഒരു വീടിന്റെ മുന്നില് ചെന്ന് ചെന്നു..
ഇതേത് സ്ഥലം..ഞാന് മനസ്സില് ചോദിച്ചു.
മുറ്റത്ത് അപ്പോള് ആഡ്യത്വമുള്ള മധ്യവയസ്സിലേക്ക് കയറികൊണ്ടിരിക്കുന്ന ഒരാള് പുറത്തേക്ക് വന്നു. അയാളെ നോക്കി മാതാശ്രീ സലാം ചൊല്ലി..”അസ്സലാമു അലൈക്കും.”
“വലൈക്കും മുസ്സലാം” സലാം മടക്കിയിട്ട് അയാള് പറഞ്ഞു “ ഞാന് പെണ്ണിന്റെ വാപ്പ” എന്നിട്ട് എനിക്കും ഒരു ഷേക്ക് ഹാന്റ് തന്ന് വാപ്പ അകത്തേക്ക് കൂട്ടി കൊണ്ട് പോയി.


ആസ് യൂഷ്വല്‍ ഒരു പെണ്ണ് കാണല്‍ ചടങ്ങില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ഒക്കെ പെണ്ണിന്റെ പിതാശ്രീ എന്നോട് ചോദിച്ചു..അതിന് അതിന്റേതായ രീതിയില്‍ ഞാന്‍ ഉത്തരം പറയുകയും ചെയ് തു. പിതാശ്രീ ഇപ്പോള്‍ വിദേശത്ത് നിന്ന് ലീവിന് വന്നത് ആണെന്നും, അടുത്ത കൊല്ലം കല്യാണം നടത്താനാണ് ഉദ്യേശം എന്നും പിതാശ്രീയുടെ വര്‍ത്തമാനത്തില്‍ നിന്നും ഞാന്‍ മനസിലാക്കി. ഇതിന്റെ ഇടക്ക് പെണ്ണിന്റെ മാതാശ്രീ ഞങ്ങള്‍ക്ക് ചായ വിളമ്പുകയും ചെയ് തു. ചായ ഒക്കെ കുടിച്ച് കഴിഞ്ഞ എന്റെ മാതാശ്രീ അകത്തേക്ക് പോയി കാണേണ്ട ആളെ ആദ്യം പോയി കാണുകയും ശേഷം എന്നെ കാണിക്കാന്‍ വേണ്ട് വിളിച്ച് കൊണ്ട് വരികയും ചെയ് തു. ഞാന്‍ കണ്ടു..

തരക്കേടില്ലാത്ത ഒരു സുന്ദരിക്കോത!!..അയ്യൊ..എന്റെ കാലൊക്കെ വിറക്കുന്നു..അധികമൊന്നും എനിക്ക് നോക്കി നില്‍ക്കാന്‍ പറ്റുമോ..ആവൊ..എന്നാലും ധൈര്യം സംഭരിച്ച് ഇരുന്നു..ആദ്യാമായിട്ടുള്ള പെണ്ണ് കാണലല്ലേ.എന്നാലും എന്റെ നെറ്റിയില്‍ അവിടെ ഇവിടെ ഒക്കെ ആയി അല്പം വിയര്‍പ്പ് കണങ്ങള്‍ പൊടിയുന്നുണ്ടായിരുന്നു.


“എന്തേലും ഒക്കെ ചോദിക്കടാ“..എന്റെ മാതാശ്രീയുടെ വക കമന്റ്.
ആസ് യൂഷ്വല്‍ ചോദ്യം എന്റെ വക “ എന്താ പേര്?”
അവള്‍ സജീനയെന്നൊ..സഹീറയെന്നോ പറഞ്ഞു..മൂടിന് തീ പിടിച്ചിരിക്കുമ്പോ ഇതൊക്കെ ആരോര്‍ക്കാന്‍?
“ഇനി നിങ്ങക്ക് എന്തേലും ഒക്കെ സംസാരിക്കാന്‍ ഉണ്ടാകൂല്ലേ..”മാതാശ്രീയുടെ അടുത്ത പാര..
അപ്പോള്‍ പെണ്ണിന്റെ പിതാശ്രീ.. “അതെ അവര്ž സംസാരിക്കട്ടേ..നിങ്ങ അപ്പുറത്തെ റുമിലേക്ക് പൊക്കൊ”

എനിക്കൊന്നും സംസാരിക്കാനില്ലായെന്ന് പറയേണമെങ്കിലും ശബ് ദം പുറത്തേക്ക് അപ്പോള്‍ വന്നില്ല..അതിന് മുന്‍പേ തന്നെ അവള്‍ അങ്ങോട്ട് നടന്നിരുന്നു.
അവിടെ ചെന്ന് കട്ടിലില്‍ ഇരുന്നിട്ട് അവള്‍ ഒരു ചിരി ചിരിച്ചു..ഞാനും അവള്‍ക്ക് എതിര്‍ വശത്തുള്ള കസേരയില്‍ ഇരിപ്പുറപ്പിച്ചു.
“ആദ്യായിട്ടാ പെണ്ണ് കാണാന്‍ പോണേ ല്ലേ..” അവളുടെ ഫസ്റ്റ് ചോദ്യം..
എന്റുമ്മാ..ഇത് ഇങ്ങനെ ഒക്കെ ചോദിക്ക്വോ?
ഞാന്‍ “ഉം” എന്ന് മൂളി. “അത് കണ്ടപ്പോഴേ മനസിലായി” എന്ന് അവള്‍ ഉടന്‍ പറഞ്ഞു..

ഇന്നത്തെ കാലത്തെ പെണ്‍പിള്ളാരുടെ ഒരു കാര്യം..ഞാന്‍ മനസില്‍ പറഞ്ഞു..
“എവ്ടാ പഠിക്കുന്നേ?“
“മൂത്തകുന്നത്ത് ബിടെക്കിന് “
“അപ്പ മാര്യേജിന് ശേഷം ജോലിക്കൊക്കെ പോകാന്‍ താല്പര്യം ഉണ്ടല്ലേ?” എന്നായി എന്റെ നെക്സ്റ്റ് ചോദ്യം..അതിനുള്ള അവള്‍ എടുത്തടിച്ച പോലെ മറുപടി പറഞ്ഞു.
“പിന്നാല്ലാതെ..പിന്നെ എന്തിനാ ഞാന്‍ കഷ്ട്ടപ്പെട്ട് ഇതൊക്കെ പഠിക്കണേ?”

ഇവള്‍ ആള്‍ ഒന്ന് ഒന്നര തരം എന്ന് മനസില്‍ പറഞ്ഞ് കൊണ്ട് ഞങ്ങള്‍ സംസാരം തുടര്‍ന്നു..ഞങ്ങള്‍ക്കിടയില്‍ ഉള്ള ആ അപരിചതത്വം കുറയുന്നത് സാവധാനം ഞാന്‍ അറിഞ്ഞു. അവളെ ഇഷ്ട്ടപെടാനും..


“ടക്ക് ടക്ക്” വാതിലില്ž മുട്ടുന്ന ശബ് ദം.
“ങ് ഹേ!!..ഞാന്‍ ഇതെപ്പോഴാ അടച്ചിട്ടത്..ആരാ ഇത് അടച്ചിട്ടത്..”
വീണ്ടും വാതിലില്‍ മുട്ടുന്നതിന്റെ ശബ് ദം കൂടി വന്നു..
അപ്പുറത്ത് നിന്ന് എന്റെ പ്രിയ മാതാശ്രീ വലിയ ഒച്ചയില്‍ പറഞ്ഞു...


“എഴുന്നേല്‍ക്കെടാ..പാതിരാ വരെ കം പ്യുട്ടറിന്റെ മുന്നില്‍ ഇരുന്നിട്ട് അവന്റെ ഇപ്പോളത്തെ ഒരു ഉറക്കം..സുബഹി ബാങ്ക് കേട്ടിട്ട് നേരം കുറേയായി..ഏണീറ്റ് പള്ളീ പോടാ”
കുറച്ച് നേരം കൂടെ കഴിഞ്ഞിരുന്നെങ്കില്‍ എന്റെ കല്യാണം കൂടേ കഴിയുമായിരുന്നു എന്ന വിഷമത്തോടെ കണ്ണും തിരുമ്മി, പിന്നെ മുണ്ട് ഒന്ന് മുറുക്കിയുടുത്ത് വാതില്‍ തുറക്കാനായി ഞാന്‍ പതുക്കെ എഴുന്നേറ്റു....

Friday, November 2, 2007

വറ്റ്കറ ജോസൂട്ടനും മൊബൈലും

ജോസുട്ടന്‍ എന്ന വറ്റ്കറ ജോസുട്ടന്‍ എന്ന് കേട്ടാല്‍ നാട്ടിലെ ഒരു വിധപ്പെട്ട, എന്ന് വെച്ചാല്‍ പതിനേഴിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ഒരു വിധപ്പെട്ട പെണ്ണുങ്ങള്‍ക്ക് ഒരു പേടിസ്വപ്നമായിരുന്നു..ഒന്ന് അസ്സലായി കോളേജിലോ, അല്ലെങ്കില്‍ പ്ലസ് ടുവിനോ പഠിച്ച് വരുമ്പോഴായിരിക്കും ഇങ്ങനയൊക്കെ ഉള്ളതിനെ ജോസുട്ടന്റെ കണ്ണില്‍ പെടുന്നത്. പിറ്റേന്ന് എങ്ങിനെയെങ്കിലും ജോസുട്ടന്‍ ആ പെണ്ണിന്റെ വീട് തപ്പിപിടിച്ച് ഒരു ആലോചന നടത്തിയിരിക്കും. മൂന്നര തരം. ജോസുട്ടനു വേണ്ടിയല്ല. നാട്ടിലെ വേറെ ആണ്‍പിള്ളേര്‍ക്ക് വേണ്ടി. കാരണം, ജോസുട്ടന്‍ നാട്ടിലെ എണ്ണം പറഞ്ഞ ഒരു കല്യാണ ബ്രോക്കറായിരുന്നു.


"വറ്റ്കറ" എന്ന് കേട്ടാല്‍ പിന്നെ മൂലക്കുരു വന്നവന്റെ അവസ്ഥ പോലാകും ജോസുട്ടന്‍. അങ്ങിനെ വിളിച്ചവനെ നാല് തെറി തിരിച്ച് വിളിച്ചില്ലെങ്കില്‍ ജോസുട്ടന് നില്‍പ്പിരിപ്പ് കിട്ടില്ല. തന്റെ അപ്പനിക്ക് വേറേ എന്തൊക്കെ ജോലി നോക്കായിരുന്നു. ഈ കറവ വറ്റിയ കന്നാലികളെ തേടി പിടിച്ച് നാട്ട്കാര്‍ക്ക് വിറ്റ് കൊടുക്കേണ്ട വല്ല കാര്യവും അപ്പനുണ്ടാര്‍ന്നോന്ന് ഇടക്കിടക്ക് അവന്‍ ആലോചിക്കും. പിന്നെ ജോസുട്ടന്റെ അപ്പന്‍ വറ്റ്കറ വറീത് ഇടക്കിടെ പറയുമായിരുന്നു " ന്റെ അപ്പന്‍ ഒരു പറമ്പിന്റെ ദല്ലാളായിരുന്നു. ഞാന്‍ എങ്ങിന്യക്കൊയൊ കന്നാലീന്റെ ദല്ലാളായി. ന്റെ മോനെ ഞാന്‍ ഒരു കല്യാണ ബ്രോക്കറാക്കും" പക്ഷെ അത് കാണാനുള്ള സൌഭാഗ്യം വറിതാപ്ലക്ക് കര്‍ത്താവീശോമിശിഹ കൊടുത്തില്ല. അതിന് മുമ്പേ തന്നെ അങ്ങേര്‍ പെട്ടന്ന് പെര്‍മെനന്റ് വിസയും പെട്ടിയുമെടുത്ത് യാത്രയായി.


അപ്പന്‍ പോയതിന് ശേഷം ഇനിയെന്ത് എന്ന ചോദ്യവുമായി നിന്ന ജോസുട്ടനോട് പലരും പറഞ്ഞു അപ്പന്റെ പണി തന്നെ ചെയ്യാന്‍ . ഇനിയീ ജന്മത്ത് ആ പണി ചെയ്യൂല്ലാ എന്ന് തീരുമാനിച്ചുറപ്പിച്ച വേറെയെന്തെങ്കിലും ചെയ്യണംന്ന് കരുതിയാണ് നേരെ വടക്കോട്ട് വെച്ച് പിടിച്ചത്. ലക്ഷ്യം വേറൊന്നുമല്ലായിരുന്നു. ലുലുവിന്റെ മുതലാളി യൂസഫലിക്കാനെ കാണണം. എന്തെങ്കിലും പണിയൊപ്പിക്കണം. അങ്ങിനെ എന്തോ ഭാഗ്യത്തിന് ജോസുട്ടന്‍ ദുബായിലെത്തി. എത്തി ഒരു കൊല്ലം തികക്കുന്നതിന് മുന്‍പ് ആള് നാട്ടിലുമെത്തി. അവിടെ സ്‌റ്റോറില്‍ സാധങ്ങള്‍ ചുമക്കുന്ന പണിക്കൊന്നും നുമ്മളെ കിട്ടൂല്ലാ, നുമ്മടെ മസിലിനൊന്നും അത് അത്രങ്ങട് പിടിക്കണില്ല എന്നായിരുന്നു വെറും 4’10” പൊക്കവും പിന്നെ അതിനൊത്ത ശരീരവുമുള്ള ജോസൂട്ടന്റെ വാദം. എന്നാലും ഇപ്പോഴും യൂസഫലിക്ക നമ്മട സ്വന്തം ഗഡിയാണെന്നും ഞാന്‍ ഒന്ന് വിളിച്ചാല്‍ പുള്ളിക്കാരന്‍ വിളിപ്പുറത്താണെന്നും ദുബായ് ജീവിതത്തിനിടയില്‍ സ്വന്തമാക്കിയ ഇഷ്‌ട്ടികയോളം വലുപ്പമുള്ള മൊബൈല്‍ തടവി ജോസുട്ടന്‍ പറയും. അതെപ്പോഴും കല്യാണത്തിന് മണവാട്ടി കെട്ടിയ അരപ്പട്ട പോലെ എപ്പോഴും ജോസുട്ടന്റെ അരയില്‍ എല്ലാവരും കാണലേ തന്നെ പ്രതിഷ്ഠിച്ചിട്ടുണ്ടാകും.


ആ മൊബൈല്‍ ഒന്ന് എടുത്ത് നോക്കണം. ഇടക്ക് പുള്ളിക്കാരന്‍ തന്നെ അത് എടുത്ത് ഒരു കൈയ്യില്‍ നിന്ന് മറ്റേ കൈയ്യിലേക്ക് തട്ടികളിക്കും. ചുമ്മാ വെറുതെ..നമ്മടെ കൈയ്യിലും ഈ മൊതല് ഉണ്ടെന്ന് കാണിക്കാനൊന്നുമല്ല. കൈക്കുഴക്ക് ഒരു എക്സര്‍സൈസ് ആയിക്കോട്ടെയെന്ന് കരുതിയാ ജോസുട്ടന്‍ അത് അങ്ങിനെ കാണിക്കുന്നത്. ആ മൊബൈല്‍ ഫോണ്‍ എടുത്ത് നോക്കിയാല്‍ ആരായാലും ഞെട്ടും. കാരണം തൃശ്ശൂര്‍ ജില്ലയിലേയും സമീപ പ്രദേശങ്ങളിലേയും ഡി.വൈ.എസ്.പി മുതല്‍ താഴോട്ടുള്ള സകലരുടേയും നമ്പര്‍ അതില്‍ കാണാം.


ജോസുട്ടന്‍ ഇടക്കിടെ എന്നെ കാണാന്‍ വരും. ദൂരെ നിന്ന് കണ്ടാല്‍ ഞാന്‍ മുങ്ങലാണ് പതിവ്. കാരണം ജോസുട്ടന്റെ വധിക്കല്‍ ഒരു ഒന്ന് ഒന്നര വധമായിരുന്നു. വരാലിനെ തോട്ടില്‍ കണ്ടപ്പോള്‍ എങ്ങിനെങ്കിലും പിടിക്കണമെന്ന് കരുതി അപ്പോള്‍ തന്നെ വലിച്ച് കൊണ്ടിരുന്ന സിഗരറ്റ് തോട്ടിലിടുകയും വരാല്‍ അത് വിഴുങ്ങി പുളഞ്ഞ് വെടി തീര്‍ന്നതും ഒക്കെ വീണ്ടും കേള്‍ക്കാനുള്ള ത്രാണി നമ്മക്ക് ഒട്ടുമില്ല. പക്ഷേ ഈ തവണ എനിക്കതില്‍ നിന്ന് രക്ഷപെടാന്‍ പറ്റിയില്ല. എന്നെ മുന്നില്‍ പിടിച്ച് വെച്ച് കത്തി തുടങ്ങി..ദുബായ് പുരാണവും അവിടുത്തെ റോഡുകളെയും ബില്‍ഡിംഗങ്ങളെയും ഒക്കെ പറഞ്ഞ് പറഞ്ഞ് അവസാനം വിഷയം മാറ്റാനായി ഞാന്‍ മൊബൈലിലേക്ക് നോട്ടമിട്ടു. ആ ഇഷ്ട്ടിക കഷ്ണത്തിന് പകരമൊണ്ട് നല്ല കിടിലന്‍ സോണി എറിക്‍മോന്റെ ( എറിക്സണ്‍)‌ മൊബൈല്‍. ഇതെവിടുന്ന് ഒപ്പിച്ചൂ ന്ന് ചോദിച്ചപ്പോള്‍ ഒരു കല്യാണം ഒപ്പിച്ചു. ബ്രോക്കര്‍ കാശ് കിട്ടിയപ്പോള്‍ ഇതൊരണ്ണം വാങ്ങി. ഇതിലെ പാട്ടൊക്കെ കേക്കാം എന്നൊക്കെ പറഞ്ഞ് അതിലായി ഗുസ്തി.


"ഇതിലും ഡി.വൈ.എസ്.പിയുടെ നമ്പറ് ഒക്കെ കാണുമല്ലേ ന്ന്" ഞാന്‍ ചുമ്മാ ചോദിച്ചപ്പോള്‍ പുള്ളിക്കാരന്‍ ഒരു ആക്കിയ ചിരി. എന്നിട്ട് പറയാ.."നിന്നോട് ആയത് കൊണ്ട് ഞാന്‍ ഒരു കാര്യം പറയാ..നീ ഇങ്ങട് വാ" ഞാന്‍ അടുത്ത് ചെന്നാപ്പോള്‍ ഓരോ നമ്പര്‍ എടുത്ത് കാണിച്ച് തന്നിട്ട് പറഞ്ഞു.


"ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടേ നമ്പര്‍ കണ്ടാ..ഇത് ആരാന്ന നിന്റെ വിചാരം..നമ്മട മാമനല്ലേ.. പറവൂര്‍ എസ്. ഐ നമ്മട കുഞ്ഞാപ്പനല്ലേ...ഇങ്ങനെ നുമ്മടെ ഓരൊ ബന്ധുക്കള്‍ക്ക് നുമ്മ ഓരോ സ്ഥാനമാങ്ങള്‍ അങ്ങട് നല്‍കും..എങ്ങാനും നുമ്മട മൊബൈല്‍ ആരേലും അടിച്ച് മാറ്റിയാല്‍..അടിച്ച് മാറ്റുന്നവന്‍ ഇതൊക്കെ ഒരിക്കലേ നോക്കോള്ളു. പിന്നെയവന്‍ സാധനം വേണേല്‍ വീട്ടീ കൊണ്ടത്തരും..അമ്മാതിരി വേലയല്ലെ നുമ്മ കാണിച്ച് വെച്ചേക്കണത്"


ഇതെല്ലാം കേട്ട് തുറന്ന് പോയ എന്റെ വായ അടക്കാന്‍ ഞാന്‍ കുറച്ച് സമയമെടുക്കേണ്ടി വന്നു!!

Monday, October 29, 2007

ചില ഡയറ്റിങ്ങ് വിശേഷങ്ങള്‍

അല്ലെങ്കിലും തന്നെ ബാധിക്കാത്ത കാര്യങ്ങളില്‍ , ഒന്നു കൂടി വ്യക്തമാക്കി പറഞ്ഞാല്‍ വേണ്ടാത്ത കാര്യങ്ങളില്‍ തലയിടരുതെന്ന് കാര്‍ന്നോമ്മാര് പറയുന്നത് വെറുതെയല്ല. അല്ലെങ്കില്‍ പിന്നെ മാതാശ്രീയുടെ ബ്ലഡ് പ്രഷര്‍ നോക്കുന്ന നേരത്ത് " എടീ‍, ന്റെയും കൂടെ ഒന്ന് ചെക്ക് ചെയ്യ് " ന്ന് കുറച്ച് ഗമയില്‍ മാമന്റെ മോളോട് പറയേണ്ട വല്ല കാര്യവുമുണ്ടായിരുന്നോന്ന് ആലോചിക്കാന്‍ പിന്നീട് എതാനും സമയം മാത്രമേ വേണ്ടി വന്നുള്ളു. പ്രഷര്‍ ഒക്കെ നോക്കി കഴിഞ്ഞപ്പോള്‍ ബ്ലഡ് പ്രഷര്‍ ഒരു പൊടിക്ക് കൂടുതല്‍ . പോരെ പൂരം!!. അല്ലെങ്കിലേ എന്റെ തടിയില്‍ അസൂയ പൂണ്ടിരിക്കുന്ന ( ചുമ്മാ, എന്റെയൊരു സമാധാനത്തിന് അങ്ങിനെ പറയട്ടെ ) കസിന്‍സിന് പറയാന്‍ ഇതില്‍ കൂടുതല്‍ വല്ലതും വേണോ?. എനിക്ക് പ്രഷര്‍ കൂടുതലാന്ന് എന്റെ പ്രഷര്‍ നോക്കിയവള്‍ കണ്ണും പൂട്ടി പറയുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. മാതാശ്രീ ഇത് കേട്ടതും ആകെ അങ്കലാപ്പിലായി. "ഇനി നിനക്ക് മട്ടണ്‍ വേണം, ചിക്കന്‍ വേണം, ബീഫ് കറി വേണം എന്നൊക്കെ പറഞ്ഞ് വാ" ഇതും കൂടെ കേട്ടപ്പോള്‍ പൂര്‍ത്തിയായി. അതും നോമ്പ് കഴിഞ്ഞ് രണ്ടാം പെരുന്നാളിന്റെയന്ന്. അല്ലെങ്കിലേ ശവമായി ഇരിക്കുകയാ.. അതിന്റെ കൂടെ ഇങ്ങനെയൊരു കുത്തും കൂടെ വേണോ മാതാശ്രീ എന്ന് ഞാന്‍ ദയനീയമായി നോക്കി.


അപ്പുറത്ത് അടുക്കളയില്‍ നിന്ന് നല്ല അസ്സല്‍ മട്ടണ്‍ കറിയും നെയ്യ്‌ചോറും ഉണ്ടാക്കി വരുന്നതിന്റെ ഗന്ധം പോലും മര്യാദക്ക് ആസ്വദിക്കാന്‍ എനിക്കന്ന് സാധിച്ചില്ല. അല്ലെങ്കില്‍ അതൊക്കെ ഒരു പരുവം ആയി വരുമ്പോഴേക്കും ഞാന്‍ ആയിരിക്കും ആദ്യം പോയി ഒന്ന് ടേസ്റ്റ് നോക്കുന്നത് ( ടേസ്റ്റ് നോക്കല്‍ എന്ന് പറഞ്ഞാല്‍ ഇച്ചിരി ചോറും ഒരു പാത്രം കറിയും..അത്രേം ഒള്ളു ) ഇപ്രാവശ്യം അതിന് വേണ്ടി എഴുന്നേറ്റ് പോകാന്‍ പോയപ്പോള്‍ മാതാശ്രീ "ഇരിയെടാ അവിടെ" എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു. പിന്നീട് പല പല നിര്‍ദ്ദേശങ്ങളും അവിടെ നിന്ന് പൊങ്ങി വന്നു. കൂട്ടത്തില്‍ അല്പമെങ്കിലും ജിമ്മന്‍ ആയിട്ടുള്ള എന്റെ കുഞ്ഞുമ്മായുടെ രണ്ടാമത്തെ പൊന്നോമന പുത്രന്‍ മൊഴിഞ്ഞത് ഇങ്ങനെ ആയിരുന്നു.. " ഇക്ക എന്റെ കൂടെ രാവിലെ തന്നെ ഓടാന്‍ പോര്. ഞാന്‍ സുബഹി നിസ്കരിച്ച് കഴിഞ്ഞിട്ട് വീട്ടില്‍ വരാം. നമുക്ക് ഒന്നിച്ച് ഓടാം " ഞാന്‍ അവനെ തുറിച്ചൊരു നോട്ടം നോക്കി. സുബഹി നിസ്കാരവും കഴിഞ്ഞ് തല വഴി മൂടി പുതച്ച് കിടന്നുറങ്ങേണ്ട സമയത്ത് ഓടാന്‍ നിന്റെയത്ര ഓളം എന്റെ തലക്കില്ല എന്നായിരുന്നു ആ നോട്ടത്തിന്റെ മൊത്തത്തിലുള്ള ഒരു മീനിങ്ങ്. അതോടെ അവന്‍ മിണ്ടാട്ടം നിറുത്തി.


അടുത്ത ഊഴം, എനിക്ക് ഏത് പാര വരുമ്പോഴും പണിയുമ്പോഴും അതില്‍ ആനന്ദം കണ്ടെത്തുകയും, മിക്കപ്പോഴും അതിന്റെ ആക്കം കൂട്ടാന്‍ കൂട്ടത്തില്‍ ഒരു കട്ടാം‌പാര തന്നെ വെക്കുന്ന തരവുമായ എന്റെ പുന്നാര പെങ്ങള്‍ ആയിരുന്നു . അവള്‍ പറഞ്ഞു. " ഇക്കാന്റെ തടി ഇനി കൂടാന്‍ സമ്മതിക്കരുത്. കണ്ടില്ലേ, പ്രഷര്‍ ഒക്കെ കൂടിയിരിക്കുന്നത്. ഇക്കാന്റെ ഈ തീറ്റയും കൂടെ ആയാല്‍ പൂര്‍ത്തിയായി. തടി കുറക്കാന്‍ ഒരു വഴി ചെയ്യാം..ഭക്ഷണം കുറച്ചാല്‍ മതി" ആള്‍‌റെഡി ശവമായിരിക്കുന്ന എന്റെ നെഞ്ചില്‍ രണ്ടാമത്തെ കത്തി അവള്‍ കുത്തിയിറക്കി


അടുത്ത കുത്ത് ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ എന്റെ അമ്മായിയുടെ വക. “ഇവന്‍ ഒന്ന് ഡയറ്റിങ്ങ് നടത്തിയാല്‍ തീരുന്ന പ്രശ്നമേയുള്ളു”. "പടച്ചോനെ..ഡയറ്റിങ്ങാ..അതും എനിക്കാ?" ലോകത്തുള്ള സകല ഡയറ്റീഷ്യന്മാരോടും പ്രത്യേകിച്ച് വനിത, ഗൃഹലക്ഷ്മി, മഹിളാരത്നം തുടങ്ങിയവയില്‍ എഴുതുന്ന സകല ഡയറ്റീഷ്യന്മാരെയും ഞാന്‍ മനസ്സില്‍ തുരു തുരെ പ്രാകി. ഇതൊക്കെ വായിച്ചട്ടല്ലേ ഇവരൊക്കെ എന്റെ മെക്കിട്ട് കേറുന്നത്. അങ്ങിനെ എന്റെ തടിയില്‍ ഉപരോധം തീര്‍ക്കാനുള്ള പ്രമേയം ഒന്നിനെതിരേ ഏതാണ്ട് മുപ്പതോളം വോട്ടിന് തള്ളി ( ആ ഒരു വോട്ട് ചെയ്തത് ഞാന്‍ തന്നെയാ..എന്നോടും കാണിക്കണ്ടേ കുറച്ചൊരു ആത്മാര്‍ത്ഥത ). ഇനി ഇതെങ്ങാനും വീറ്റോ ചെയ്യാന്‍ പോയാല്‍ ചിലപ്പോള്‍ നല്ല വീക്ക് കിട്ടിയാലോ എന്ന് കരുതി അവിടെ തന്നെ അവരുടെ ശവത്തില്‍ കുത്തല്‍ പരിപാടി കേട്ടിരുന്നു. തുടര്‍ന്ന് അമ്മായി നിര്‍ദ്ദേശിച്ച ഡയറ്റിങ്ങ് മെനു താഴെ പറയും വിധമായിരുന്നു.


രാവിലെ തന്നെ വെറും വയറ്റില്‍ അര ഗ്ലാസ് ചൂട് വെള്ളത്തില്‍ തേന്‍ ഒഴിച്ച് കുടിക്കല്‍ , പിന്നെ രാവിലെ ഒരു മുക്കാല്‍ മണിക്കൂര്‍ നടത്തം.

പിന്നെ ഒരു ഒമ്പത് മണിയോട് കൂടി ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ ഐറ്റംസ്, അതായത് പുട്ട്, അതാണെങ്കില്‍ ഒരു ചെറിയ കഷ്ണം. ഗോതമ്പ് ദോശ 3 എണ്ണം മാക്സിമം. ഒരു ഗ്ലാസ് ചായ.

ഇടനേരത്ത് വേണമെങ്കില്‍ ഒരു പഴം പുഴുങ്ങിയത് കഴിക്കാം..

ഉച്ചക്ക് ഒരു ചെറിയ കപ്പ് ചോറ് , എന്തെങ്കിലും പയര്‍ വര്‍ഗ്ഗങ്ങള്‍ തോരന്‍ ആക്കിയത്, പിന്നെ സാമ്പാര്‍ ഐറ്റംസ് .. ( ഉച്ചക്ക് അടിച്ച് പൊളിച്ച് മീന്‍ പൊരിച്ചതും, അച്ചാറും ഒക്കെ കൂട്ടി അടിച്ച് പൊളിച്ച് ഫുഡ് കഴിച്ചിരുന്ന എന്നോടാ ഇത് പറയുന്നത് )

അത് കഴിഞ്ഞാ പിന്നെ വൈകുന്നേരം വരെ ഒരു സാധനമില്ല. വൈകുന്നേരം ഒരു കപ്പ് ചായ, പിന്നെ മൂന്നോ നാലോ ബിസ്കറ്റ് ( വൈകുന്നേരം എന്തെങ്കിലും വറുത്തത് പൊരിച്ചത് ഒക്കെ കഴിച്ചിരുന്ന ആളോട് പറയുന്ന കാര്യമേ )

രാത്രി ഒരു ഏഴ് മണിയാകുമ്പോള്‍ വെജിറ്റബിള്‍ സാലാഡ്. പിന്നെ ഒരു ഏട്ടരക്ക് അത്താഴം. അതും മൂന്ന് ചപ്പാത്തിയില്‍ കൂടരുത്.


ഇതെല്ലാം മെയിന്‍ കോഴ്സിന് മുമ്പാണോ ശേഷമാണൊ കഴിക്കേണ്ടതെന്ന് ചോദിച്ചെങ്കിലും “നിനക്കിനി ഈയൊരു കോഴ്‌സേ ബാക്കിയുള്ളു” എന്നായിരുന്നു അമ്മായിയുടെ മറുപടി. ഇതെല്ലാം കേട്ട് ഞാന്‍ കഴിഞ്ഞ ജന്മത്തില്‍ എന്ത് പാപം ചെയ്തു പടച്ചോനേയെന്ന് ആലോചിച്ചിക്കുകായിരുന്ന എന്നോട് മാതാശ്രീ " ഡാ കേട്ടില്ലേടാ നീയിതൊക്കെ. " എന്ന് ചോദിച്ചപ്പോള്‍ യാന്ത്രികമായി തലയാട്ടാന്‍ മാത്രമേ എനിക്കായുള്ളൂ.


അന്നത്തെ മട്ടണ്‍ കറിക്കും നെയ്യ് ചോറിനും എനിക്കെന്തോ അത്ര രുചി തോന്നിയില്ല. നാളെ മുതല്‍ ഇതൊക്കെ എനിക്ക് നോക്കി വെള്ളം ഇറക്കാനേ പറ്റൂ എന്ന് കൂടിയുള്ള ചിന്ത കൂടി വന്നപ്പോള്‍ ചില സിനിമകളില്‍ ഒക്കെ കാണുന്ന പോലെ പിറ്റേന്ന് കഴുമരത്തില്‍ കേറാന്‍ പോകുന്നതിന് മുമ്പ് സെന്റിയടിച്ച് ഫുഡ് അടിക്കുന്ന ഹീറോ പരുവത്തിലായി ഞാന്‍ ..


പിറ്റേന്ന് രാവിലെയുള്ള പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞ് കിടക്കയിലേക്ക് ചുരുളാന്‍ നോക്കിയ എന്റെ അടുത്തേക്ക് ഒരു കുഞ്ഞി ഗ്ലാസ്സുമായി വരുന്ന എന്റെ പ്രിയ മാതാശ്രീയെയാണ് കണ്ടത്. അതോടെ മനസിലായി അമ്മായി പറഞ്ഞത് അതേ പടി നടപ്പിലാക്കാന്‍ ഉള്ള പരിപാടിയാണ് എന്റെ പ്രിയ മാതാശ്രീയുടേതെന്ന്. അതും കഴിഞ്ഞ് അടുത്ത ആജ്ഞ വന്നു.. " ഡാ വേഗം നടക്കാന്‍ പോടാ" ഞാന്‍ മാതാശ്രീയെ ദയനീയമായി ഒന്ന് നോക്കി..മാതാശ്രീക്ക് ഒരു ദയവും എന്നോട് അപ്പോള്‍ തോന്നിയില്ല.


അങ്ങിനെ ഞാന്‍ എന്തി വലിഞ്ഞ് നടക്കാന്‍ തുടങ്ങി. എങ്ങിനെയെങ്കിലും മുക്കാല്‍ മണിക്കൂര്‍ എവിടെയെങ്കിലും ചുറ്റിപ്പറ്റി കറങ്ങിയടിച്ച് തിരിച്ചെത്താം എന്നെ രീതിയിലാണ് മുന്നോട്ട് പോയതും..അങ്ങിനെ കറങ്ങി തിരിഞ്ഞ് അത്താണി കവലയും കഴിഞ്ഞ് ഒന്ന് പടിഞ്ഞാറോട്ട് ഒന്ന് നടക്കാമെന്ന് എന്നെ കൊണ്ട് തോന്നിപ്പിച്ചത് ദൈവം തമ്പുരാനായിരിക്കും.. ഒറപ്പാ..


അങ്ങിനെ കുറച്ച് നടന്ന് കഴിഞ്ഞപ്പോള്‍ എന്റെ കണ്ണ് ഒരു ബോര്‍ഡില്‍ ചെന്നുടഞ്ഞ് നിന്നു. വേറൊന്നുമല്ല. ഒരു ചെറിയ ഫുഡ് അടി കേന്ദ്രത്തിന്റെ ബോര്‍ഡ്. ഇടക്കൊക്കെ ഞാനും അവിടെ പോയി അവിടുത്തെ ചേട്ടനും ചേട്ടത്തിയും ഉണ്ടാക്കുന്ന ഐറ്റംസിന്റെ രുചിയൊക്കെ മാറിയിട്ടുണ്ടോ എന്ന് പോയി ചെക്ക് ചെയ്യാറുണ്ടായിരുന്നു..അതിന്റെ ബോര്‍ഡില്‍ കപ്പ, പുട്ട്, ചപ്പാത്തി, പോറോട്ട, കടലക്കറി, ബോട്ടി, ബീഫ് കറി, മട്ടണ്‍ കറി, ചിക്കന്‍ ഐറ്റംസ്, കട്‌ലറ്റ് എന്നൊക്കെ കണ്ടപ്പോള്‍ എന്റെ സകല കണ്ട്രോളും വിട്ട് വായില്‍ നല്ല പ്രവാ‍ഹം..ഏതാണ്ട് ഒരേ സമയം ടൈറ്റാനിക്കിനും ക്യൂന്‍ മേരിക്കും വേണേല്‍ ആ വഴിക്ക് കൂളായിട്ട് പോകാം. അത്രക്കുമുണ്ടായിരുന്നു ഉമിനീര്‍ പ്രവാഹം. എന്നാലും അതടക്കി പിടിച്ച് ഞാന്‍ മുന്നോട്ട് നടന്നു. അല്ലെങ്കില്‍ ഈ വെളുപ്പാന്‍ കാലത്ത് അതൊക്കെ ആര് തുറക്കാനാ...? തുറന്നാല്‍ തന്നെയും പോക്കറ്റ് കാലിയുമാണ്. വൈകുന്നേരം അവിടെ വന്ന് ഫുഡ് അടിക്കുന്ന ഭാഗ്യവാന്മാരെയോര്‍ത്ത് ഞാന്‍ മുന്നോട്ട് നീങ്ങി.


അന്നത്തെ ദിവസം എന്റെ സകല കണ്ട്രോളും വിട്ടു. വൈകുന്നേരം ആയാപ്പോള്‍ പിന്നെ പറയണോ!! നോമ്പിന്റെ സമയത്ത് കടിച്ച് പിടിച്ചിരുന്ന ഞാന്‍ ഇനി ഈ പരീക്ഷണം കൂടെ നേരിടേണ്ടി വന്നപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയും ഉണ്ടായില്ല. കഷ്ട്ടകാ‍ലം. അല്ലാതെന്ത് പറയാന്‍ . വൈകുന്നേരത്തോടെ പിറ്റേന്നത്തെ ഷെഡ്യുളില്‍ ഒരു ചെറിയ മാറ്റം വരുത്താന്‍ എനിക്കൊന്നും ആലോചിക്കേണ്ടി വന്നില്ല.


അന്ന് രാത്രി, എന്തൊക്കെ സോപ്പ് ഇട്ട് പതപ്പിക്കാന്‍ പറ്റുമോ അത്രയും പതപ്പിച്ച് മാതാശ്രീയുടെ മുന്നില്‍ അവതരിപ്പിച്ചു. "അതേയ് രാവിലത്തെ നടത്തം വൈകുന്നേരമാക്കണം" എന്തിനാ എന്ന് ചോദിച്ചപ്പോള്‍ രാവിലെ തന്നെ എണീറ്റ് നടക്കാന്‍ ഒന്നും എന്നെ കൊണ്ടാവൂല്ലാ. മനുഷ്യന്‍ മര്യാദക്ക് കിടന്നുറങ്ങുന്ന സമയത്താ ഒരു നടത്തം എന്ന് അല്പം ദേഷ്യം കലര്‍ത്തിയും പറയാന്‍ മടിച്ചില്ല. അതിന്‍ പ്രകാരം എന്റെ ഡയറ്റ് കാര്യങ്ങള്‍ നോക്കുന്ന അമ്മായിക്ക് ഫോണ്‍ ചെയ്യുകയും. രാവിലെ ആയാലും വൈകീട്ട് ആയാലും നടത്തം മതി. ഒന്നിലെ അതി രാവിലെ അല്ലെങ്കില്‍ മഗ്‌രിബ് ( സന്ധ്യാപ്രാര്‍ത്ഥന ) കഴിഞ്ഞ് നടന്നാല്‍ മതിയെന്ന് അവിടെന്ന് അറിയിപ്പുണ്ടാകുകയും ചെയ്തതിനാല്‍ എന്റെ ഷെഡ്യുള്‍ മാറ്റം നിരുപാധികം എന്റെ മാതാശ്രീ അനുവദിച്ചു.


പിറ്റേന്ന്, എങ്ങിനെയെങ്കിലും വൈകുന്നേരമായി കിട്ടാന്‍ ആയിരുന്നു എന്റെ പ്രാര്‍ത്ഥന. അന്ന് വൈകുന്നേരം നടക്കാന്‍ പോകാന്‍ എനിക്ക് എന്തെന്നില്ലാത്ത ഉത്സാഹം. അന്ന് വൈകുന്നേരം ഞാന്‍ നടക്കാന്‍ ഇറങ്ങി. കൂട്ടത്തില്‍ , എന്റെ പോക്കറ്റും കാലിയല്ല എന്ന് പ്രത്യേകം ഉറപ്പ് വരുത്തി . എന്തായാലും മുക്കാല്‍ മണിക്കൂര്‍ നടത്തം ഞാന്‍ നിറുത്തിയില്ല. കുറച്ചെങ്കിലും ആത്മാര്‍ത്ഥത ഞാന്‍ കാണിക്കേണ്ടേ? അത് കൊണ്ട് നടത്തം കഴിഞ്ഞ് നേരേ ഞാന്‍ സുധന്‍ ചേട്ടന്റെ കടയിലേക്ക് വെച്ച് പിടിച്ചു. പിന്നെ അവിടെ എന്തൊക്കെ നടന്നുവെന്ന് ഞാന്‍ പറയുന്നില്ല. എന്തായാലും അവിടെയുണ്ടായിരുന്ന ഒരു വിധം സാധനങ്ങള്‍ ടേസ്റ്റ് ചെയ്ത് നോക്കി രുചി വ്യത്യാസമൊന്നും വന്നിട്ടില്ലായെന്ന് ഞാന്‍ ഒരിക്കല്‍ കൂടെ ഉറപ്പ് വരുത്തി.


പിന്നീട് എല്ലാ ദിവസം സുധന്‍ ചേട്ടന്റെ കടയിലെ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഞാന്‍ നടത്തികൊണ്ടിരുന്നു. മിനിമം മൂന്നോ നാലോ ഐറ്റംസ് എങ്കിലും ടെസ്റ്റ് ചെയ്ത് നോക്കും. സുധന്‍ ചേട്ടനും ഹാപ്പി..ഞാനും ഹാപ്പി.. കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ മാറ്റം കാണുമെന്ന് പറഞ്ഞ അമ്മായിക്ക് ഞാന്‍ ഒരു വെല്ലുവിളിയായി തുടങ്ങി. മാതാശ്രീ അതിനുള്ള കാരണവും കണ്ടെത്തി. "അവന്റെ വാപ്പയുടെ വീട്ട്കാര്‍ എല്ലാരും തടിയന്മാരാ. ചെലപ്പോ ഇവന്റെ തടിയൊന്നും കുറയില്ല". അങ്ങിനെ പറഞ്ഞ എന്റെ പാവം മാതാശ്രീ ആശ്വസിച്ചു. ഞാന്‍ പറഞ്ഞു.."പിന്നേയ്, ഒരാഴ്ച ആകുമ്പോഴേക്കും മാറ്റും കാണുകയല്ല്ലേ".. ( എനിക്കും എന്തെങ്കിലും പറഞ്ഞ് പിടിച്ച് നില്‍ക്കേണ്ടേ? )


അങ്ങിനെ വീട്ടിലെ ഡയറ്റിങ്ങും സുധന്‍ ചേട്ടന്റെ ഫുഡ് ടെസ്റ്റിങ്ങും എല്ലാം ആയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. വീട്ടില്‍ മാതാശ്രിയും കുഞ്ഞ് പെങ്ങളും തരുന്ന ഫുഡ് ഒക്കെ കഴിച്ച് അവരുടെ അനുസരണയുള്ള കുഞ്ഞാടാവുകയും രാത്രി “ഈ ചപ്പാത്തി കഴിക്കുന്നത് തന്നെ തന്നെ വേണംന്നില്ല” എന്ന പരുവത്തില്‍ ആക്കുകയും ചെയ്ത് ഈ പാവം ഞാന്‍.. മാതാശ്രീക്ക് ഇതില്‍ പരം സന്തോഷമുണ്ടോ!!


അങ്ങിനെ ഡയറ്റിങ്ങ് നടത്തം ഫുഡ് ടെസ്റ്റിങ്ങ് കലപരിപാടിയുമായിട്ടുള്ള ഒരു ദിവസം. അന്ന് എന്തോ സുധന്‍ ചേട്ടന്റെ കടയില്‍ നിന്ന് പതിവില്‍ കൂടുതല്‍ കപ്പ, ബീഫ്, കട്‌ലറ്റ് ഐറ്റംസ് തീര്‍ത്ത് വരുന്ന സമയം. അതൊക്കെ വേഗം തീര്‍ത്ത് സുധന്‍ ചേട്ടന് കൊടുക്കാനുള്ളത് കൊടുത്ത് പുറത്തേക്ക് ചിറിയും തുടച്ച് വന്നപ്പോള്‍ കണ്ടത് ഒരു വണ്ടി വരുന്നതായിരുന്നു. നല്ല പരിചയമുള്ള വണ്ടി. വണ്ടി ഒന്നു കൂടെ അടുത്ത് വന്നപ്പോള്‍ എല്ലാം പൂര്‍ത്തിയായി. നമ്മടെ ഇക്കാന്റെ വണ്ടി തന്നെ. വണ്ടിയില്‍ നിന്ന് തല പുറത്തേക്കിട്ട് ഇക്കാന്റെ വക ഒരു ചോദ്യം " വെറുതയല്ലാ നീ നടത്തം വൈകുന്നേരമാക്കീതല്ലേ"...ഇഞ്ചി തിന്ന കുരങ്ങിന്റെ പോലെയുള്ള എന്റെ നില്പ് കണ്ട് ഇക്ക പറഞ്ഞു "വേഗം വീട്ടിലേക്ക് വിട്ടോ ട്ടാ"


ഞാന്‍ പതിവിലും വിയര്‍ത്ത് കുളിച്ച് ഒരുവിധം വീട്ടിലെത്തി.കാരണം ഞാന്‍ പറയണ്ടല്ലോ. അന്ന് വൈകുന്നേരം അത്താഴ സമയത്ത് ഞാന്‍ പതിവിലും ഡീസന്റായിരുന്നു.


പിറ്റേന്ന് മുതല്‍ എന്റെ നടത്തം മാമയുടെ വീടിന്റെ മുന്നിലുള്ള സ്‌കൂള്‍ ഗ്രൌണ്ടില്‍ ആയിരുന്നു. കൂട്ടിന് കുഞ്ഞുമ്മായുടെ മകനും.. മാതാശ്രീയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകരം അവന്‍ എന്റെ കൂടെ കൂടി.. നടക്കുമ്പോള്‍ ഇടക്കിടെ ആലോചിക്കും സുധന്‍ ചേട്ടന്റെ കടയുടെ ഒരു ബ്രാഞ്ച് ആ ഗ്രൌണ്ടിന്റെ പരിസരത്ത് എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ !!

Wednesday, October 3, 2007

ഒരു പൈലറ്റിങ്ങ് ദിനം

എയര്‍പോര്‍ട്ട് ടെര്‍മിനലിനകത്തേക്ക് കടക്കുമ്പോള്‍ തന്നെ ഒന്ന് രണ്ട് പേര്‍ എന്നെ ചൂണ്ടി കാണിക്കുന്നത് ഞാന്‍ കണ്ടിരുന്നു. അതില്‍ ഒരാള്‍ എന്നെ ചൂണ്ടി കാണിച്ച് കൂടെയുണ്ടായിരുന്ന മകനോട് പറയുന്നുണ്ടായിരുന്നു " മോനെ..ആ പോകുന്നതാ പൈലറ്റ്" കേട്ടപ്പോള്‍ എനിക്ക് ഇത്തിരി ഗമ കൂടിയോ..ഹേയ്..ഇല്ലാ..ഞാന്‍ ആ ടൈപ്പ് അല്ലാല്ലോ..

ആദ്യമായിട്ട് ഒരു വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് പറപ്പിക്കാന്‍ പറ്റുന്ന സന്തോഷത്തിലാണ് ഞാന്‍ . CPL ( കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് )‌ അടിച്ച് മാറ്റിയതിന് ശേഷം കുറേ കാലം ചെറിയ ജെറ്റുകള്‍ പറപ്പിക്കുകായിരുന്നു ഇതു വരെ. DGCA പറഞ്ഞ ആ 200 മണിക്കൂര്‍ എങ്ങിനെയെങ്കിലും ഒപ്പിച്ചെടുക്കാന്‍ .അതും കഴിഞ്ഞ് മെഡിക്കല്‍ ഫിറ്റ്നസും കഴിഞ്ഞ് ഫ്ലൈറ്റ് സിമുലേറ്ററില്‍ കുറച്ച് കാലം ഒന്ന് പയറ്റി ദാണ്ടെ ഇപ്പ ഇറങ്ങി വന്നതേയുള്ളൂ.

ആദ്യം തന്നെ പറത്താന്‍ തന്നിരിക്കുന്നത് ഒരു കാര്‍ഗോ ഫ്ലൈറ്റ് ആണ്. അതില്‍ അല്‍‌പം പരിഭവം ഇല്ലാതെയിരുന്നില്ല. ഇന്ന് പറത്തുന്ന ഫ്ലൈറ്റ് റൂട്ട് മുബൈ-കൊച്ചി-ദുബായ്-ഫ്രാങ്ക്ഫര്‍ട്ട്-ദുബൈ-കൊച്ചി-മുംബൈ ആണ്. അതില്‍ എനിക്ക് ദുബൈ വരേയെ ഡ്യൂട്ടിയുള്ളു. ബാക്കിയുള്ളത് അവിടെ കാത്ത് കെട്ടി കിടക്കുന്ന ചേട്ടന്മാര്‍ നോക്കിക്കോളും.ഞാന്‍ നോക്കുമ്പോള്‍ ഉണ്ട് എനിക്ക് പറത്തേണ്ട ഫ്ലൈറ്റ് സുന്ദര കുട്ടപ്പനായി വെളു വെളുത്ത് ഇരിക്കുന്നു.

എയര്‍ ഇന്ത്യയുടെ പഴയ ഒരു പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് ഒന്നു പൊളിച്ച് പണിത് കാര്‍ഗോ ഫ്ലൈറ്റ് ആക്കി പുതിയ കളര്‍ സ്‌കീമിലുള്ള പെയ്ന്റും അടിപ്പിച്ച് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വന്നതേയുള്ളു

എന്റെ ക്യാപ്റ്റനെ വെയ്റ്റ് ചെയ്‌ത് ഞാന്‍ കുറച്ച് നേരമിരുന്നു. അപ്പോഴേക്കും അങ്ങേരുമെത്തി. ഷേക്ക് ഹാന്‍‌ഡ് ഒക്കെ തന്ന് പരിചയപ്പെടുത്തി. " ഐ ആം മിസ്റ്റര്‍ മിശ്ര. നൈസ് റ്റു മീറ്റ് യു" ഞാന്‍ എന്നെയും തിരിച്ച് പരിചയപ്പെടുത്തി. പിന്നെ എയര്‍ക്രാഫ്റ്റിന്റെ അടുത്തേക്ക് നീങ്ങി. നേരെ പടികള്‍ കയറി ഫ്ലൈറ്റ് ഡെക്കില്‍ കയറി. എന്നിട്ട് ചെയ്യേണ്ട അല്പം പണികള്‍ അതായത് ഫ്ലെറ്റ് പ്ലാന്‍ ഫില്‍ ചെയ്യല്‍ , ഫ്യുവല്‍ കാല്‍ക്കുലേഷന്‍ നടത്തല്‍ , അസൈന്‍ ചെയ്ത് തന്നിരിക്കുന്ന ഫ്ലെറ്റ് പാത്ത് നോക്കല്‍ ഇതൊക്കെ ചെയ്ത് കഴിഞ്ഞ് വീണ്ടും താഴേക്ക്.. ഫ്ലെറ്റിന് ചുറ്റും ഒന്നു റൌണ്ട് അടിച്ച് തിരിച്ച് ഡെക്കിലേക്ക് തന്നെ കയറി..

ഞങ്ങള്‍ക്ക് പുറപ്പെടാനുള്ള സമയമായി. ATC ( എയര്‍ ട്രാഫിക്ക് കണ്‍‌ട്രോള്‍ ) യില്‍ ഞങ്ങള്‍ അറിയിച്ചു.

" ദിസ് ഈസ് ആല്‍ഫാ ഇന്ത്യാ ചാര്‍ളി വണ്‍ വണ്‍ ടു നൈനര്‍ . വീ ആര്‍ റെഡി റ്റു ടാക്സി ഔട്ട് "

ATCയില്‍ നിന്ന് അനുമതി കിട്ടിയതും പുഷ്‌ബാക്ക് ട്രക്ക് ഞങ്ങളെ പുറകോട്ട് തള്ളി.. എയര്‍ക്രാഫ്റ്റ് തിരിച്ച് ടാക്സി ഔട്ട് പൊസിഷനില്‍ നിര്‍ത്തി.

ATCയില്‍ നിന്നും അടുത്ത സന്ദേശം : "ആല്‍ഫാ ഇന്ത്യാ ചാര്‍ളി വണ്‍ വണ്‍ ടു നൈനര്‍ പ്രൊസീഡ് റ്റു ആല്‍ഫാ ഫോര്‍ " ഞങ്ങള്‍ പതുക്കെ ടാക്സിവേ A4 ലക്ഷ്യമാക്കി നീങ്ങി. A4ല്‍ എത്തിയപ്പോള്‍ ഞങ്ങള്‍ സന്ദേശം നല്‍കി " ആല്‍ഫാ ഇന്ത്യാ ചാര്‍ളി.........വീ ആര്‍ പ്രൊസീഡിങ്ങ് റ്റു റണ്‍വേ ടു സെവന്‍ "

അപ്പൊ തന്നെ ATCയില്‍ നിന്ന് സന്ദേശം: "ആല്‍ഫാ ഇന്ത്യാ ചാര്‍ളി ............. നെഗറ്റീവ് , ഹോള്‍ഡ് ഷോര്‍ട്ട്, എയര്‍ക്രാഫ്റ്റ് ഓണ്‍ ഫൈനല്‍ "

മനസില്‍ പിറുപിറുത്തു..ഓരോന്നിന് ലാന്റ് ചെയ്യാന്‍ കണ്ട സമയം..ഇപ്പോള്‍ തന്നെ ഷെഡ്യുള്‍ഡ് ഡിപ്പാര്‍ച്ചര്‍ ടൈമില്‍ നിന്നും 10 മിനുറ്റ് ലേറ്റാണ്. ഇനി അത് എപ്പോഴാണാവോ അത് ലാന്റ് ചെയ്യുന്നത്..ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഒരു ATR-72 വിമാനം ലാന്റ് ചെയ്‌തു.

ATCയില്‍ നിന്ന് അടുത്ത സന്ദേശം : "ആല്‍ഫാ ഇന്ത്യാ ചാര്‍ളി.........റണ്‍‌വേ ടു സെവന്‍ ക്ലിയേര്‍ഡ് ഫോര്‍ എയര്‍ബോണ്‍ , പ്രൊസീഡ് റ്റു റണ്‍‌വേ ടു സെവന്‍ "
ഞങ്ങള്‍ റണ്‍‌വേ 27 ലേക്ക് കടന്നു. ലൈന്‍ അപ് ചെയ്ത് ( ടേക്ക് ഓഫ് പൊസിഷന്‍ ‌) നിറുത്തി ടേക്ക് ഓഫ് ക്ലിയറന്‍സിനായി കാത്തു.

ATC: ആല്‍ഫാ ഇന്ത്യാ ചാര്‍ളി.........റെഡി ഫോര്‍ എയര്‍ ബോണ്‍ "

ടേക്ക് ഓഫ് ക്ലിയറന്‍സ് കിട്ടിയതോടെ വിമാനം അതിന്റെ മുഴുവന്‍ ശക്തിയുമെടുത്ത് മുരണ്ട് മുന്നിലേക്കെടുത്തു. പിന്നെ ക്യാപ്റ്റന്‍ നോസ് വീല്‍ ഗിയര്‍ ഉയര്‍ത്തി, ലാന്റിങ്ങ് ഗിയറും. പിന്നെയും താഴെ നിന്ന് സന്ദേശങ്ങള്‍ വന്നു. വിമാനം 90 ഡിഗ്രി പടിഞ്ഞാറേക്ക് തിരിക്കാനും 5000 അടി ഉയരത്തില്‍ പറക്കാനും.

ഞങ്ങള്‍ ATCക്ക് സന്ദേശം അയച്ചു : " ആല്‍ഫാ ഇന്ത്യാ ചാര്‍ളി............ലീവിങ്ങ് വിക്റ്റര്‍ ആല്‍ഫാ‍ ബ്രാവോ ബ്രാവോ" അങ്ങിനെ ബോംബെ എയര്‍സ്‌പേസ് വിട്ട് പുനയിലേക്കും അവിടെന്ന് കോയമ്പത്തുര്‍ എയര്‍ സ്‌പേസിലേക്കും എത്തി. അപ്പോഴേക്കും 16000 അടി ഉയരത്തില്‍ എത്തിയിരുന്നു..

കോയമ്പത്തൂരിനു മുകളില്‍ എത്തിയപ്പോള്‍ മെസേജ് വന്നു..വീണ്ടും ഫ്ലൈറ്റ് ലെവല്‍ താഴ്ത്താന്‍..അപ്പോള്‍ ഉണ്ട് ക്യാപ്റ്റന്‍ ഒരു വിഷമം..പുള്ളിക്കാരന്‍ പറയുന്നു..റഡ്ഡര്‍ ഒന്നും വര്‍ക്ക് ചെയ്യുന്നില്ല. ദൈവമേ!! അപ്പോള്‍ എന്ത് ചെയ്യും..ഇത് എങ്ങോട്ടെങ്കിലും തിരിക്കണമെങ്കില്‍ ഈ കുന്ത്രാണ്ടം വേണ്ടെ.. ..ഇനിയെന്ത് ചെയ്യും..ആകെ അങ്കലാപ്പിലായി. ടെന്‍ഷന്‍ കാരണം എന്റെ വായില്‍ വന്നത് മുഴുവന്‍ മലയാളത്തില്‍ " ഇയാളെന്ത് കോപ്പിലെ ക്യാപ്റ്റനാടോ ? ഒരു റഡ്ഡര്‍ നോക്കി വെക്കാന്‍ അറിയാതെ എന്തുട്ട് കോപ്പിനാ വിമാനം പറത്താന്‍ പോയത്..ഇനിക്കിപ്പൊ റഡ്ഡര്‍ ശരിയാക്കണം..ഇപ്പ തന്നെ റഡ്ഡര്‍ ശരിയാക്കി തരണം..റഡ്ഡര്‍ ഇപ്പ വേണം.."

പിന്നെ ഞാന്‍ അറിയുന്നത് എന്റെ പുറത്ത് കൈയ് വെക്കുന്നതാ...പിന്നെ ഒരു ഡയലോഗും..

"ഉച്ചക്ക് ഉറങ്ങുന്നതും പോരാ കിടന്ന് നാട്ടുകാരെ വിളിച്ച് കൂട്ടുകയും വേണം..എണീക്കടാ..അവന്റെ ഒരു റഡ്ഡര്‍" .....പറഞ്ഞത് വേറെയാരുമല്ലായിരുന്നു..എന്റെ പ്രിയപ്പെട്ട ഇത്ത ആയിരുന്നു അത്.

Picture copyright : © Nitin Sarin @ Airliners.net

Monday, August 13, 2007

നേര്‍വഴി

വണ്ടി നീങ്ങികൊണ്ടിരിന്നു. വല്ല്യുപ്പയുടെ മടിയിലിരുന്ന് അവന്‍ പുറത്തെ കാഴ്ചകളില്‍ നോക്കിയിരുന്നു. എന്തൊ..അവനിക്ക്‌ ഒരു വിമ്മിഷ്ടം. ആരും ഒന്നും സംസാരിക്കുന്നില്ല. വല്ല്യുപ്പയാണെങ്കില്‍ അവനെ മുറുക്കെ പിടിച്ചിട്ടുണ്ട്‌. ഡാഡി ഒന്നും മിണ്ടാതെ വണ്ടിയോടിക്കുന്നു.മമ്മിയും തന്നെ പോലെ തന്നെ പുറത്തേക്ക്‌ നോക്കിയിരിക്കുന്നു. അവന്‍ വല്ല്യുപ്പയുടേയും വല്ല്യുമ്മയുടെയും മുഖത്ത്‌ മാറി മാറി നോക്കി.


പ്രായം അഞ്ച്‌ വയസ്സേയുള്ളുവെങ്കിലും ചില നേരത്ത്‌ അവന്റെ വര്‍ത്തമാനം മുതിര്‍ന്നവരെ പോലെ ആയിരുന്നു. അവനിക്ക്‌ ആരോടെങ്കിലും സംസാരിക്കണം..പ്രത്യേകിച്ച്‌ അവന്റെ വല്ല്യുപ്പയോട്‌..വെല്യുപ്പയുടെ സംസാരരീതിയൊക്കെ അവനില്‍ സ്വാധീനം ചെലുത്തിയിരിക്കാം.


ഇന്ന് അവന്‍ ഒരുങ്ങുമ്പോള്‍ അവനിക്ക്‌ വലിയ സന്തോഷമായിരുന്നു. കാരണം, കൂടെ വെല്ല്യുപ്പയും വെല്ല്യുമ്മയും ഉണ്ടല്ലോ..സാധാരണ അങ്ങിനെയൊന്ന് നടത്താന്‍ മമ്മി സമ്മതിക്കില്ല. എന്തൊ, മമ്മിക്കെപ്പോഴും അവരെ ചതുര്‍ഥിയായിരുന്നു. പക്ഷെ, മമ്മി മമ്മിയുടെ അവിടുത്തെ വല്ല്യുപ്പാനോടും വല്ല്യുമ്മാനോടും ഒരിക്കലും ദേഷ്യപ്പെട്ട്‌ സംസാരിക്കുന്നത്‌ അവന്‍ കണ്ടിട്ടില്ല.അവന്‍ എപ്പോഴും ആലോചിക്കും എന്തിനാ മമ്മി രണ്ടു രീതിയില്‍ പെരുമാറുന്നത്‌?


"വെല്ല്യുപ്പാ..എവിടേക്കാ നമ്മ പോകുന്നേ?"
"ദൂരെ ഒരിടത്തേക്ക്‌" വെല്ല്യുപ്പായുടെ മറുപടി..
"ദൂരെന്ന് വെച്ചാ?" അവന്റെ രണ്ടാമത്തെ ചോദ്യം.
"അങ്ങ്‌ ദൂരെ" വെല്ല്യുമ്മയായിരുന്നു അതിന്‌ മറുപടി കൊടുത്തത്‌.
"അപ്പ മുത്തിന്റെ സ്കൂളില്‍ പേണേക്കാട്ടിം ദൂരത്തില്‌ പോണൊ"
"ഉം..അതിലും കുറേ ദൂരം" വെല്ല്യുപ്പ മറുപടി നല്‍കി..അവന്‌ ദൂരം എന്ന് വെച്ചാല്‍ അവന്റെ സ്കൂള്‍ വരെയായിരുന്നു.
"അപ്പ നമ്മ വൈന്നേരം തന്നെ വീട്ടില്‌ എത്തൂല്ലേ"
"മുത്ത്‌ തിരിച്ച്‌ വീട്ടില്‍ എത്തും. വെല്ല്യുപ്പയും വെല്ല്യുമ്മയും അവിടെ നിക്കും" അത്‌ പറയുമ്പോള്‍ വെല്ല്യുമ്മയുടെ ശബ്ദം വല്ലാതെയായിരുന്നു എന്നവന്‌ തോന്നി..
ഇതൊക്കെ കേട്ടപ്പോള്‍ മമ്മി തല തിരിച്ച്‌ അവനോട്‌ പറഞ്ഞു " മുത്തേ..മിണ്ടാതെ അവിടെ ഇരിക്ക്‌..അല്ലെങ്കില്‍ നീ മുന്നിലേക്ക്‌ വാ"
"വേണ്ടാ..എനിക്ക്‌ വെല്ല്യുപ്പാന്റെ കൂടെ ഇരുന്നാമതി"
"വെല്ല്യുപ്പായും വെല്ല്യുമ്മായും എങ്ങോട്ടാ പോകുന്നത്‌?"
"ഓള്‍ഡ്‌ ഏജ്‌ ഹോംമില്‌"
"പോയിട്ട്‌ വെല്ല്യുപ്പയും വെല്ല്യുമ്മയും എപ്പ വരും?"
"ഇനി ഞങ്ങള്‍ തിരിച്ച്‌ വരൂല്ലാ മുത്തേ.."


അത് കേട്ടപ്പോള്‍ അവനിക്ക് വല്ലാതെയായി.രാത്രി മുത്തിന്‌ ആരാ ഇനി കഥ പറഞ്ഞു തരുന്നത്‌? ടിപ്പു സുല്‍ത്താന്റെ കഥ വെല്ല്യുപ്പ ഇന്ന് രാത്രി പറഞ്ഞ്‌ തരാംന്ന് പറഞ്ഞതാ.ഇനി ആരാ മുത്തിനെ സ്‌കൂള്‍ ബസ്‌ വരുന്നത്‌ വരെ കൂടെ നിന്ന് എന്നെ അതില്‍ കയറ്റി വിടുന്നത്‌? ഇനി ആര്‌ മുത്ത്‌ സ്കൂളില്‍ നിന്ന് വരുന്നതും കാത്ത്‌ ഗേറ്റില്‍ കാത്ത്‌ നില്‍ക്കും? വെല്യുമ്മ ഇല്ലാതെ ആരാ ഇനി എനിക്ക്‌ കടഞ്ഞെടുത്ത മോരില്‍ നിന്ന് വെണ്ണ വായില്‍ വെച്ച്‌ തരുന്നത്‌....അങ്ങിനെ ഒരു നൂറുകൂട്ടം കാര്യം അവന്റെ ആ കൊച്ച്‌മനസ്സില്‍ കൂടെ കടന്ന് പോയി.

"അപ്പൊ ഇനി വെല്ല്യുപ്പയും വെല്ല്യുമ്മയും ഒട്ടും വീട്ടില്‍ വരൂല്ലേ" അവന്‍ ചോദിച്ചു..
"ഇനി ചിലപ്പൊ വല്ലപ്പോഴും മുത്ത്‌ ഡാഡിയോടും മമ്മിയോടും കൂടെ വന്ന് കണ്ടാ മതി"
"എന്തിനാ വെല്ല്യുപ്പാനെം വെല്ല്യുമ്മാനേം അവ്‌ട നിര്‍ത്തണേ?"
"അറിയൂല്ലാ മുത്തേ"
"ഉപ്പ ഒന്ന് മിണ്ടതെയിരിക്കുന്നുണ്ടൊ.." മമ്മിയുടെ ദേഷ്യം വന്നിട്ടുള്ള ചോദ്യത്തിന്‌ ശേഷം വെല്ല്യുപ്പ പിന്നെ മിണ്ടിയില്ല..പക്ഷെ കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഒരു തുള്ളി അവന്റെ കൈതണ്ടയില്‍ വീണു..അതിനു നല്ല ചൂടായിരുന്നു..

പണ്ടെങ്ങോ മമ്മി അവരോട്‌ ദേഷ്യപ്പെട്ട്‌ പറഞ്ഞത്‌ അവന്റെ കുഞ്ഞു മനസ്സില്‍ അന്നേ പതിഞ്ഞിരുന്നു. " ഈ നശിപ്പുകള്‌ കാരണം മനുഷ്യന്‌ സമാധാനം പോയി..വല്ല പൂച്ചയോ പട്ടിയോ ആയിരുന്നെങ്കില്‍ ദൂരെ വല്ലയിടത്തും കൊണ്ട്‌ കളയായിരുന്നു"

വണ്ടി പിന്നെയും മുന്നോട്ട്‌ നീങ്ങി..കുറച്ച്‌ കഴിഞ്ഞപ്പോള്‍ വെല്ല്യുപ്പ പറഞ്ഞു " ഡാ..ഞങ്ങക്ക്‌ പുതപ്പും കമ്പിളിയൊന്നും വാങ്ങിയിട്ടില്ലാ..പോണ വഴിക്ക്‌ എവിടെന്നെങ്കിലും ഒന്ന് വാങ്ങിക്ക്‌" ഡാഡി അതിന്‌ തലയാട്ടി സമ്മതം മൂളി..

സാമാന്യം ഭേദപ്പെട്ട ഒരു കടയുടെ മുന്നില്‍ വണ്ടി നിറുത്തി ഡാഡിയിറങ്ങി..
"ഡാഡി..മുത്തും വരട്ടെ കടേല്‌"
"ഉം..വാ" ഡാഡി സമ്മതം മൂളി..വെല്ല്യുപ്പയുടെ മടിയില്‍ നിന്നിറങ്ങിയ അവന്‍ ഡാഡിയുടെ കൂടെ നടന്നു..
കടയില്‍ കയറി ഡാഡി ബെഡ്ഷീറ്റ്‌ ഒക്കെ നോക്കുന്നത്‌ കണ്ടു..പിന്നെ പറയുന്നത്‌ കേട്ടു.
"ഇത്ര വിലയുള്ളതൊന്നും വേണ്ടാ..കുറച്ച്‌ ക്വാളിറ്റി കുറഞ്ഞതൊക്കെ മതി"
"ഡാഡി എന്താ ഈ ഓള്‍ഡ്‌ ഏജ്‌ ഹോം" അവന്‍ ജിഞ്ജാസയോടെ ചോദിച്ചു..
"അത്‌ വയസ്സായവര്‍ക്ക്‌ താമസിക്കാന്‍ ഉള്ള സ്ഥലമാ മുത്തേ"
"അവിടെ താമസിക്കുന്നവര്‍ക്ക്‌ ചീത്ത സാധനങ്ങള്‍ മതില്ലേ"അവന്റെ ചോദ്യം പിന്നേയും..
ഡാഡി അവനെ രൂക്ഷമായി നോക്കി..പക്ഷെ ഒന്നും പറഞ്ഞില്ല..
"മുത്ത്‌ വലുതാകുമ്പോ ഡാഡിക്കും മമ്മിക്കും ഇതൊക്കെ വാങ്ങി തരേണ്ടെ..ഇത്‌ പോലെ കൊണ്ടാക്കേണ്ടേ..അതോണ്ട്‌ ചോദിച്ചതാ" വളരെ നിഷ്‌കളങ്കമായിരുന്നു അവന്റെ മറുപടി..അപ്പോഴും അവനെ രൂക്ഷമായി ഡാഡി നോക്കി.


വണ്ടിയില്‍ കയറിയിട്ടും അയാളുടെ മനസ്സില്‍ മകന്‍ പറഞ്ഞത്‌ തന്നെയായിരുന്നു..കുറച്ച്‌ ദൂരം മുന്നോട്ട്‌ പോയി..പിന്നെ അയാള്‍ വണ്ടി തിരിച്ചു.."എന്താ പോണില്ലേ" മമ്മി ചോദിക്കുന്നത്‌ അവന്‍ കേട്ടു...ഡാഡി അവനെ കടയില്‍ വെച്ച്‌ നോക്കിയതിനേക്കാളും രൂക്ഷമായി മമ്മിയെ നോക്കുന്നത്‌ അവന്‍ കണ്ടു..പിന്നെ അയാള്‍ കാര്‍ വന്ന വഴിക്ക്‌ തന്നെ തിരിച്ചു..തന്റെ മകന്‍ കാണിച്ച്‌ തന്ന നേര്‍വഴിയിലേക്ക്‌........

Monday, July 9, 2007

പ്രണയത്തിന്റെ ആദ്യത്തെ താള്‍

“ഏയ്”
എന്നുള്ള പിന്‍വിളി കേട്ടാണ് ഞാന്‍ തിരിഞ്ഞ് നോക്കിയത്. നോക്കിയപ്പോള്‍ കണ്ടത് ഒരു പെണ്ണ്..കൈയ്യില്‍ നല്ല് ഒരു സുന്ദരി പെണ്‍കുട്ടിയും.നല്ല മുഖപരിചയം. ഇതേത് ന്ന് മനസില്‍ ചോദിച്ചത് അവള്‍ കേട്ടെന്ന് പോലെ ആയിരുന്നു അവളുടെ ചോദ്യം.
“ഉം..നിനക്ക് എന്നെ മനസിലായില്ലാല്ലേ?.”
ഞാന്‍ എന്ത് പറയേണ്ടൂ ന്ന് ആയി..
“എടാ..ഞാന്‍ നിഷയാണ്”
പെട്ടന്ന് എനിക്ക് എന്താ പറയേണ്ടതെന്ന് ഒരു പിടിയും കിട്ടിയില്ല.
“ഹെന്റെ പള്ളീ” ഇതായിരുന്നു എന്റെ വായില്‍ നിന്ന് വന്ന ആദ്യത്തെ വാക്ക്..
“എടീ ഇത് നീയായിരുന്നാ..കണ്ടിട്ട് മനസിലായില്ലാട്ടാ. ഇത് എന്താടീ..നീ എന്നെയും കടത്തി വെട്ടൂല്ലോ?..കോലാപ്പി ആയിട്ട് ഇരുന്ന പെണ്ണാ..ഇപ്പ കണ്ടില്ലേ...”
ഇതെല്ലാം എന്റെ വായില്‍ നിന്ന് വന്നത് ഒറ്റ ശ്വാസത്തില്‍ ആയിരുന്നു. എന്നിട്ട് അവളുടെ കൈയ്യില്‍ പിടിച്ചിരിക്കുന്ന കൊച്ചിനെ നോക്കി. അവളുടെ അതേ ഛായ തന്നെ ആ സുന്ദരി കുട്ടിക്കും. അവളെ അടുപ്പിച്ച് പിടിച്ച് നിഷ പറഞ്ഞു
“എന്റെ മോളാ..”
“നീ ഇപ്പ എവിടേണ്?” ഞാന്‍ അവളോട് ചോദിച്ചു..
“ഞാന്‍ സൌദീലാ...ഇപ്പ വെക്കേഷന് വന്നതാ”
“നീ ഇപ്പ എന്തൂട്ടാ ചെയ്യുന്നേ” എന്ന അവളുടെ ചോദ്യത്തിന് “ ജോലി നോക്കുന്നു” എന്നായിരുന്നു എന്റെ മറുപടി..
“പിന്നെ ഉമ്മാക്ക് ഒക്കെ സുഖാണൊ? ഉമ്മ റിട്ടയര്‍ ആയാ?”
അവളുടെ അടുത്ത ചോദ്യം..
“ഉം..ഉമ്മാക്ക് സുഖാ... റിട്ടയര്‍ ആവാന്‍ ഇനീംണ്ട് ഒന്നിചില്ല്വാനം കൊല്ലം”
“എല്ലാരേം ഞാന്‍ ഓര്‍ക്കാറ്ണ്ട്.” അവള്‍ അത് പറഞ്ഞപ്പോള്‍ എനിക്ക് എന്തോ പോലെ ആയി. കാരണം, ഞാന്‍ അതൊന്നും ഈയിടെ ആയി ഓര്‍ക്കാറേയില്ല.
പിന്നെ ആ സംസാരം കുറച്ച് നേരം കൂടെ നീണ്ടു. “ഉമ്മായോട് അന്വേഷണം എല്ലാം പറയണം..നമുക്ക് ഇനീം എവിടേലും വെച്ച് കാണാം“ എന്ന് പറഞ്ഞ് അവള്‍ ആ കൊച്ച് സുന്ദരിയുമൊത്ത് പതുക്കെ നീങ്ങി..അവര്‍ മതില്‍ മറഞ്ഞ് പോകുന്നത് വരെ ഞാന്‍ അവരെ നോക്കി നിന്നു..
പിന്നെ ഞാന്‍ എന്റെ വഴിക്കും...
വിട്ടിലേക്ക് പോകുന്ന ബസില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു. കുറെ കാലം ആയി അങ്ങിനെ പഴയ കാലമൊന്നും ഓര്‍ക്കാറേയില്ലാ...എല്ലാവര്‍ക്കും ഓരോരോ തിരക്ക്..കൂട്ടത്തില്‍ എനിക്കും..തിരക്കുകള്‍ക്ക് ഇടയില്‍ പഴയ കാര്യങ്ങള്‍ പുതിയവക്ക് വഴി മാറി കൊടുക്കും. അല്ലെങ്കില്‍ കൊടുക്കേണ്ടി വരും..അത് തന്നെ എനിക്കും പറ്റി.പിന്നെ ഞാനും പതുക്കെ പഴയ കാലത്തിലേക്ക്..അതും അവള്‍ കാരണം..
*********

ഹൈസ്‌കൂള്‍ പഠനം കുറച്ച് കഴിഞ്ഞപ്പോള്‍ എന്നെ വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തി പഠിപ്പിക്കണം എന്ന് വീട്ടുകാര്‍ക്ക് തോന്നിയത് എന്റെ പഠിപ്പിന്റെ കുഴപ്പം കൊണ്ടായിരുന്നില്ല. കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ടായിരുന്നു. സ്‌കൂളില്‍ പോകുന്ന വഴിക്ക് സിനിമാ കൊട്ടക, ഒരു നാല് കിലോമീറ്റര്‍ പോയാല്‍ ബീച്ച് എന്നിവ ഉള്ളത് പാവം ഞങ്ങള്‍ പിള്ളാരുടെ കുറ്റം കൊണ്ടൊന്നും അല്ലാല്ലൊ. അങ്ങിനെ വീട്ടില്‍ നിന്നും വളരെ കറക്റ്റായി ഇറങ്ങിയിട്ടും ക്ലാസിലെ അറ്റന്‍‌ഡന്‍സ് റജിസ്റ്ററില്‍ x (ഇന്റു) വീഴുന്നില്ലാന്ന് എന്റെ മാതാശ്രീക്ക് അറിവ് കിട്ടി. പിന്നെ എല്ലാം വളരെ പെട്ടന്ന് ആയിരുന്നു.ഞാന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ നിന്നും ടി.സീ ഒക്കെ വാങ്ങി രണ്ട് ദിവസത്തിനകം എന്നെ കുഞ്ഞുമ്മാടെ വീട്ടിലേക്ക് പാക്കപ്പ് ആക്കി. ഇനി മോന്‍ കുഞ്ഞുമ്മാടെ കൂടെ നിന്ന് പഠിച്ചാ‍ മതീന്ന് ആയിരുന്നു ആ രണ്ട് ദിവസം കൊണ്ട് വീട്ടുകാര്‍ ചെയ്‌ത ചെയ്ത്തിന്റെ ആകെത്തുക.

എന്തായാലും കുഞ്ഞുമ്മായുടെ നിരന്തര നിരീക്ഷണം ഉള്ളത് കൊണ്ട് ഞാന്‍ പഴയത് പോലെ അത്ര “നന്നായി“ല്ലെങ്കിലും “നന്നാവാന്‍“ കിട്ടുന്ന ഒരു അവസരവും ഞാന്‍ മോശം ആക്കിയില്ല. എവിടെ ചെന്നാലും എന്നെ പോലെയുള്ള കുരുത്തകൊള്ളികള്‍ കാണും എന്ന് നല്ല ബോധം ഉള്ളത് കൊണ്ട് ആ ഉറച്ച വിശ്വാസത്തില്‍ ഞാന്‍ കാലം കഴിച്ച് കൂട്ടി.

അങ്ങിനെ വീണ്ടും സ്‌കൂളില്‍ അലമ്പലും (കുഞ്ഞുമ്മായുടെ) വീട്ടില്‍ ഒരു പാവം ചെക്കനുമായി ആയി ഞാന്‍ നടന്നു. പിന്നെ ഇതിന്റെ ഇടക്ക് എപ്പോഴാണെന്ന് അറിയില്ല..ഒരുത്തിയെ ഞാന്‍ ശ്രദ്‌ധിക്കാറുണ്ടായിരുന്നു. അവളായിരുന്നു നിഷ. ഞാന്‍ പത്തിലെത്തിയപ്പോള്‍ പിന്നെ മലയാളം ക്ലാസ്സിന് മാത്രം അവള്‍ എന്റെ ക്ലാസില്‍ വരും. നല്ലവണ്ണം മുടിയുള്ള, ഇരുനിറത്തില്‍ ഒരു കോലാപ്പി..അവളില്‍ എന്താ ഞാന്‍ പ്രത്യേകമായി കണ്ടത് എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. പക്ഷെ ഒരു പതിനാലര വയസുകാരന്റെ മനസില്‍ അവള്‍ ഒരു കൂടും കൂട്ടി അവിടെ പൊറുക്കാന്‍ അധികം താമസം ഒന്നും വേണ്ടി വന്നില്ല. പിന്നെ പിന്നെ ഇടക്ക് ഇടക്ക് എന്തെങ്കിലും വേദന വന്ന് ഇടക്ക് ക്ലാസ് മുടക്കിയിരുന്ന ഞാന്‍ ഒരു ദിവസം പോലും മുടങ്ങാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്‌ധിച്ചു പോന്നു. പിന്നെ ശരിക്കും ഡീസന്റ് ആകാനും...പിന്നെ പിന്നെ അവളോട് എന്തെങ്കിലും മിണ്ടാനും ശ്രമിച്ച് പോന്നു.. പിന്നെ അത് കത്തി വെപ്പിലേക്ക് മാറാന്‍ അധികം സമയം ഒന്നും വേണ്ടി വന്നതും ഇല്ല. പക്ഷെ അവളോട് എന്റെ മനസിലിരുപ്പ് എന്താണെന്ന് ഞാന്‍ പറഞ്ഞതുമില്ല..

ഇങ്ങനെ എന്റെ മൌനപ്രണയവും ആവശ്യത്തിന് പഠിപ്പും ആയിട്ട് പൊയ്‌കൊണ്ടിരിക്കുന്ന സമയത്ത് ആണ് എന്റെ മാതാശ്രീക്ക് ഞാന്‍ പഠിക്കുന്ന സ്‌കൂളിലേക്ക് ട്രാന്‍സ്‌ഫര്‍. അതോടെ എനിക്ക് സ്‌കൂളില്‍ എന്റെ ഒരു കുത്തിതിരിപ്പും നടക്കില്ല എന്ന രീതിയില്‍ ആയി കാര്യങ്ങള്‍. അപ്പോഴും അവള്‍ എന്റെ മനസില്‍ തന്നെ..ഇത് അവളോട് എങ്ങിനെ പറയും എന്നായി..പറഞ്ഞാല്‍ അവള്‍ എന്ത് പറയും..പക്ഷെ എന്റെ സ്വപ്‌നങ്ങളില്‍ ഞാന്‍ കണ്ടത് മുഴുവന്‍ ഞാന്‍ അത് പറയുമ്പോള്‍ അത് കേട്ട് നാണിക്കുന്ന അവളുടെ മുഖം ആയിരുന്നു.

പിന്നെയൊരു ദിവസം എന്തും വരട്ടെയെന്ന് കരുതി ഇങ്ങനെ കുത്തികുറിച്ചു.

നിഷാ,
എന്ത് ഇവിടെ എഴുതണം എന്ന് എനിക്കറിയൂല്ലാ..ഓരോ തവണയും ഞാന്‍ നിന്നോട് പറയണം എന്ന് കരുതിയതാ..പക്ഷേ എങ്ങിനെ നീ അതിന് ഒരു മറുപടി തരും എന്ന് എനിക്ക് അറിയൂല്ലാ. ഇപ്പോ ഞാന്‍ എന്തും വരട്ടെ ന്ന് കരുതി പറയ്യാ..എനിക്ക് ഇഷ്ട്ടമാണ് നിന്നെ...
ഇങ്ങനെ എഴുതി ഞാന്‍ തന്നെ അവളുടെ അടുത്ത് ചെന്ന് കൊണ്ട് കൊടുത്തു...എന്നിട്ട് പറഞ്ഞു..“ഇതില്‍ ഞാന്‍ ഒരു കാര്യം എഴുതിയിട്ടുണ്ട്..വായിച്ച് റിപ്ലൈ തരണം..“
ഇത് കേട്ടതോടെ അവളുടെ മുഖം മാറി..സ്വപ്‌നത്തില്‍ ഞാന്‍ കണ്ട മുഖഭാവത്തിന്റെ വിപരീത ഭാവം ആയിരുന്നു അവളുടെ മുഖത്ത്...അവള്‍ അതും കൊണ്ട് ക്ലാസ്സിലേക്ക് പോയി..

പിറ്റേന്ന് ശനിയാഴ്ച. സാധാരണ വെള്ളിയാഴ്ചകളില്‍ മാതാശ്രീയൊടൊപ്പം വീട്ടില്‍ വന്ന് തിങ്കളാഴ്ച തിരിച്ച്‌ കുഞ്ഞുമ്മായുടെ വീട്ടില്‍ വരുന്നത്‌ ആണ്‌ പതിവ്‌. അന്ന് രാത്രി മാതാശ്രീ എന്റെ മുറിയില്‍ വന്നിട്ട്‌ ഒരു നോട്ട്ബുക്കിന്റെ ഒരു ഏട് എന്റെ മുന്നിലേക്ക് ഇട്ടു. എന്നിട്ട് ചോദിച്ചു.. “ എന്റെ മോനിക്ക് എന്ന് മൊതലാ ഇതൊക്കെ തൊടങ്ങിയേ??” എന്റെ മനസില്‍ ഒരായിരം വെള്ളിടി വെട്ടി.അതിലും എന്നെ വിഷമിപ്പിച്ചത് അവള്‍ ഇത് എന്നോട് ചെയ്‌തല്ലോ എന്നായിരുന്നു. മാതാശ്രീയോട് എന്ത് ഉത്തരം ഞാന്‍ പറയും? എല്ലാം അവള്‍ ഒരുത്തി കൊണ്ട് കുളം ആക്കീല്ലേ..മാതാശ്രീ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടാ‍യിരുന്നു...”ഇത് അവള് കൊണ്ട് തന്നോണ്ട് ആരും അറിഞ്ഞില്ല” അപ്പോള്‍ എന്റെ മനസില്‍ തോന്നിയത് ..“അതെന്താ...ഉമ്മമാരു പഠിപ്പിക്കുന്ന പിള്ളാരെ മക്കള്‍ ലൈനടിക്കുന്നതില്‍ മറ്റുള്ളവര്‍ക്ക് എന്ത് കാര്യം?” എന്നായിരുന്നു. പക്ഷെ മാതാശ്രീയുടെ പിച്ച് ആന്‍‌ഡ് ചൂരല്‍ കഷായം ഓര്‍ത്ത് അത് ഞാന്‍ തൊണ്ടയില്‍ തന്നെ വെച്ച് സ്‌റ്റോപ്പ് ചെയ്തു.

പക്ഷേ ഈ തവണ മാതാശ്രീ എന്ത് കൊണ്ടോ എന്നെ തല്ലിയുമില്ല വഴക്ക് പറഞ്ഞതുമില്ല..പക്ഷേ ഒരു ഒന്നാം തരം ഉപദേശം തന്നു...”എടാ..ഇത് പ്രേമിക്കാന്‍ ഉള്ള കാലൊന്നുമല്ല..ഇപ്പ നീ പഠിക്കാന്‍ നോക്ക്..പഠിച്ച് കഴിഞ്ഞ് നിനക്ക് ഒരു ജോലിയൊക്കെ ആയിട്ട്..അപ്പ അവളും കെട്ടാതെ ഇരിക്ക്യാണേല്‍, അവള്‍ക്കും ഇഷ്ട്ടാണേല്‍ നീ അവളെ കെട്ടിക്കോ‍.” ..ഇതായിരുന്നു ഉപദേശത്തിന്റെ ഒരു ചുരുക്കം.

അന്ന് രാത്രി മുതല്‍ നിഷ എന്റെ ആജന്മ ശത്രുവായി ഞാന്‍ പ്രഖ്യാപിച്ചു...അവളെ ഞാന്‍ തീരെ മൈന്‍‌ഡ് ചെയ്യാതെ ആയി..പിന്നെ തീരെ മിണ്ടിയിട്ടില്ലാ..എന്നാലും ഇടക്ക് ഒരോ നോട്ടം അവള്‍ നോക്കും..അത് കാണുമ്പോള്‍ എനിക്കുള്ള ദേഷ്യം..ങ്‌ഹൂം...!!

അങ്ങിനെ പത്താം ക്ലാസ് അവസാനം ആയി. എല്ലാവരും തിരക്ക് പിടിച്ച് ആട്ടോഗ്രാഫ് എഴുതിക്കുന്ന തിരക്കില്‍. ഞാനും ഒരു ഓട്ടോഗ്രാഫ് വാങ്ങി എല്ലാവരെ കൊണ്ടും എഴുതിച്ചു..പക്ഷേ നിഷയെ മാറ്റി നിര്‍ത്താന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.അവളെ കൊണ്ട് ഞാന്‍ അത് തൊടിച്ചില്ലാ..പക്ഷെ ക്ലാസ്സുകള്‍ അവസാനിക്കുന്ന ദിവസം അവളായിരുന്നു എന്റെ ആട്ടോഗ്രാഫ് കൊണ്ട് വന്ന് തന്നത്.
*********
“ എസ് എന്‍ പുരം..എസ് എന്‍ പുരം” എന്നുള്ള കിളിയുടെ കര്‍ണകഠോരമായ ഒച്ചയും പിന്നെ ബസിന്റെ ഡോറില്‍ ആഞ്ഞടിക്കുന്ന ഒച്ചയും കേട്ടാണ് എനിക്ക് പരിസര ബോധം വന്നത്.. ഇനിയും ഉണ്ട് 4 സ്‌റ്റോപ്പ്കള്‍ കൂടി..
വീട്ടില്‍ എത്തിയിട്ട് ഞാന്‍ എന്റെ മുറിയിലെ മുകളിലത്തെ സ്ലാബില്‍ പൊടിപിടിച്ച് കിടന്നിരുന്ന പഴയ കാര്‍ട്ടണ്‍ വലിച്ചിറക്കി..അതില്‍ നിന്നും എന്റെ പൊടി പിടിച്ച ചുവപ്പ് വെല്‍‌വെറ്റ് കൊണ്ട് പുറംചട്ടയുള്ള ആ ഓട്ടോഗ്രാഫ് ഞാന്‍ പുറത്തെടുത്തു...അതിന്റെ അവസാന താളില്‍ ഇങ്ങനെ കുറിച്ച് വെച്ചിരുന്നു....

“ഈ അവസാന പേജില്‍ എങ്കിലും ഇത് എഴുതാന്‍ വേണ്ടിയാണ് വാശി പിടിച്ച് ഹബീബയുടെ കയ്യില്‍ നിന്ന് ഇത് വാങ്ങിയത്....
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു...മറ്റാരും നിന്നെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍.
സ്വന്തം..അങ്ങിനെ എഴുതിക്കോട്ടെ..
നിഷ.”

Wednesday, July 4, 2007

കേക്ക് വേണോ...കേക്ക്..
ഒരു തീറ്റപ്രിയനായ എനിക്ക് എന്റെ ഒരു സുഹൃത്ത്‌ എന്നെ കൊതിപ്പിക്കാന്‍ വേണ്ടി അയച്ച് തന്നെ ചില കേക്ക് പോട്ടങ്ങളില്‍ ചിലത്. ബാക്കി പിന്നെ എപ്പോഴേലും പോസ്റ്റാം.

Tuesday, June 26, 2007

എയര്‍ ഇന്ത്യയും ഇന്ത്യനും പിന്നെ കുവൈത്തിന്റെ എയര്‍ലൈന്‍ ഉപരോധവും

ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാ വിമാനങ്ങളും ജൂലൈ 1 മുതല്‍ കുവൈത്തില്‍ ഇറങ്ങരുത്‌ എന്ന്‌ കുവൈത്ത്‌ അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നു. സംഭവം വളരെ "നിസ്സാരം". കുവൈത്ത്‌ എയര്‍വേസിനും ജസീറ എയര്‍ലൈന്‍സിനും കൂടുതല്‍ സര്‍വീസിന്‌ അനുമതി കൊടുക്കുന്നില്ല. എന്തായാലും നാളെ ഇന്ത്യന്‍ സിവില്‍ എവിയേഷന്‍ മേലാളന്മാരും കുവൈത്ത്‌ അധികൃതരും നാളെ ഒരു വട്ടമേശ സമ്മേളനം നടത്തും എന്നാണ്‌ പുതിയ കേള്‍വി.

ഇത്‌ കേട്ടപ്പോള്‍ കുറച്ച്‌ ഇവിടെ കുറിക്കണം എന്ന് തോന്നി. ഗള്‍ഫിലെ എത്‌ എയര്‍ലൈനുകള്‍ക്കും ഇന്ത്യ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യക്കൊ അല്ലെങ്കില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിനോ മാത്രം ഗള്‍ഫിലേക്ക്‌ മാത്രം സര്‍വീസ്‌ നടത്താന്‍ ഉള്ള അവകാശം. അതില്‍ തന്നെ ഇരു എയര്‍ലൈനുകളും ചൂഷണം ചെയ്യുന്നു. പ്രത്യേകിച്ച്‌ മലയാളികളെ. ഈയുള്ളവനും അതിന്റെ ചൂട്‌ കുറച്ച്‌ അറിഞ്ഞു. എയര്‍ ഇന്ത്യയുടെ ചെലവ്‌ കുറഞ്ഞ വിമാന സര്‍വീസ്‌ എന്ന് ഓമനപേരില്‍ വിളിക്കുന്ന എയര്‍ഇന്ത്യ എക്സ്‌പ്രസില്‍ ഞാന്‍ ദോഹക്ക്‌ പോകുവാന്‍ വേണ്ടി ടിക്കറ്റ്‌ നിരക്ക്‌ തിരക്കിയപ്പ്പ്പോള്‍ അവര്‍ പറഞ്ഞത്‌ വണ്‍വേ ഫെയര്‍ മാത്രം 19,000 രൂപ ആകും എന്ന്. ചിലവ്‌ ചുരുങ്ങിയത്‌ ഇങ്ങനെ ആകും എങ്കില്‍ മറ്റുള്ളതിന്‌ എങ്ങിനെ ആകും?

ഗള്‍ഫ്‌ രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ ഉള്ള വ്യോമയാന ഉടമ്പടി പ്രകാരം ഇന്ത്യക്ക്‌ അനുവദിച്ചിട്ടുള്ളതിനേക്കാളും കുറവിലാണ്‌ എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും സര്‍വീസ്‌ നടത്തുന്നത്‌. ഉദാഹരണത്തിന്‌ കൊച്ചി-ദുബായ്‌ സെക്റ്ററില്‍ 2000 സീറ്റ്‌ ആഴ്ചയില്‍ ഇന്ത്യക്ക്‌ അനുവദിച്ചിട്ടുണ്ട്‌ എങ്കില്‍ എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും കൂടെ ആഴ്ചയില്‍ സര്‍വീസ്‌ നടത്തുന്നത്‌ 1000 സീറ്റുകളില്‍ മാത്രം. ബാക്കി ഉള്ളത്‌ വെറുതെ കിടക്കുന്നു. അതെ സമയം ഗള്‍ഫ്‌ രാജ്യങ്ങളിലെ എയര്‍ലൈനുകള്‍ തങ്ങള്‍ക്ക്‌ കിട്ടിയത്‌ മുഴുവന്‍ സീറ്റുകളും അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. എന്നിട്ട്‌ ഇംഗ്ലീഷ്‌ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ചേര്‍ത്ത്‌ വെച്ച്‌ ഒാരോ ഫെയര്‍ പറയുകയും ചെയ്യും. ഇന്ത്യക്ക്‌ വേണം എങ്കില്‍ ഇന്ത്യയിലെ മറ്റ്‌ എയര്‍ലൈനുകള്‍ക്ക്‌ അനുമതി കൊടുക്കാം. പക്ഷെ ചെയ്യില്ല. അവര്‍ക്ക്‌ ഗള്‍ഫ്‌-ഇന്ത്യ (പ്രത്യേകിച്ച്‌ കേരള സെക്റ്റര്‍) സെക്റ്റര്‍ ഒരു ചക്കരകുടം തന്നെയാണ്‌. അതില്‍ നിന്നും ആര്‍ക്കും കൈയിട്ട്‌ വാരാന്‍ അവര്‍ അത്ര പെട്ടന്ന് സമ്മതിക്കും എന്ന് തോന്നുന്നില്ല.

ഇനി ഇവിടെയുള്ള ചിലവ്‌ കുറഞ്ഞ സ്വകാര്യ എയര്‍ലൈനുകള്‍ സര്‍വീസ്‌ തുടങ്ങിയാല്‍ തന്നെ അത്‌ ഗള്‍ഫ്‌ രാജ്യങ്ങളിലെ അധികൃതര്‍ സമ്മതിക്കുമോ എന്നും കണ്ടറിയണം. അവിടെ കുറച്ച്‌ കാലം മുന്‍പ്‌ മലേഷ്യന്‍ അധികൃതരോട്‌ കാണിച്ച ചങ്കൂറ്റം ഇവിടെയും കാണിച്ചാല്‍ മതിയായിരുന്നു. ചെലവു കുറഞ്ഞ എയര്‍ ഇന്ത്യ എക്സ്പ്രസിനും (ആ സെക്റ്ററില്‍ എപ്പോഴും ചിലവ്‌ കുറവാ)എയര്‍ സഹാറക്കും ക്വാലലമ്പൂരിലേക്ക്‌ സര്‍വീസ്‌ നടത്താന്‍ അനുമതി നല്‍കില്ല എന്ന് പറഞ്ഞു.. അപ്പോള്‍ ഇന്ത്യന്‍ സിവില്‍ എവിയേഷന്‍ അധികൃതര്‍ എന്നാല്‍ പിന്നെ ഒരു ഒറ്റ മലേഷ്യന്‍ എയര്‍ലൈന്‍സ്‌ ഫ്ലൈറ്റും ഇന്ത്യയിലേക്ക്‌ സര്‍വീസ്‌ നടത്തരുത്‌ എന്ന് അതേ നാണയത്തില്‍ തിരിച്ചടിച്ചു. അതോടെ അവര്‍ പത്തി മടക്കി. ഇതേ ആര്‍ജ്ജവം ഗള്‍ഫ്‌ അധികൃതരോടും കാണിച്ചാല്‍ നല്ലത്‌.

എന്തായാലും ദുബായിലെ തിരുവിതാകൂര്‍ ദേശക്കാര്‍ക്കും ഒന്നു കുറച്ച്‌ ബുദ്ധിമുട്ടിയാല്‍ കുറച്ച്‌ പൈസ ലാഭിക്കാം എന്നു കരുതുന്ന മറ്റ്‌ ദേശക്കാര്‍ക്കും ഉപകാരപ്പെട്ടേക്കാവുന്ന ഒരു എയര്‍ലൈന്‍ ജൂലൈ 1 മുതല്‍ തിരുവനന്തപുരത്തേക്ക്‌ സര്‍വീസ്‌ തുടങ്ങുന്നു. കൊളംമ്പോ വഴിയാണ്‌ യാത്ര ചെയ്യേണ്ടതും. കൂടുതല്‍ ആയിട്ട്‌ ഞാന്‍ ബൂലോക ക്ലബിലെ ഈ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്‌.

പക്ഷെ ഇതൊക്കെ ഇവര്‍ എത്ര കാലം കൊണ്ട്‌ നടക്കും എന്നും കണ്ടറിയണം. മലയാളികളെ (ഗള്‍ഫ്‌ മലയാളികളെ പ്രത്യേകിച്ചും) ഏതെല്ലാം തരത്തില്‍ ചൂഷണം ചെയ്യാം എന്ന് റിസര്‍ച്ച്‌ ചെയ്ത്‌ കൊണ്ടിരിക്കുന്നവര്‍ക്ക്‌ എതിരെ വേണ്ട രീതിയില്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൂട്ടായ്മ ഇല്ലെങ്കിലും അവനവന്‍ തന്നെ നിശബ്ദമായി പ്രതികരിച്ചാല്‍ മതി. അതു തന്നെ ഒരു കൂട്ടായ്മ ആയിക്കോളും.

Saturday, June 16, 2007

യാത്ര

യാത്രകള്‍ അയാള്‍ക്ക്‌ എന്നും
ഒരു ഹരമായിരുന്നു..
ഒരോ യാത്രയിലും അയാള്‍
അതിന്റെ അനുഭൂതി
കണ്ടു,അനുഭവിച്ചു...
പക്ഷേ,
അതു തന്നെ അയാള്‍
ജീവിത യാത്രയിലും
പകര്‍ത്താന്‍ ശ്രമിച്ചു..
മുന്നില്‍ ലക്ഷ്യ സ്ഥാനം
വളരെ അടുത്ത്‌..
പക്ഷേ
അതില്‍ നിറയെ
കുപ്പിച്ചില്ലുകളും മുള്ളുകളും
പിന്നെ കൂര്‍ത്ത കല്ലുകളും..
ലക്ഷ്യസ്ഥാനത്ത്‌ എത്താന്‍
അയാള്‍ സുഖകരമായ
പാത തേടിപോയി..
പക്ഷേ,
ആ സുഖകരമായ
പാതക്കരികില്‍ ഉള്ള
അഴുക്കുചാലുകള്‍ അയാള്‍
കണ്ടിട്ടും കണ്ടില്ലെന്ന്
നടിച്ചു...
പിന്നെ,
യാത്രക്കിടയില്‍ അയാള്‍
ആ അഴുക്കുചാലിലേക്ക്‌
വഴുതി വീണു..
പല തവണ..
എന്നിട്ടും അയാള്‍ യാത്ര
തുടര്‍ന്നു..
സഹയാത്രികരും
ഇത്‌ പോലെ തന്നെ..
എന്നിട്ടും അവര്‍ മൂക്ക്‌
പൊത്തി അവനോട്‌ പറഞ്ഞു..
"നിന്നെ നാറുന്നു"
കൂടെയുള്ളവര്‍ യാത്ര
അവസാനിപ്പിച്ചിട്ടും
അവന്‍ ലക്ഷ്യം തേടി പോയി..
പക്ഷേ ജീവിത സായഹ്നത്തില്‍
അയാള്‍ ഒറ്റക്ക്‌..
കൂട്ടിന്‌ അയാളുടെ നിഴലും..
അയാള്‍ തന്റെ ഉടയോനോട്‌
ചോദിച്ചു...
"തെറ്റ്‌ തിരുത്താന്‍ ഒരവസരം?"
ഉടയോന്‍ പറഞ്ഞു.
"എല്ലാവര്‍ക്കും അവസാനം
ചോദിക്കാന്‍ ഇതേ കാണൂ
മകനേ,
നീ എന്നിലേക്ക്‌ മടങ്ങാന്‍
തയ്യാറായികൊള്‍കാ..."
അയാള്‍ തന്റെ നിഴലിനെ
നോക്കി നെടുവീര്‍പ്പുതിര്‍ത്തു..
എന്നിട്ട്‌ പറഞ്ഞു..
"കുറച്ച്‌ നാള്‍ കൂടി
നീ എന്റെ കൂടെ..
പക്ഷെ അത്‌ എത്ര നാള്‍
അത്‌ കഴിഞ്ഞാല്‍
ഞാന്‍ തനിച്ചൊരു യാത്ര.."

Monday, June 4, 2007

വിദ്യാരംഭം

"മോനൂ...എഴുന്നേല്‍ക്കടാ..."

അമ്മയുടെ സ്നേഹപൂര്‍വ്വമായ വിളി കേട്ടാണ്‌ അവന്‍ കണ്ണു തുറന്നത്‌.. അവന്റെ മനസ്സില്‍ അപ്പോഴും ഒരു സംശയം..എന്തിനാ അമ്മ എന്നെ കുറച്ച്‌ നേരത്തെ വിളിച്ച്‌ എഴുന്നേല്‍പ്പിച്ചത്‌? അവന്‌ ഒരു നിശ്ചയം ഉണ്ടായിരുന്നില്ലാ..പിന്നെ അമ്മ അവനെ പല്ലു തേപ്പിച്ച്‌..ദേഹത്ത്‌ എണ്ണ ഒക്കെ തേപ്പിച്ചപ്പോള്‍..അവന്‍ കരുതി...

"ങാഹാ....അപ്പോള്‍ ഇന്ന് രാവിലെ തന്നെ ഒരു "റ്റാറ്റാ" പോകാന്‍ ഉണ്ടാകും. അല്ലെങ്കില്‍ അമ്മ എന്തിനാ ഇത്ര നേരത്തെ എന്നെ കുളിപ്പിക്കുന്നത്‌...."

റ്റാറ്റ പോകുന്ന സന്തോഷത്തില്‍ അവന്‍ അമ്മയോട്‌ ചോദിച്ചു..

"അമ്മേ ഇന്ന് എവിടേക്കാ റ്റാറ്റ പോകുന്നേ?"..

അമ്മ പറഞ്ഞു.." ഒരു സ്ഥലത്തേക്ക്‌..മോനുവിന്‌ അവിടെ ഒരുപാട്‌ ഇഷ്ടം ആകും..അവിടെ കളിക്കാന്‍ കുറെ കൂട്ടുകാര്‍ കാണും."

കേട്ടതോടെ അവനിക്ക്‌ ഒരുപാട്‌ സന്തോഷം ആയി..പിന്നെ അമ്മ അവനെ ഉടുപ്പ്‌ ഇടുവിച്ചപ്പോള്‍ അവന്‍ ശ്രദ്ധിച്ചു..അമ്മ എന്താ ഈ തവണ..വെള്ള ഷര്‍ട്ടും നീല ട്രൗസറും ഇടീപ്പിക്കുന്നത്‌? അയ്യേ...ഇത്‌ ഒരു ശേലില്ലാ...അവന്‍ അത്‌ അമ്മയോട്‌ പറഞ്ഞു..

"അമ്മേ..എനിക്ക്‌ ഇത്‌ വേണ്ടാ..വേറെ ഉണ്ടല്ലോ....എനിക്ക്‌ അത്‌ മതി..അമ്മ അപ്പോള്‍ പറഞ്ഞു..."മോനൂ...മോനുന്റെ കൂട്ടുകാരും ഇത്‌ പോലത്തെ ഷര്‍ട്ട്‌ ഒക്കെ ഇട്ടാ വരുന്നത്‌..."..

പിന്നെ അവന്റെ കുഞ്ഞി കാലില്‍ പുതിയ ചെരുപ്പ്‌ ഒക്കെ ഇടീച്ച്‌ അവനെ ഒരിക്കയപ്പ്പ്പോഴേക്കും...അവനെ കാത്തിരുന്നെന്ന വണ്ണം മഴ ചന്നം പിന്നം പെയ്യാന്‍ തുടങ്ങി..അപ്പോള്‍ അമ്മ അവനിക്ക്‌ മഴവില്ലിന്റെ നിറങ്ങള്‍ ഉള്ള ഒരു കുഞ്ഞിക്കുട അവനിക്ക്‌ നല്‍കി..കൂടെ ഒരു കുഞ്ഞ്‌ സഞ്ചിയും..അതു അവന്റെ കയ്യില്‍ കൊടുത്തിട്ട്‌ പറഞ്ഞു..

"മോനൂ..ഇതൊക്കെ സൂക്ഷിച്ച്‌ കൊണ്ട്‌ നടക്കണം.."

അപ്പോഴും അവന്റെ മനസില്‍ ചോദ്യം ഉയര്‍ന്നു..എന്റെ കൂടെ അമ്മ ഉണ്ടാകുമല്ലോ..പിന്നെ എന്തിനാ അമ്മ ഇങ്ങനെ ഒക്കെ എന്നോട്‌ പറയുന്നെ?..അപ്പോഴെക്കും മഴ നന്നായി കനത്ത്‌ പെയ്യുണ്ടായിരുന്നു..പക്ഷെ ഇപ്പോള്‍ അമ്മ അവനോട്‌ ഒന്നും പറഞ്ഞില്ല. അമ്മ അവന്റെ കുഞ്ഞികൈ പിടിച്ച്‌ ആ മഴയത്ത്‌ പതുക്കെ നടന്നു...പിന്നെ ഒരു കെട്ടിടത്തിന്റെ അകത്തേക്ക്‌ അമ്മ അവനെ കൂട്ടി കൊണ്ട്‌ പോയി..അപ്പോള്‍ അവിടെ ഉണ്ട്‌..തന്റെ അതേപോലെ വസ്ത്രങ്ങള്‍ അണിഞ്ഞ്‌ എത്തിയിരിക്കുന്ന തന്റെ സമപ്രായക്കാരെ....കുറേപേര്‍ അവിടെ ഇരുന്ന് കരയുന്നുണ്ടായിരുന്നു...നല്ല രസം..നല്ല ഒച്ച..അവന്‍ മനസില്‍ പറഞ്ഞു..അവിടെ ഉള്ള ഒരു അമ്മായിയോട്‌ അവന്റെ പേരു പറഞ്ഞ്‌ കഴിഞ്ഞു ആ അമ്മായിയെ ചൂണ്ടി കാണിച്ച്‌ അമ്മ പറഞ്ഞു

" മോനൂ...ഇതാണ്‌ മോനുവിന്റെ ടീച്ചര്‍.."

"ടീ-ച്ച-ര്‍??"

അത്‌ എന്തൂട്ട്‌ സാധനം എന്ന മട്ടില്‍ അവന്‍ അമ്മയെ നോക്കി...അപ്പോഴും അവന്‍ അവന്റെ അമ്മയുടെ കൈയില്‍ നിന്നും പിടി വിട്ടിരുന്നില്ല..പിന്നെ അമ്മ അവന്റെ കൈ വിടുവിച്ച്‌ പറഞ്ഞു..

"മോനൂ..അമ്മ കുറച്ച്‌ കഴിഞ്ഞ്‌ വരാം..മോനു നല്ല കുട്ടി ആയി ഇവിടെ ഇരിക്കണം.."

അവന്‍ ചോദിച്ചു.." അമ്മ എങ്ങോട്ട്‌ പോക്വാ?"..

അവന്റെ മനസില്‍ ആധിയായി...

"മോനു ഇവിടെ ഇരുന്ന് ഈ കൂട്ടുകാരും ഒക്കെ ആയിട്ട്‌ ഇരുന്ന് കളിക്കെം പഠിക്കേം ഒക്കെ ചെയ്യ്‌..അമ്മ ദാ ഇപ്പൊ വരാം ട്ടോ"

കേട്ടപ്പോള്‍ അവനിക്ക്‌ എന്തോ പോലേ..ഇത്രയും ആളുകള്‍ ഉണ്ടായിട്ടും അവന്‍ ഒറ്റപ്പെട്ടത്‌ പോലെ.....അവനിക്കും കരച്ചില്‍ വന്നു...പിന്നെ അതു വലിയ ഒച്ചയില്‍ ആയി..അപ്പോഴെക്കും അമ്മ അവന്റെ കൈ വിടുവിച്ച്‌ പുറത്തെക്ക്‌ നടന്നു..അമ്മ ജനലില്‍ അപ്പുറം മറയുന്നത്‌ അവന്റെ കണ്ണീരിനിടയിലൂടെ അവന്‍ കണ്ടു..

പിന്നെ കുറച്ച്‌ കഴിഞ്ഞപ്പോള്‍ ആ കറുത്ത ചുവരില്‍ എന്തൊക്കയൊ വരച്ച്‌ വെച്ചിരിക്കുന്നത്‌ അവന്‍ കണ്ടു...അതു ചൂണ്ടി ആ ടീച്ചര്‍ എന്നു അമ്മ പരിചയപ്പ്പ്പെടുത്തിയ അമ്മായി...ഒരു നീളന്‍ വടി എടുത്ത്‌ അതിനു നേരെ ചൂണ്ടി കാണിച്ച്‌കൊണ്ട്‌ പറഞ്ഞു...

"അ ആ ഇ ഈ..."

"അ- അമ്മ...."

അങ്ങിനെ അറിവിന്റെ ലോകത്തേക്ക്‌ അവനും ...........

Saturday, May 26, 2007

കാത്തിരിപ്പ്‌

കാത്തിരിക്കുന്നു ഞാന്‍...
ഒരു തുണ്ട്‌ കടലാസിലെരണ്ട്‌ വരികള്‍ക്കായ്‌...
എന്റെ മനസ്സിന്റെ വിങ്ങലകറ്റാന്‍
അതു മാത്രം മതിയെനിക്ക്‌...
നിന്‍ ഒരു സ്പര്‍ശനം നിനക്കുന്ന
നേരത്ത്‌ ഞാന്‍ അറിയുന്നു
നിന്റെ സാമീപ്യം..
എന്നാലും എത്ര നാളിങ്ങനെ..
നിന്‍ വാക്ക്‌ കേള്‍ക്കാതെ..
നിന്‍ സ്നേഹം തുടിക്കുന്ന
നോട്ടമേല്‍ക്കാതെ...
രാവേറേയാകുമ്പോള്‍,
നിന്‍ സാമീപ്യം
ഞാന്‍ കൊതിക്കുമ്പോള്‍...
നക്ഷത്രങ്ങള്‍ എനിക്ക്‌ വേണ്ടി
നിന്റെ ദൂതുമായി
എന്‍ അരികില്‍ വരും..
അതില്‍ ഞാന്‍ അറിയുന്നു
നിന്റെ ഏകാന്തതയുടെ
പൊള്ളുന്ന വാക്കുകള്‍..
നിന്റെ ഒരോ വാക്കിലും
ഞാന്‍ അറിയുന്നു..
ഞാന്‍ എത്ര മാത്രം
നിന്നില്‍അലിഞ്ഞ്‌ ചേരണമെന്ന്...
അന്ന്,
പിരിയുന്ന നേരത്ത്‌
നീയെന്നോട്‌ പറയാതെ
പറയുന്നുണ്ടായിരുന്നു..
"കാത്തിരിക്കണം..ഞാന്‍ വരും"
കാതിരിക്കുന്നു ഞാന്‍..
നിന്റെ ഒരു സ്പര്‍ശനത്തിനായി..
നിന്റെ സ്നേഹം തുടിക്കുന്ന..
ഒരു തലോടലിനായി...


കരിം മാഷിന്റെ ഈ ചെറുകഥ വായിച്ചപ്പോള്‍ എനിക്ക്‌ തോന്നിയത്‌ ഞാന്‍ ഇവിടെ കുറിച്ച്‌ വെക്കുന്നു

Sunday, January 7, 2007

വീണ്ടും ഒരു പ്രവാസി ഭാരതീയ ദിവസ്‌.

വീണ്ടും ഒരു പ്രവാസി ഭാരതീയ ദിവസ്‌. ഡെല്‍ഹിയിലെ വിജ്ഞാന്‍ ഭവന്‍ ഓഡിറ്റോറിയത്തില്‍ രണ്ടു ദിവസം അതില്‍ പങ്കെടുക്കുന്ന ആളുകള്‍ സൊറ പറഞ്ഞു പോകുമായിരിക്കും. പക്ഷേ, നമ്മുടെ നാട്ടിലേക്ക്‌ കൂടുതല്‍ പൈസ അയക്കുന്ന ഗള്‍ഫ്‌ സമൂഹത്തെ, വേറൊരു രാജ്യത്ത്‌ കഴിയുമ്പോഴും ഗൃഹാതുരത്വം സൂക്ഷിക്കുന്ന ഗള്‍ഫ്‌ മലയാളികള്‍ എന്ന സമൂഹത്തെ ഈ സമ്മേളനവും അവഗണിക്കാന്‍ ആണ്‌ സാധ്യത. കഴിഞ്ഞ തവണത്തേക്കാളും വ്യത്യസ്തമായി ഈ തവണ മലയാളി പ്രാധിനിത്യം കുറവ്‌ ആകും എന്നു കേള്‍ക്കുന്നു.

ഒരു മലയാളി പ്രവാസ കാര്യ മന്ത്രി ഉണ്ടായിട്ട്‌ കൂടി പ്രവാസി മലയാളികളുടെ, പ്രത്യേകിച്ച്‌ ഗള്‍ഫ്‌ മലയാളികളുടെ കാര്യത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ എന്നു കൂടി ആലോചിക്കേണ്ടതുണ്ട്‌. 8000-15000 രൂപക്ക്‌ ഇടയില്‍ ആണ്‌ ഒട്ടുമിക്കവരും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്‌. അതില്‍ അവിടെ ഉള്ള ചിലവും കഴിച്ച്‌ കിട്ടുന്ന പൈസ പിശുക്കി നാട്ടിലേക്ക്‌ അയക്കുന്ന ഗള്‍ഫ്‌ പ്രവാസി സമൂഹത്തെ അവഗണിക്കാറാണ്‌ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ചെയ്യുന്നത്‌.

അമേരിക്കയിലും ആസ്ത്രേലിയയിലും മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ളവര്‍ക്ക്‌ ഇരട്ട പൗരത്വം. എന്നാല്‍ കാലാ കാലങ്ങള്‍ ആയി ഗള്‍ഫ്‌ സമൂഹത്തിന്റെ വോട്ടവകാശം ( അങ്ങിനെ എങ്കിലും അവര്‍ക്ക്‌ പ്രതികരിക്കാന്‍ കഴിയട്ടെ) എന്ന ആവശ്യം അതു പോലെ കിടക്കുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക്‌ കുടിയേറുന്നവര്‍ സാധാരണ ഇന്ത്യയിലേക്ക്‌ മടങ്ങി വരുന്നത്‌ വളരെ ചുരുക്കം.( അമേരിക്കന്‍,അല്ലെങ്കില്‍ മറ്റ്‌ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെ ഞാന്‍ ആക്ഷേപിക്കുകയല്ല. അവരുടെ സേവനങ്ങളെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു) എന്നാല്‍ ഇന്ത്യയിലേക്ക്‌ മടങ്ങി വരുന്ന ഗള്‍ഫ്‌കാരന്‌ ഒരു വോട്ട്‌ ചെയ്യാന്‍ ഉള്ള അവകാശം ഇല്ല എന്നു പറയുന്നത്‌ ഇരട്ടത്താപ്പ്‌ തന്നെ ആണ്‌.

പ്രധാനമായും രണ്ട്‌ ആവശ്യങ്ങള്‍ ആണ്‌ ഗള്‍ഫ്‌ മലയാളികള്‍ക്കുള്ളത്‌. ഒന്നു വിമാന യാത്രാ കൂലി. ഗള്‍ഫ്‌ മലയാളികളുടെ ക്ഷേമപ്രവര്‍ത്തങ്ങള്‍. ഇതില്‍ രണ്ട്‌ കാര്യങ്ങളിലും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തികഞ്ഞ അലംഭാവം ആണ്‌ കാണിക്കുന്നത്‌. നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ വലിയ ഒരു അളവു വരെ സഹായകമാകുന്ന ഗള്‍ഫ്‌ മലയാളികളെ കൂടുതല്‍ എങ്കിനെ പിഴിയാം എന്നു അല്ലാതെ വേറെ ഒരു കാര്യവും സര്‍ക്കാര്‍ ശ്രദ്ദിക്കാറില്ല

ഇന്ന് മിക്കവര്‍ക്കും സൗജന്യ വിമാനയാത്ര ലഭിക്കുന്നുണ്ടാകാം. പക്ഷെ ഇതൊന്നും കിട്ടാതെ ഉള്ള വളരെ അധികം ആളുകള്‍ ഗള്‍ഫ്‌ സമൂഹത്തില്‍ ഉണ്ട്‌. അവര്‍ തങ്ങള്‍ക്ക്‌ കിട്ടുന്നതില്‍ നിന്നു പിശുക്കി കിട്ടുന്നതില്‍ ഒരു പങ്ക്‌ നാട്ടിലേക്കും ബാക്കി ഉള്ളത്‌ നാട്ടിലേക്ക്‌ വരുമ്പോള്‍ കൊണ്ട്‌ വരാനും വേണ്ടി ഇരിക്കുമ്പോള്‍ ആണ്‌ വിമാന കമ്പനിക്കാരുടെ പകല്‍ കൊള്ള. ഇതിന്‌ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌ ഇന്ത്യന്‍ വെള്ളാന കമ്പനികള്‍ ആയ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും. നഷ്‌ടത്തിലോടുന്ന സര്‍വീസ്സുകള്‍ നിര്‍ത്തലാക്കാതെ ആ നഷ്‌ടം നികത്താന്‍ വേണ്ടി ഗള്‍ഫ്‌ സമൂഹത്തെ ആണ്‌ മിക്കപ്പോഴും ഈ വിമാന കമ്പനികള്‍ പിഴിയുന്നത്‌. എന്തെങ്കിലും പ്രതികരിക്കാം എന്നു വെച്ചാല്‍ തന്നേയും ഇവര്‍ അത്‌ ഏത്‌ വിധേനയും ഇല്ലാതെ ആക്കും. നേരത്തെ പറഞ്ഞ 8000-15000 രൂപ മാസശമ്പളം വാങ്ങുന്ന ഒരു ഗള്‍ഫ്‌കാരന്റെ മക്കള്‍ക്ക്‌ ഏതെങ്കിലും പ്രൊഫഷനല്‍ കോളേജില്‍ ചേരണം എങ്കില്‍ അയാള്‍ കുത്ത്‌പാളയെടുക്കും. ( സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന എന്‍.ആര്‍.ഐ മക്കളുടെ കാര്യം അല്ല ) അവിടെയും ഒരു സാദാ എന്‍.ആര്‍.ഐ ക്ക്‌ പക്ഷപാതം

എല്ലാത്തിനും വേണ്ടത്‌ കൂട്ടായ പരിശ്രമം ആണ്‌. കാലുവാരികളെ തിരിച്ചറിഞ്ഞ്‌,അവര്‍ ചെയ്യുന്നത്‌ തടഞ്ഞ്‌, തങ്ങളുടെ സഹോദരങ്ങള്‍ക്ക്‌ വേണ്ടി ആണ്‌ ഇത്‌ ചെയ്യുന്നത്‌ എന്ന ബോധത്തോടെ ഇതിനു വേണ്ടി ഇറങ്ങിയാല്‍ കാര്യം നേടാം. അല്ലെങ്കില്‍ മീറ്റിങ്ങുകളും പ്രതിഷേധങ്ങളും നിര്‍ബാധം തുടരും