Saturday, December 30, 2006

അങ്കിള്‍ സാം അറിയാന്‍

അങ്കിള്‍ സാം അറിയാന്‍,

ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുന്നതിനു മുന്‍പ്‌ എനിക്ക്‌ താങ്കളോട്‌ കുറച്ച്‌ കാര്യം പറയാന്‍ ഉണ്ട്‌. "ലോക സമാധാനം" ഉണ്ടാക്കുവാന്‍ ഇറങ്ങി പുറപ്പെട്ട താങ്കള്‍, താങ്കളുടെ "പുത്തന്‍ ലോക സമാധാന ആശയം" കാരണം സ്വര്‍ഗ്ഗത്തിലേക്ക്‌ എന്നെ കൂട്ടി കൊണ്ടു പോകാന്‍ വരുന്ന മാലാഖമാരെ കാത്തിരിക്കുന്ന ഈയുള്ളവന്റെ ദീനരോദനത്തിനു പുല്ലുവിലയേ കല്‍പ്പിക്കൂ എന്നു എനിക്കു അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല.


ഞാന്‍ ഈ കത്ത്‌ താങ്കള്‍ക്കു എഴുതുമ്പോഴും എന്റെയും എന്റെ അമ്മയുടെയും ശവശരീരം അവിടെ നിന്നു നീക്കിയിട്ടില്ല. ശവശരീരം എന്നു കണ്ടപ്പോള്‍ താങ്കള്‍ കരുതും അതു എന്താ അങ്ങിനെ എഴുതാന്‍ എന്ന്. അതെ ഞാന്‍ ഒരു ഗര്‍ഭസ്ഥശിശു ആയിരുന്നു. ഈ ലോകത്തേക്കു വരാന്‍ വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആണ്‌ താങ്കളുടെ നാട്ടിലെ ജനങ്ങള്‍ അവരുടെ സമ്പാദ്യത്തിന്റെ ഒരു പങ്ക്‌ നല്‍കി ഞങ്ങളുടെ നാട്ടില്‍ "സമാധാനം" പുലര്‍ത്താന്‍ വേണ്ടി വേഷം കെട്ടിച്ച്‌ അയച്ചവരില്‍ ഒരുത്തന്‍ എന്റെ അമ്മയുടെ നിറവയറിലേക്ക്‌ നിറയൊഴിച്ചത്‌. എന്റെ അമ്മ അയാളോട്‌ കേണപേക്ഷിക്കുന്നത്‌ ഞാന്‍ എന്റെ അമ്മയുടെ സുരക്ഷിത കവചത്തില്‍ ഇരുന്നു കൊണ്ട്‌ കേള്‍ക്കുന്നുണ്ടായിരുന്നു. അതും അവര്‍ക്കു വേണ്ടി അല്ലായിരുന്നു. ഭൂമിയിലേക്ക്‌ വരാന്‍ ദിവസങ്ങള്‍ മാത്രമുള്ള എനിക്കു വേണ്ടി ആയിരുന്നു. പക്ഷേ, ആ പട്ടാളക്കാരന്‍ "ഇവന്‍ വലുതാകുമ്പോള്‍ ഞങ്ങള്‍ക്ക്‌ ഭീഷണി ആകും. അത്‌ കൊണ്ട്‌ ഇപ്പോഴെ എല്ലാം തീര്‍ത്ത്‌ തരാം" എന്നു പറഞ്ഞ്‌ കൊണ്ട്‌ എന്റെ അമ്മയുടെ വയറിനു (എന്റെയും) നേര്‍ക്ക്‌ തന്റെ യന്ത്രത്തോക്ക്‌ ഉപയോഗിച്ച്‌ നിറയൊഴിച്ചു. അതില്‍ നിന്നും വിസര്‍ജ്ജിച്ച 6 വെടിയുണ്ടകള്‍ എന്റെ അമ്മയുടെ വയറും എന്റെ നെഞ്ചുംകൂടും തകര്‍ത്ത്‌ എന്റെ അമ്മയുടെ നട്ടെല്ല് പിളര്‍ന്ന് പോകാന്‍ അധികം താമസം വേണ്ടി വന്നില്ല. മരണ വെപ്രാളത്തിനിടയിലും എന്റെ അമ്മയുടെ കൈകള്‍ അമ്മയുടെ വയറിനു മേലെ ആയിരുന്നു. എന്നെ അപ്പോഴും അമ്മയുടെ കൈകള്‍ തടവുന്നുണ്ടായിരുന്നു. എന്റെ ജീവന്റെ തുടിപ്പ്‌ എന്റെ അമ്മയുടെ വയറ്റില്‍ അവശേഷിക്കുന്നുണ്ടോ എന്നു അറിയാന്‍ വേണ്ടി....

എത്ര പേരുടെ സ്വപ്മങ്ങള്‍ ആണ്‌ താങ്കളും താങ്കളുടെ ആ പട്ടാളക്കാരനും കൂടെ തകര്‍ത്തത്‌? ഈ ലോകം കാണാനും കേള്‍ക്കാനും അത്‌ ആസ്വദിക്കാനും വെമ്പി നില്‍ക്കുകയിരുന്ന എന്റെ...എന്നെ ചേര്‍ത്ത്‌ പിടിച്ച്‌, എനിക്ക്‌ ചൂടു നല്‍കി, അമ്മിഞ്ഞ നല്‍കി അതില്‍ നിര്‍വൃതി അടയുന്ന എന്റെ അമ്മയുടെ, എന്നെ വെച്ച്‌ സ്വപ്നങ്ങള്‍ കണ്ടിരുന്ന എന്റെ പിതാവിന്റെ..തങ്ങള്‍ക്ക്‌ ഒരു കൂടപ്പിറപ്പ്‌ വരുന്നു എന്നു സന്തോഷിച്ചിരുന്ന എന്റെ സഹോദരങ്ങളുടെ..അങ്ങിനെ എത്ര പേരുടെ..

അങ്കിള്‍ സാം, ഞാന്‍ ഒന്നു ചോദിക്കട്ടെ. താങ്കളും താങ്കളുടെ പട്ടാളവും വല്ല ഉപകരണവും കണ്ടു പിടിച്ചിട്ടുണ്ടോ ഗര്‍ഭസ്ഥ ശിശു ഒരു ഭീകരന്‍ ആണ്‌ എന്നു അറിയാന്‍ വേണ്ടി? കണ്ട്‌ പിടിച്ചിരുന്നു എങ്കില്‍ അത്‌ നേരത്തെ കണ്ടു പിടിക്കണം ആയിരുന്നു. കൃത്യം ആയി പറഞ്ഞാല്‍ 60 കൊല്ലങ്ങള്‍ക്ക്‌ മുന്‍പ്‌ അത്‌ ഉണ്ടാക്കി താങ്കളുടെ പിതാവ്‌ ബുഷ്‌ സീനിയര്‍ക്ക്‌ നല്‍കണം ആയിരുന്നു. അതെ, ഞങ്ങളുടെയും ഈ ലോകത്തിനു മുന്‍പിലും താങ്കള്‍ ആണ്‌ ഭീകരവാദി

അങ്കിള്‍ സാം, എന്റെ നാട്ടില്‍ സമാധാനം പുലരുന്നില്ല എന്ന് പറഞ്ഞ്‌ കൊണ്ട്‌ ഞങ്ങള്‍ താങ്കളെയും താങ്കളുടെ പട്ടാളത്തെയും വിളിച്ച്‌ വരുത്തിയതാണോ? ഞങ്ങളുടെ രാജ്യം ഭീകരവാദത്തിനു വളം വെച്ച്‌ കൊടുക്കുന്നു എന്നു പറഞ്ഞ്‌ ഇവിടെ ഉള്ള പാവങ്ങളെ കൊന്നു കൊല വിളിച്ചതിനു ശേഷവും ഈ ലോകത്ത്‌ താങ്കള്‍ക്കും താങ്കളുടെ ഏറാന്മൂളികള്‍ക്കും സമാധാനം ഉണ്ടാക്കാന്‍ കഴിഞ്ഞുവോ? താങ്കളും താങ്കളുടെ ശിങ്കിടികളും എന്റെ രാജ്യത്തേക്ക്‌ വരുന്നതിനു മുന്‍പേ തന്നെ താങ്കളും താങ്കളുടെ സഖ്യ രാജ്യങ്ങളും പിന്നെ താങ്കളുടെ താളത്തിനൊത്ത്‌ തുള്ളുന്ന യു.എന്‍ എന്ന നോക്കുകുത്തിയും ചേര്‍ന്ന് എന്റെ രാജ്യത്തിലെ ലക്ഷകണക്കിനു കുഞ്ഞുങ്ങളെ ഉപരോധം എന്ന പേരു പറഞ്ഞ്‌ പട്ടിണിക്കിട്ട്‌ കൊന്ന്, അവരുടെ സ്വപ്നങ്ങളെയും, ഒരു രാജ്യത്തിന്റെ തന്നെ ഭാവിയും ചവിട്ടി മെതിച്ചില്ലേ?


ഒന്നു ഓര്‍ക്കുക. താങ്കള്‍ പടച്ച്‌ വിട്ട ഒരോ ആയുധവും താങ്കള്‍ക്ക്‌ നേരെ തിരിച്ചടിക്കും. സത്യം എല്ലാ കാലത്തും മൂടി വെക്കാന്‍ താങ്കള്‍ക്കൊ, താങ്കളുടെ പണകൊഴുപ്പ്‌ കൊണ്ടു ഉണ്ടാക്കിയ ശാസ്ത്രത്തിനോ, ശാസ്ത്രഞ്ജന്മാര്‍ക്കോ, താങ്കളുടെ വാലാട്ടികള്‍ക്കൊ സാധിക്കില്ല. ഒരിക്കല്‍ താങ്കള്‍ അല്ലെങ്കില്‍ താങ്കളുടെ പിന്‍ഗാമിയൊ ഇതില്‍ പരിതപിക്കേണ്ടി വരും. ഒന്നു തീര്‍ച്ച, ഈ ലോകത്ത്‌ എത്‌ കോടതി താങ്കള്‍ക്ക്‌ ശിക്ഷ വിധിച്ചില്ലെങ്കില്‍ കൂടി ദൈവത്തിന്റെ കോടതിയില്‍ താങ്കള്‍ പ്രതികൂട്ടില്‍ ആയിരിക്കും. അന്ന് ഞാനും എന്നെ പോലെ ഉള്ള ലക്ഷകണക്കിനു കുട്ടികളും താങ്കള്‍ക്കെതിരെ സാക്ഷി പറയും. ദൈവം താങ്കളെ രക്ഷിക്കട്ടെ എന്നു ഞാന്‍ പറഞ്ഞാല്‍ തന്നെയും ദൈവം താങ്കളെ രക്ഷിക്കുമൊ? അറിയില്ല. എങ്കിലും പറയുന്നു.. ദൈവം താങ്കളെ രക്ഷിക്കട്ടെ..താങ്കള്‍ക്ക്‌ നല്ല ബുദ്ധി ഉണ്ടാകട്ടെ.. നിറുത്തുന്നു.


എന്ന്,
ബാഗ്ദാദ്‌ തെരുവുകളില്‍ കളിച്ച്‌ നടക്കേണ്ട
ഒരു കുഞ്ഞിന്റെ ആത്മാവ്‌.

Sunday, December 24, 2006

ബ്ലോഗിങ്ങിന്റെ ലോകത്തേക്കു ഞാനും.

എല്ലാവര്‍ക്കും നമസ്കാരം.അങ്ങിനെ ഞാനും ഒരു ബ്ലോഗന്‍ ആയി.ഞാനും ഒരു ബ്ലോഗന്‍ ആയതില്‍ എനിക്കു ഒരു പാടു സന്തോഷം ഉണ്ട്‌. ഒരു തുടക്കകാരന്‍ എന്ന നിലയില്‍ കുറച്ച്‌ പോരായ്മ കാണുമായിരിക്കും. അതു കൊണ്ടു ആദ്യം വരുന്ന തെറ്റുകള്‍ ചൂണ്ടി കാണിച്ച്‌ അതു തിരുത്തുവാന്‍ എല്ലാവരും സഹായിക്കണം. കേട്ടല്ലൊ പഴയ ബ്ലോഗന്മാരെ ..ബ്ലോഗ്ഗിമാരെ..കുറച്ച്‌ കാലം ആയി ബ്ലോഗിങ്ങിനെ പറ്റി ഒരു പാടു കേള്‍ക്കുന്നു. എന്താണു സംഭവം എന്നു നോക്കിയപ്പോള്‍ ബ്ലോഗിംഗ്‌ എനിക്കും ഇഷ്ടം ആയി.പിന്നെ ഞാന്‍ ഒരു വിദ്യാര്‍ഥി ആയതു കൊണ്ടു അധിക സമയം ഒന്നും ഇതില്‍ ഇരിക്കാനും പറ്റില്ല. എന്നാലും എന്നെ കൊണ്ടു ആകുന്ന പോലെ ഞാന്‍ ഇവിടെ വന്നു കുറച്ച്‌ നേരം എനിക്ക് പറ്റുന്നത് പോലെ എന്തെങ്കിലും കോണ്ട്രീബ്യൂട്ട് ചെയ്യാം എന്നു കരുതുന്നു.നാട്ടു വിശേഷങ്ങള്‍ ഒാരോന്നു പിന്നീട്‌ പോസ്റ്റ്‌ ചെയ്യാം. അപ്പോള്‍ ശരി. എല്ലാം പറഞ്ഞതു പോലെ.നിങ്ങളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകുമെന്ന പ്രതിക്ഷയോടെ ഞാന്‍ തുടങ്ങട്ടെ..